ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കുരുക്ക് മുറുകി. ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിന് എതിരെ പരാതി നല്‍കി. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആരോപണത്തെ തുടര്‍ന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.
അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയിലുണ്ട്. രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ശ്രീലേഖ പരാതി നല്‍കിയിരിക്കുന്നത്.
ശ്രീലേഖ മിത്രയുടെ പരാതിയില്‍ പറയുന്നത്
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കുന്നതിനായി തന്നെ ക്ഷണിച്ചിരുന്നു. സിനിമയുടെ ചര്‍ച്ച നടത്തുന്നതിനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് തന്നെ വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ രഞ്ജിത്ത് തന്റെ കയ്യില്‍ പിടിച്ചു. പിന്നീട് ലൈംഗിക താത്പര്യത്തോടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കൈ കൊണ്ടുപോയി. ഇതേ തുടര്‍ന്ന് താന്‍ അവിടെ നിന്ന് രക്ഷപ്പെട്ട് താന്‍ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോയി. ഈ ദുരനുഭവും അടുത്ത ദിവസം ഞാന്‍ തിരക്കഥാകൃത്ത് ജോഷി ജോസഫിനെ അറിയിച്ചു. തനിക്ക് മടക്ക യാത്രക്ക് വിമാന ടിക്കറ്റ് പോലും നല്‍കിയില്ല. ഇതേ തുടര്‍ന്ന് സംവിധായകന്‍ ജോഷി ജോസഫിന്റെ സഹായം തേടാന്‍ നിര്‍ബന്ധിതയായി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 ബി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണ് രഞ്ജിത്തില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള ആളായതിനാല്‍ രഞ്ജിത്തിനെതിരെ തുടര്‍നിയമനടപടികള്‍ സ്വീകരിക്കാന്‍ അന്ന് തനിക്ക് സാധിച്ചിരുന്നില്ല.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അടുത്തിടെ താന്‍ തന്റെ ദുരനുഭവം മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. രഞ്ജിത്ത് നിര്‍ണായകമായ അധികാര പദവിയിലിരിക്കുന്ന ആളായതിനാല്‍ തന്റെ തുറന്നു പറച്ചില്‍ കേരളത്തില്‍ വ്യാപകമായി ചര്‍ച്ചയായി. സുപ്രീംകോടതി വിധിപ്രകാരം ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാല്‍ രഞ്ജിത്തിന്റെ പെരുമാറ്റത്തില്‍ രേഖാമൂലം പരാതി വേണ്ടെന്നാണ് താന്‍ മനസിലാക്കിയത്.
എന്നാല്‍ തന്റെ വെളിപ്പെടുത്തലില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാതി വേണമെന്ന അധികാര പദവിയിലുള്ളവരുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചതിനാലാണ് ഇ മെയില്‍ മുഖാന്തിരം ഇപ്പോള്‍ പരാതി നല്‍കുന്നത്. ഈ മെയില്‍ പരാതിയായി പരിഗണിച്ച് നിലവിലെ നിയമ പ്രകാരം അതിക്രമകാരിക്കെതിരെ ക്രിമിനല്‍ നിയമ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസമാണ് നടി വെളിപ്പെടുത്തിയത്. 'പാലേരിമാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും അവര്‍ പറഞ്ഞു. കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. ഇതേത്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം എന്നാണ് നടി വെളിപ്പെടുത്തിയത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത് രാജിവച്ച ശേഷവും പോലീസില്‍ പരാതിക്കില്ലെന്നായിരുന്നു ബംഗാളി നടി വിശദീകരിച്ചത്. അടുത്ത സുഹൃത്തുക്കളോടും അവരത് പറഞ്ഞിരുന്നു. എന്നാല്‍ ആ നിലപാട് എടുത്ത നടിയെ അപമാനിക്കുകയും അവഹേളിക്കുകയുമായിരുന്നു രഞ്ജിത് പിന്നീട് ചെയ്തത്. ആരോപണം പരസ്യമായി നിഷേധിച്ച രഞ്ജിത് നടിയെ കോടതി കയറ്റുമെന്നും പ്രഖ്യാപിച്ചു. ഇതോടെ അവര്‍ക്ക് പരാതി കൊടുക്കേണ്ടിയും വന്നു. യഥാര്‍ത്ഥ സിപിഎം അനുഭാവിയാണ് ബംഗാളി നടി. അതുകൊണ്ട് തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അവരെ പോലും രഞ്ജിത്തിന്റെ രാജിക്ക് ശേഷമുള്ള ഓഡിയോ സന്ദേശം ഞെട്ടിച്ചു. അങ്ങനെ രഞ്ജിത്തിനെതിരെ പോലീസില്‍ പരാതിയും എത്തി.
ഇനി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടി വരും. അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കും. സത്യമറിയാതെയാണ് പലരും ആക്രമണം നടത്തുന്നത്. പാര്‍ട്ടിക്കെതിരേയും സര്‍ക്കാരിനെതിരേയും സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ട്ടിയെ ചെളിവാരിയെറിയാന്‍ തന്റെ പേര് ഉപയോഗിക്കുന്നത് അപമാനകരമാണ്. ഞാനെന്ന വ്യക്തി കാരണം സര്‍ക്കാര്‍ പ്രതിച്ഛായയ്ക്കു കളങ്കമേല്‍ക്കുന്ന പ്രവൃത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും നിയമപരമായി തന്നെ സത്യം തെളിയിക്കുമെന്നും രഞ്ജിത് വിശദീകരിച്ചു. നടി പറഞ്ഞതില്‍ ഒരു ഭാഗം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി തുടരുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് രാജി സമര്‍പ്പിച്ചത് എന്നായിരുന്നു വിശദീകരണം. ഈ പ്രസ്താവനയാണ് പോലീസില്‍ കേസ് നല്‍കുന്നതിലേക്ക് ബംഗാളി നടിയെ പ്രേരിപ്പിച്ചത്.
വയനാട്ടിലെ പ്രതിഷേധത്തിനൊടുവില്‍ അവിടെനിന്ന് രഞ്ജിത്ത് കോഴിക്കോട്ടെ വീട്ടിലേക്കോ ബാലുശ്ശേരിയിലെ തറവാട് വീട്ടിലേക്കോ എത്തുമെന്നായിരുന്നു കരുതിയത്. എന്നാല്‍, കോഴിക്കോടുള്ള മറ്റൊരു വീട്ടിലാണ് രഞ്ജിത്ത് ഉള്ളതെന്നാണ് സൂചന. അറസ്റ്റൊഴിവാക്കാനുള്ള ഒളിവ് ജീവിതം. അഭിഭാഷകരുമായും രഞ്ജിത് സംസാരിച്ചിട്ടുണ്ട്. ജാമ്യമില്ലാ കേസെടുത്ത നോര്‍ത്ത ്പോലീസ് പ്രത്യേക അന്വേഷണസംഘം കൈമാറുന്ന ഗൈഡ്ലൈന്‍ അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളും. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 2009-ല്‍ സിനിമയുടെ ചര്‍ച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
രഞ്ജിത്ത് സംവിധാനംചെയ്ത 'പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയുണ്ടായി. തുടര്‍ന്ന് ചര്‍ച്ചയുടെ ഭാഗമായി കൊച്ചി കലൂര്‍ കടവന്ത്രയില്‍ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് വിളിച്ചു. ചര്‍ച്ചയ്ക്കിടെ, കൈയില്‍ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഫ്ലാറ്റില്‍നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെന്നും നടി പരാതിയില്‍ പറയുന്നു.
സംഭവം നടന്നതിന് അടുത്ത ദിവസം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാന്‍ സഹായിച്ചത് അദ്ദേഹമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം നടന്ന സ്റ്റേഷന്‍ പരിധിയിലാണ് പരാതി നല്‍കിയിരിക്കുന്നത്.