മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'സേതുരാമയ്യര്‍ സിബിഐ'യിലെ ആ പ്രശസ്തമായ തല്ല് സീന്‍ തിരക്കഥയില്‍ ഇല്ലാതിരുന്നതാണെന്ന് നടന്‍ സായ് കുമാര്‍. താന്‍ നിര്‍ബന്ധിച്ച് ചോദിച്ചുവാങ്ങിയ അടിയായിരുന്നു അതെന്നും മമ്മൂട്ടിയും സംവിധായകന്‍ കെ. മധുവും ആദ്യം ഇതിനോട് യോജിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പുതിയ ചിത്രമായ 'മധുവിധു'വിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് സായ് കുമാര്‍ പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
സാമി ഒന്ന് നിന്നേ, അങ്ങനങ്ങ് പോയാലോ' എന്ന് സായ്കുമാറിന്റെ കഥാപാത്രം പറയുമ്പോള്‍, മമ്മൂട്ടി അയാളുടെ മുഖത്തടിച്ച് 'ഇനി പോകാലോ' എന്ന് ചോദിക്കുന്ന ഒരു രംഗം വളരെ ഹിറ്റായിരുന്നു. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ട്രോളായി എത്തിയിരുന്നു. ഇപ്പോഴിതാ ഈ സീനിനെക്കുറിച്ച് പറയുകയാണ് സായി കുമാര്‍.
'ആ അടി ഞാന്‍ ചോദിച്ചു വാങ്ങിയതാണ്. മമ്മൂക്കയോട് പോയി ഒരു അടി വേണമെന്ന് പറഞ്ഞപ്പോള്‍ 'പോടാ അവിടുന്ന്' എന്നായിരുന്നു മറുപടി. സേതുരാമയ്യര്‍ അങ്ങനെ ആരെയും അടിക്കില്ലെന്നായിരുന്നു മമ്മൂക്കയുടെ പക്ഷം. സംവിധായകന്‍ മധുച്ചേട്ടനോട് പറഞ്ഞപ്പോഴും അദ്ദേഹം സമ്മതിച്ചില്ല. ഒടുവില്‍ 'നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എടുത്ത ശേഷം വെട്ടിക്കളഞ്ഞോളൂ' എന്ന് പറഞ്ഞാണ് ആ രംഗം ചിത്രീകരിച്ചത്. എന്നാല്‍ തിയേറ്ററില്‍ ആ രംഗത്തിന് വലിയ കയ്യടിയാണ് ലഭിച്ചത്,' സായ് കുമാര്‍ പറഞ്ഞു.
സിനിമ പുറത്തിറങ്ങി വലിയ ഹിറ്റായപ്പോള്‍ മധുച്ചേട്ടന്‍ വന്ന് 'അന്ന് ഞാന്‍ പറഞ്ഞിട്ട് എടുത്ത ആ സീന്‍ എങ്ങനെയുണ്ട്' എന്ന് തമാശയായി ചോദിച്ചെന്നും സായ് കുമാര്‍ ഓര്‍ക്കുന്നു. എസ്.എന്‍. സ്വാമി എഴുതിയ തിരക്കഥയിലും ആ രംഗം ഉണ്ടായിരുന്നില്ല. സുകുമാരന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ പിന്തുടരുന്നതിനെക്കുറിച്ച് സ്വാമിയോട് ചോദിച്ചപ്പോള്‍, സുകുമാരന്‍ തന്റെ സൗകര്യത്തിന് അനുസരിച്ചാണ് ഡയലോഗുകള്‍ പറഞ്ഞിരുന്നതെന്ന മറുപടിയാണ് ലഭിച്ചതെന്നും സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ ഇന്നും ഏറെ വൈറലായ രംഗങ്ങളിലൊന്നാണ് സേതുരാമയ്യരില്‍ സായ് കുമാര്‍ അടി വാങ്ങുന്ന ഈ ഭാഗം.