നടനും സംവിധായകനുമായ ലാലിനൊപ്പമുളള തന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിംകുമാര്‍ കുറിച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ലാലിനൊപ്പമുളള ചിത്രവും പിന്നീട് ഈയടുത്ത് പകര്‍ത്തിയ ചിത്രവുമാണ് ചന്തു ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെ;
'' 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ്,തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സന്‍സ് ഹോട്ടലില്‍ നടക്കുന്നു...ആദ്യമായി ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നതിന്റെ ഭയപ്പാടില്‍, മാറിയിരുന്നിരുന്ന ആ കൊച്ചുകുട്ടിയെ, ഒരാള്‍ എടുത്തുകൊണ്ട് വന്ന് മടിയില്‍ ഇരുത്തി ഫോട്ടോ എടുപ്പിച്ചു....23 വര്‍ഷങ്ങള്‍ക്ക് ശേഷം..മഞ്ഞുമ്മല്‍ ബോയ്സിന്റെ പൂജ കൊടൈക്കനാലില്‍ നടക്കുന്നു..ആദ്യമായി ഒരു സിനിമയില്‍ മുഴുനീള കഥാപാത്രം ചെയ്യുന്നതിന്റെ പേടിയും, പിരിമുറുക്കവും എല്ലാം പ്രകടിപ്പിച്ചു നില്‍ക്കുന്ന ആ ചെറുപ്പക്കാരനെ, ഒരു കൊച്ചുകുട്ടിയെ പോലെന്നോണം...അന്നും ഒരാള്‍ അടുത്തേക്ക് വിളിച്ചു നിര്‍ത്തി ഫോട്ടോ എടുപ്പിച്ചു...അന്ന് ആ ചെറുപ്പക്കാരന്‍ ഒരു കൊച്ചുകുട്ടിയായി..
ഇതൊക്കെ ചെറിയ കാര്യങ്ങള്‍ അല്ലേ ? ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ?ചെറിയ കാര്യങ്ങള്‍ ഒന്നും അത്ര ചെറുതല്ല...!'' , ചന്തു കുറിച്ചതിങ്ങനെ.
ചിദംബരം സംവിധാനം ചെയ്യുന്ന ' മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായാണ് ചന്തു അഭിനയിക്കുന്നത്. ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മാലിക്'. സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന്‍ ചന്തു ആയിരുന്നു.
മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ സലിം കുമാര്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ നായക കഥാപാത്രമായി സലീം കുമാര്‍ അരങ്ങേറ്റം കുറിച്ചു. 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലെ അഭിനയത്തിന് 2010-ല്‍ സലീം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും 2010-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു