പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ന്യൂയോര്‍ക്കില്‍ നടന്ന 43-ാമത് ഇന്ത്യ ഡേ പരേഡില്‍ ഗ്രാന്‍ഡ് മാര്‍ഷലുകളായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഓഗസ്റ്റ് 17-ന് മാഡിസണ്‍ അവന്യൂവില്‍ നടന്ന പരേഡില്‍ ഇരുവരും കൈകള്‍ കോര്‍ത്തുപിടിച്ച് ഇന്ത്യന്‍ ദേശീയ പതാകയേന്തി പങ്കെടുത്തതോടെ താരങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി.
പരേഡിനെത്തിയ ആയിരക്കണക്കിന് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്ത താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം വൈറലായി. പരസ്പരം കൈകള്‍ ചേര്‍ത്തുപിടിച്ച് ന്യൂയോര്‍ക്ക് നഗരവീഥികളിലൂടെ നീങ്ങുന്ന ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തങ്ങള്‍ പ്രണയത്തിലാണെന്ന് വിജയ്യോ രശ്മികയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇരുവരും നല്‍കിയ സൂചനകള്‍ ആരാധകര്‍ നേരത്തെ തന്നെ ചര്‍ച്ചയാക്കിയിരുന്നു.
ഒരു അഭിമുഖത്തില്‍ താന്‍ സിംഗിള്‍ അല്ലെന്ന് വിജയ് വെളിപ്പെടുത്തിയിരുന്നു. പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്' എന്നായിരുന്നു രശ്മികയുടെ മറുപടി. ഈ പ്രതികരണങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായിട്ടാണ് ആരാധകര്‍ കണക്കാക്കുന്നത്.