തെന്നിന്ത്യയ്ക്കൊപ്പം ബോളിവുഡിലും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് അനിരുദ്ധ് രവിചന്ദറിന്റെത്. 'ജവാന്' ചിത്രത്തിന്റെ ട്രെയ്ലര് എത്തിയതോടെ അതിലെ സംഗീതവും ശ്രദ്ധ നേടുന്നുണ്ട്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന സംഗീത സംവിധായകന് ആയി മാറിയിരിക്കുകയാണ് അനിരുദ്ധ്െന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2012 ല്‍ പുറത്തിറങ്ങിയ ധനുഷ് ചിത്രം ത്രീയിലൂടെയാണ് അനിരുദ്ധ് രവിചന്ദര്‍ എന്ന സംഗീത സംവിധായകന് സിനിമ ലോകത്തെത്തുന്നത് പിന്നീട്
തമിഴ് സിനിമാലോകത്തെ പുതുപുത്തന്‍ ഹിറ്റ് ഗാനങ്ങളെല്ലാം പിറന്നത് ഈ മൂപ്പത്തിരണ്ടുകാരനില് നിന്നാണ്.വൈ ദിസ് കൊലവറി ഡീഎന്ന ഗാനം യുവാക്കള്‍ക്കിടയില്‍ തീര്‍ത്ത തരംഗം ചെറുതൊന്നുമല്ല.
ഇപ്പോളിതാ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങി കൊണ്ടിരുന്ന എ.ആര് റഹ്മാന്റെ റെക്കോര്‍ഡ് പഴങ്കഥ ആക്കിക്കൊണ്ടാണ് അനിരുദ്ധ് ഇപ്പോള്‍ മുന്നില്‍ എത്തിയിരിക്കുന്നത്. 8 കോടിയാണ് ഒരു ചിത്രത്തിനു വേണ്ടി റഹ്മാന് വാങ്ങുന്ന പ്രതിഫലമെന്ന് അടുത്തിടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പത്ത് കോടിയാണ് ജവാനായി അനിരുദ്ധ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്ത്തയൊട്ടും തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് ആസ്വാദകര്‍ അഭിപ്രായപ്പെടുന്നത്. കാരണം അനിരുദ്ധ് രവിചന്ദര്‍ ഇന്നൊരു ബ്രാന്‍ഡാണ്. അദ്ദേഹം സംഗീതം നല്കുന്ന ഗാനങ്ങളെല്ലാം യൂട്യൂബില്‍ മില്യണുകളാണ് വാരികൂട്ടുന്നതെന്നാണ് അവര്‍ പറയുന്നത്.
കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് രജ്നികാന്ത് ചിത്രം ജയിലറിലെ കാവാലാ എന്ന ഗാനം പുറത്തിറങ്ങിയത്. ആറു ദിവസങ്ങള്‍ കൊണ്ട് ഗാനം നേടിയത് 30 മില്യണ്‍ വ്യൂസാണ്. അവിടെയും തിളങ്ങിയത് അനിരുദ്ധ് എന്ന സംഗീതജ്ഞന് തന്നെയാണ്. വിജയ് ചിത്രം ലിയോയിലെ നാന് റെഡി ആണ് അനിരുദ്ധിന്റെ ലിസ്റ്റിലെ മറ്റൊരു പുതിയ ഹിറ്റ്. ഇതിനു പുറമെ ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവര, കമല്‍ഹാസന്റെ ഇന്ത്യന്‍2, അജിത്ത് ചിത്രം വിടാ മുയര്‍ച്ചി എന്നിവയിലും അനിരുദ്ധ് കൈപതിപ്പിക്കുന്നുണ്ട്.
പാട്ട് പാടുന്നതിന് 3 കോടി വരെയാണ് റഹ്മാന് വാങ്ങുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എ.ആര് റഹ്മാന് രണ്ടാം സ്ഥാനത്താണ്. 10 കോടി രൂപ പ്രതിഫലം വാങ്ങുന്ന അനിരുദ്ധ് രവിചന്ദര്‍ ഇപ്പോള്‍ മുന്നില്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
ജവാന്റെ പ്രിവ്യൂ വീഡിയോ എത്തിയതോടെയാണ് അനിരുദ്ധിന്റെ പ്രതിഫലം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ചിത്രത്തിന് വേണ്ടി അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങി എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മലയാളത്തില്‍ 'മൈക്കില്‍ ഫാത്തിമ' എന്ന ചിത്രത്തിലൂടെ അനിരുദ്ധ് അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. 'ടട്ടടട്ടര ടട്ടട്ട' എന്ന ഗാനമാണ് ചിത്രത്തില്‍ അനിരുദ്ധ് ആലപിച്ചിട്ടുള്ളത്. ധനുഷിന്റെ '3' എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് സംഗീതസംവിധാന രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു.