സംവിധായകരില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒരാളാണ് പാ.രഞ്ജിത്ത്. നല്ല സിനിമകള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച സംവിധായകന്‍ എന്ന് തന്നെ പറയാം.സാമൂഹിക പ്രസക്തിയുള്ള സിനിമകളിലൂടെയും നിലപാടുകളിലൂടെയും ശ്രദ്ധേയനായ തമിഴ് സംവിധായകന്‍ പാ. രഞ്ജിത്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. സ്വാതന്ത്ര്യ സമരനേതാവ് ബിര്‍സ മുണ്ടയുടെ ജീവിതത്തെ കുറിച്ച് പറയുന്ന ചിത്രമാണ് രഞ്ജിത്ത് ഹിന്ദിയില്‍ ഒരുക്കുന്നത്. മഹാശ്വേതാദേവി രചിച്ച ആരണ്യേര്‍ അധികാര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കുന്നതാണ് ചിത്രമെന്ന് രഞ്ജിത്ത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.
ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഝാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനങ്ങള്‍ കേന്ദ്രീകരിച്ച് ഗറില്ല യുദ്ധം നടത്തിയ ആദിവാസി നേതാവാണ് ബിര്‍സ മുണ്ട. ആരാണ് ബിര്‍സയുടെ വേഷം അവതരിപ്പിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല. നമാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഷരീന്‍ മന്ത്രി, കിഷോര്‍ അറോറ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അട്ടക്കത്തി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാ. രഞ്ജിത്ത് രജനികാന്ത് നായകനായ കബാലി, കാല എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ പരിയേറും പെരുമാര്‍ നിര്‍മ്മിച്ചതും രഞ്ജിത്താണ്. സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്യാനും രഞ്ജിത്തിന് പദ്ധതിയുണ്ട്.