Latest News

കുറച്ചുനാള്‍ മുന്‍പ് ഒരു ബലാത്സംഗ പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു; ഹേറ്റ് കാമ്പെയ്ന്‍ ശ്രദ്ധിച്ചപ്പോള്‍ മരിച്ചതാണോ കൊന്നുതളളിയതാണോ എന്നുപോലും അറിയില്ല; വ്ലോഗര്‍ ജുനൈദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സനല്‍ കുമാര്‍ ശശിധരന്‍

Malayalilife
കുറച്ചുനാള്‍ മുന്‍പ് ഒരു ബലാത്സംഗ പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു;  ഹേറ്റ് കാമ്പെയ്ന്‍ ശ്രദ്ധിച്ചപ്പോള്‍ മരിച്ചതാണോ കൊന്നുതളളിയതാണോ എന്നുപോലും അറിയില്ല; വ്ലോഗര്‍ ജുനൈദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സനല്‍ കുമാര്‍ ശശിധരന്‍

വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ജുനൈദിനെതിരായ കേസില്‍ അയാള്‍ നിരപരാധിയാണോ അല്ലയോ എന്ന് തെളിയിക്കാന്‍ ഇനി ആകിലെന്നും മരിച്ചതാണോ കൊന്നുതളളിയതാണോ എന്നുപോലും അറിയില്ലെന്ന് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു. 
 
 സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പ് വായിക്കാം: 

വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ചുനാള്‍ മുന്‍പ് ഒരു ബലാത്സംഗ പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാള്‍ക്കെതിരെയുണ്ടായ ഒരു ഹേറ്റ് കാമ്പെയിന്‍ ശ്രദ്ധിച്ചപ്പോള്‍ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാള്‍ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാള്‍ ആ കേസ് നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുള്ളതായി ഒരു യുട്യൂബ് ചാനലില്‍ കണ്ടു. അതില്‍ പക്ഷെ അയാള്‍ പറയുന്നത് കേള്‍പ്പിക്കുകയല്ല ചെയ്തിരിക്കുന്നത് അയാള്‍ പറയുന്നതിനെ ഇടയ്ക്കും മുറയ്ക്കും മുറിച്ച് കളിയാക്കിക്കൊണ്ടുള്ള ഒന്ന്.

അയാളുടെ വ്ലോഗ് നോക്കാന്‍ വേണ്ടി കുറേ വാര്‍ത്തകള്‍ തപ്പി. ഒന്നിലും അയാളുടെ മുഴുവന്‍ പേരില്ല. ഏതാണ് അയാളുടെ വ്ലോഗ് എന്നില്ല. വ്ലോഗര്‍ ജുനൈദ് അപകടത്തില്‍ മരിച്ചു എന്ന് മാത്രം.  അയാള്‍ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാന്‍ അയാള്‍ക്ക് കഴിയില്ല. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനില്‍ക്കുമ്പോഴാണ് അയാള്‍ മരിച്ചുപോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ല. എന്തായാലും അയാള്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാതെ അയാളെ വിധിച്ചവര്‍ക്ക് ഇനി സത്യം എന്തായാലും പ്രശ്നമില്ല. അവര്‍ അടുത്ത ഇരയെ തേടും.

മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ജുനൈദിന്റെ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തലയുടെ പിന്‍ഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

എന്നാല്‍ മദ്യപിച്ചതാണ് വാഹനാപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രക്ത സാമ്പിള്‍ വിദഗ്ധ പരിശോധനക്കയക്കുമെന്ന് പൊലീസ് അറിയിച്ചു. ജുനൈദ് അലക്ഷ്യമായി വാഹനമോടിച്ചതായും പരാതിയുണ്ടായിരുന്നു. അപകടത്തിന് തൊട്ട് മുമ്പാണ് പൊലീസ് കണ്ട്രോള്‍ റൂമില്‍ പരാതി ലഭിച്ചത്.
 

sanal kumar sasidharan ABOUT vlogger accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES