കങ്കണ റണാവത്തിനെപ്പോലെ തന്നെ സിനിമാരംഗത്ത് അറിയപ്പെടുന്നയാളാണ് സഹോദരി രംഗോലി ചന്ദേല്. അഭിനയത്തിലൂടെയല്ല, കങ്കണക്ക് വേണ്ടി സോഷ്യല് മീഡിയ പ്രചാരണം നടത്തിയും വിവാദവിഷയങ്ങളില് പ്രതികരിച്ചുമാണ് രംഗോലിയും വാര്ത്തകളിലിടം നേടിയത്. രംഗോലി ചന്ദല് ആസിഡ് ആക്രമണത്തിന് വിധേയമായത് വലിയ വാര്ത്തയായിരുന്നു. തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ വ്യക്തിയുടെ പേര് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അവര്.
എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന രംഗോലി എന്തുകൊണ്ടാണ് തന്റെ നേരെ ആസിഡ് ആക്രമണം നടത്തിയ ആളുടെ പേര് ഇതുവരെ വെളിപ്പെടുത്താന് ധൈര്യം കാണിക്കാത്തതെന്ന ചോദ്യം വന്നിരുന്നു. ഇതേ തുടര്ന്നാണ് രംഗോലി ഇപ്പോള് അയാളുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.
'അയാളുടെ പേര് അവിനാശ് ശര്മ്മ എന്നാണ്. എന്റെ സഹപാഠിയായിരുന്നു. ഒരേ കോളേജിലാണ് ഞങ്ങള് പഠിച്ചത്. ഒരിക്കല് അയാള് എന്നോട് പ്രണയാഭ്യര്ഥന നടത്തി. എന്നാല് എനിക്ക് അയാളോട് പ്രണയമുണ്ടായിരുന്നില്ല. എന്നെ അയാള് വിവാഹം കഴിക്കുമെന്ന് പലരോടും പറയുന്നത് ഞാന് കേട്ടിട്ടുണ്ട്. ഒരു എയര്ഫോഴ്സ് ഓഫീസറുമായി എന്റെ വിവാഹം മാതാപിതാക്കള് ഉറപ്പിച്ചിരുന്നു. എന്നാല് അവിനാശ് അയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. പ്രതികരിച്ചപ്പോള് അയാള് ഭീഷണിപ്പെടുത്തി. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞു. എന്നാല് ഞാന് ഇതിനെ കുറിച്ച് മാതാപിതാക്കളോട് ഒന്നും പറഞ്ഞില്ല. പകരം പോലീസില് പരാതി പറഞ്ഞു. അതായിരുന്നു ഞാന് ചെയ്ത ഏറ്റവും വലിയ തെറ്റ്. ഞാന് നാല് പെണ്കുട്ടികള്ക്കൊപ്പമാണ് താമസിച്ചിരുന്നത്. വാതില് തുറന്നപ്പോള്, ഒരു വലിയ ജാര് നിറയെ ആസിഡുമായി അയാള് നില്ക്കുന്നു. ഒരു സെക്കന്റിനുള്ളില് എല്ലാം സംഭവിച്ചു' എന്നാണ് രംഗോലി ട്വിറ്ററില് കുറിച്ചത്.