ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലൂടെയായിരുന്നു രഞ്ജി പണിക്കരുടെ സിനിമയിലേക്കുള്ള വരവ് തന്നെ. ഒരു പത്രപ്രവര്‍ത്തകനായിരുന്നു തുടക്കം. പിന്നീട് തിരക്കഥാകൃത്തായി. മലയാള വാണിജ്യ സിനിമകളില്‍ രണ്‍ജിയുടെ തിരക്കഥകള്‍ക്ക് വലിയ മൂല്യങ്ങളായിരുന്നു. രണ്‍ജി-ഷാജി കൈലാസ്, രണ്‍ജി-ജോഷി കൂട്ടുകെട്ട് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മലയാള സിനിമയിലെ വസന്തകാലമായിരുന്നു അത്.
തിരക്കഥാകൃത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സംവിധായകനിലേക്കുള്ള ചുവട്‌വെപ്പ്. അവിടെയും തന്റെ കഴിവ് തെളിയിച്ചു. പീന്നീട് നിര്‍മ്മാതാവിന്റെ കുപ്പായം അണിഞ്ഞു. അവിടെയും രഞ്ജി പണിക്കര്‍ എന്ന വ്യക്തി തിളങ്ങി പിന്നീട് ആയിരുന്നു ഒരു നടന്‍ എന്നതിലേക്കുള്ള കടന്നുവരവ്. ഒരു നിമിഷം കൊണ്ട് പ്രത്യക്ഷപ്പെട്ട് മറയുന്ന കൊച്ചുകൊച്ചു കഥാാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പിന്നീട് ശ്രദ്ധേയമായ വേഷങ്ങള്‍ തേടിയായിരുന്നു. രണ്‍ജി എന്ന നടന്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
ഞാന്‍, ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം, ഗോദ, തുടങ്ങി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍. മുമ്പ് ജയരാജിന്റെ തന്നെ ഒരു കോമഡി ചിത്രമായ ആകാശക്കോട്ടയിലെ സുല്‍ത്താന്റെ തിരക്കഥ രണ്‍ജി എഴുതിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയുള്ള രണ്‍ജിയുടെ കലാജീവിതത്തെ മാറ്റി മറിച്ചു ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ഭയാനകം. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഭയാനകം മത്സര വിഭാഗത്തിലെത്തുന്നുണ്ട്.
ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് കാലിന് വൈകല്യം സംഭവിച്ച പട്ടാളക്കാരന്റെ വേഷമാണ് രണ്‍ജി പണിക്കര്‍ക്കു. അയാള്‍ കുട്ടനാട്ടില്‍ പോസ്റ്റ് മാനായി എത്തുകയാണ്. ക്രെച്ചസില്‍ കാലൂന്നി വേച്ച് വേച്ച് അയാള്‍ സൈനികരുടെ മണി ഓര്‍ഡറുകളുമായി സൈനികരുള്ള ഓരോ വീടുകളിലും സന്തോഷത്തിന്റെ പ്രതീകമായി എത്തുന്നു. താമസിക്കുന്നത് രണ്ട് കുട്ടികളും പട്ടാളക്കാരായുള്ള ഒരു സ്ത്രീയുടെ വീട്ടില്‍. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതോടെ മണിഓര്‍ഡര്‍ മാറി മരണക്കമ്പി (ടെലഗ്രാം) നല്‍കേണ്ട നിസഹായതയിലായി അയാള്‍..സ്നേഹിച്ചവര്‍ അദ്ദേഹത്തെ വെറുത്തു. മരണത്തിന്റെ മുഖമായി അയാളെ നാട്ടുകാര്‍ കണ്ടു.
സിനിമയിലെ ഈ നായക കഥാപാത്രത്തെയാണ് നെടുമുടിക്കാരനായ രണ്‍ജിയുടെ തോളില്‍ ജയരാജ് വച്ചു നല്‍കിയത്. അത് ഭംഗിയാക്കിയെന്ന് മാത്രമല്ല, മലയാളത്തിലെ മികച്ച നടന്‍മാരുടെ ശ്രേണിയിലേക്ക് രണ്‍ജി ഉയരുകയും ചെയ്തു. അഭിനയം മാത്രം പോര, ആയാസം കൂടി വേണം ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍. യുദ്ധത്തിന്റെ മുറിവുകള്‍ ഉള്ളില്‍ പേറുന്ന ആ പട്ടാളക്കാരനെ മരണവാര്‍ത്തകള്‍ ആത്മസംഘര്‍ഷത്തിലേക്ക് നയിക്കുന്നു.വ്യത്യസ്ഥമായ അഭിനയ മുഹൂര്‍ത്തങ്ങളാണ് ഭയാനകത്തില്‍ രണ്‍ജി സമ്മാനിക്കുന്നത്. തന്റെ ഇതുവരെയുള്ള അഭിനയ ജീവിത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമാണ് ഭയാനകത്തിലേതെന്ന് രണ്‍ജി പറഞ്ഞു. ഗോവയില്‍ മികച്ച നടനുള്ള മത്സരത്തില്‍ രണ്‍ജിയുടെ വേഷവും ഉറപ്പായും മാറ്റുരയ്ക്കും.