ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് സാനിയ അയ്യപ്പന്‍. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ച നടി പിന്നീട് ക്വീന്‍ എന്ന മലയാള ചിത്രത്തില്‍ നായികയായി തിളങ്ങി. ഏറ്റവും ഒടുവില്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ എമ്പുരാന്‍ എന്ന ചിത്രത്തിലാണ് സാനിയ വേഷമിട്ടത്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാനിയ. നിരവധി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ 23ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രവുമായി എത്തിയിരിക്കുകയാണ് സാനിയ. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച ചിത്രത്തിന് താഴെ ചിലര്‍ നടിക്കെതിരെ അധിക്ഷേപം ചൊരിയുകയാണ്.
ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന ക്യാപ്ഷനോടെയാണ് സാനിയ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെയാണ് വിമര്‍ശനങ്ങള്‍ എത്തിയത്. നടിയുടെ ഗ്ലാമര്‍ വസ്ത്രധാരണത്തിനെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള എന്‍ട്രി ഫീസ് ഒരു ഷോട്ട് മദ്യമാണെന്ന് എഴുതി വച്ചതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ലഹരിക്കെതിരായ ഇത്രയും പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ പരസ്യമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ് എന്നുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
23-ാം പിറന്നാളാണ് സാനിയ ആഘോഷമാക്കിയത്. അപര്‍ണ തോമസ്, ജീവ, ഗബ്രി എന്നീ സുഹൃത്തുക്കളും സാനിയയുടെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. റിയാലിറ്റി ഷോ വഴിയാണ് സാനിയ സിനിമയിലെത്തുന്നത്. ക്വീന്‍ എന്ന ചിത്രത്തിലൈ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
പിന്നീട് പ്രേതം 2, ലൂസിഫര്‍, ദ പ്രീസ്റ്റ്, തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. എമ്പുരാന്‍ ആണ് നടിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.