ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേയുണ്ടായ വധഭീഷണിക്കേസില്‍ ഗാനരചയിതാവ് അറസ്റ്റില്‍. സല്‍മാന്‍ അഭിനയിക്കുന്ന അടുത്ത ചിത്രമായ മേന്‍ ഹൂന്‍ സിക്കന്ദര്‍ എന്ന സിനിമയിലെ ഗാനമെഴുതുന്ന യൂട്യൂബര്‍ കൂടിയായ റസീല്‍ പാഷ എന്ന് അറിയപ്പെടുന്ന സൊഹൈല്‍ പാഷ ആണ് പിടിയിലായത്. സല്‍മാനെ പ്രകീര്‍ത്തിച്ചെഴുതിയ ഗാനം ശ്രദ്ധേയമാകാനും കൂടുതല്‍ പണം ലഭിക്കാനുമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഇയാളുടെ മൊഴി.
നവംബര്‍ ഏഴിന് ആയിരുന്നു മുംബൈ പൊലീസിന്റെ വാട്‌സ്ആപ്പ് ഹെല്‍പ് ലൈനില്‍ ഭീഷണി സന്ദേശം എത്തിയത്. 5 കോടി രൂപ നല്‍കിയില്ലെങ്കില്‍ ബിഷ്ണോയിയെ കുറിച്ച് പരാമര്‍ശമുള്ള മേ സിക്കന്ദര്‍ ഹൂം പാട്ടിന്റെ എഴുത്തുകാരനെയും സല്‍മാന്‍ ഖാനെയും വധിക്കുമെന്നായിരുന്നു സന്ദേശം.
ഗാനരചയിതാവിനെ ഇനി പാട്ട് എഴുതാന്‍ കഴിയാത്തവിധം ആക്കുമെന്നും സല്‍മാന് ധൈര്യമുണ്ടെങ്കില്‍ അയാളെ രക്ഷിക്കാനും സന്ദേശത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റൈച്ചൂരിലുള്ള വെങ്കടേഷ് നാരായണ്‍ എന്നയാളുടെ ഫോണില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തുകയായിരുന്നു.
എന്നാല്‍ ഈ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരുന്നില്ല. പക്ഷെ വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഒടിപി നമ്പര്‍ വെങ്കടേഷിന്റെ ഫോണില്‍ വന്നത് ശ്രദ്ധിച്ച പൊലീസ് കൂടുതല്‍ ചോദ്യം ചെയതപ്പോഴാണ് മാര്‍ക്കറ്റില്‍ വച്ച് ഒരാള്‍ കോള്‍ ചെയ്യാന്‍ തന്റെ ഫോണ്‍ വാങ്ങിയിരുന്ന കാര്യം ഇയാള്‍ പറഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൊഹൈലാണ് വെങ്കടേഷിന്റെ ഫോണ്‍ ഉപയോഗിച്ച് ഭീഷണി സന്ദേശം അയച്ചതെന്ന് തെളിയുകയായിരുന്നു. സൊഹൈലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തിച്ചു. ഇയാളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു