Latest News

എഎംഎംഎ എന്റെ കുടുംബമാണെങ്കിൽ വാക്കാലുള്ള പരാതി മതിയാകുമായിരുന്നില്ലേ? പ്രസിഡന്റിന്റെ ന്യായികരണങ്ങൾ കേട്ടപ്പോൾ തോന്നിയത് പരാതി എഴുതി കൊടുത്താലും അവർ സംഭവത്തിൽ നടപടിയെടുക്കില്ലയെന്നാണ്; അക്രമിക്കപ്പെട്ട നടി പങ്ക് വച്ച ചോദ്യങ്ങൾ മോഹൻലാലിന് നേരെ ഉന്നയിച്ച് രമ്യാ നമ്പീശൻ

Malayalilife
എഎംഎംഎ എന്റെ കുടുംബമാണെങ്കിൽ വാക്കാലുള്ള പരാതി മതിയാകുമായിരുന്നില്ലേ? പ്രസിഡന്റിന്റെ ന്യായികരണങ്ങൾ കേട്ടപ്പോൾ തോന്നിയത് പരാതി എഴുതി കൊടുത്താലും അവർ സംഭവത്തിൽ നടപടിയെടുക്കില്ലയെന്നാണ്; അക്രമിക്കപ്പെട്ട നടി പങ്ക് വച്ച ചോദ്യങ്ങൾ മോഹൻലാലിന് നേരെ ഉന്നയിച്ച് രമ്യാ നമ്പീശൻ

എഎംഎംഎ അദ്ധ്യക്ഷൻ നടത്തിയ വാർത്താ സമ്മേളനത്തെയും അതിലെ പരാമർശങ്ങളെയും വിമർശിച്ച് വനിതാ കൂട്ടായ്മയായ ഡബ്ലുസിസി കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വാർത്തായായിരുന്നു. മോഹൻലാൽ നിരാശപ്പെടുത്തിയെന്ന ആരോപണമാണ് അവർ ഉന്നയിച്ചത്. ഡബ്ലുസിസിക്ക് പിന്നാലെ മോഹൻലാൽ നൽകിയ വിശദീകരണങ്ങളുടെ മുനയൊടിച്ച് സംഘടനയുടെ മുൻ എക്സിക്യൂട്ടീവ് അംഗവും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുമായ രമ്യ നമ്പീശനും ഇപ്പോൾ രംഗത്തെത്തി. നടൻ ദിലീപ് അവസരങ്ങൾ ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഇതിനെതിരെ അക്രമിക്കപ്പെട്ട നടിയുടെ വെളിപ്പെടുത്തൽ സഹിതമാണ് രമ്യ വ്യക്തമാക്കിയത്.

മോഹൻലാലിന്റെ വാർത്താസമ്മേളനത്തിനു ശേഷം താൻ ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചിരുന്നു. അവൾ തന്നോട് പറഞ്ഞത് ഇങ്ങനെയാണ്... 'സംഘടന കുടുംബമാണെങ്കിൽ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ഒന്നുമില്ലാതെ ആരെങ്കിലും ആരോപണം ഉന്നയിക്കുകയോ, സഹായത്തിനു വേണ്ടിയോ സംഘടനയെ സമീപിക്കുമോ? പരാതി പറഞ്ഞപ്പോൾ സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ട് പറയാമെന്നാണ് മറുപടി നൽകിയത്. എന്നാൽ എഴുതിക്കൊടുത്തില്ല എന്ന ന്യായമാണ് പ്രസിഡന്റ് പറയുന്നത്. പരാതി എഴുതി നൽകിയാലും നടപടി എടുക്കില്ല എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്' എന്നും അവർ തന്നോട് പറഞ്ഞുവെന്ന് നടി രമ്യ നമ്പീശൻ വ്യക്തമാക്കി. 

മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പരാതി പറയുന്നവരുടെ ആശങ്ക പരിഗണിക്കാത്തത് അവരോടുള്ള അവഹേളനമാണ്. പരാതി എഴുതി നൽകിയിട്ടില്ല എന്ന് പറയുന്നത്, ആരോപണങ്ങളിൽ നിന്നും വഴുതിമാറാനുള്ള ശ്രമമാണെന്ന് വ്യക്തം. സംഘടനയിൽ ഓരോ അംഗങ്ങൾക്കും വെവ്വേറെ നിയമമാണോ നടപ്പാക്കുന്നത് എന്നും രമ്യ ചോദിച്ചു.

 

എഎംഎംഎയിൽ നിന്നു രാജി വയ്ക്കുകയാണെന്ന് രമ്യ നമ്പീശനും റീമ കല്ലിങ്കലും ഗീതു മോഹൻദാസും ആക്രമിക്കപ്പെട്ട നടിയും പ്രഖ്യാപിച്ചത് പൊതുജനങ്ങൾ കേൾക്കെയാണ്. രാജി വയ്ക്കാനുള്ള കാരണവും വിഷയത്തിൽ തങ്ങളുടെ നിലപാടും ലോകത്തിനു മുമ്പിൽ വ്യക്തമാക്കിയതാണ്. അതിനാൽ രാജി എഴുതിത്ത്തന്നെ നൽകണമെന്ന് പറയുന്നതിൽ അർഥമില്ലെന്നും രമ്യ പറഞ്ഞു. നേരത്തെ, വാർത്താ സമ്മേളനത്തിൽ സംഘടനയ്ക്ക് രണ്ടു പേരുടെ രാജിക്കത്ത് മാത്രമെ ലഭിച്ചിരുന്നു എന്ന് മോഹൻ ലാൽ പറഞ്ഞതിനോടായിരുന്നു രമ്യയുടെ പ്രതികരണം.

എറണാകുളം പ്രസ് ക്ലബ്ബിൽ തിങ്കളാഴ്ച ആയിരുന്നു മോഹൻലാൽ വാർത്താസമ്മേളനം നടത്തിയത്.സഹനടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്തതിനെതിരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും അതേസമയം ദിലീപിനായി പ്രാർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാർത്താസമ്മേളനത്തിലെ പല പരാമർശങ്ങളും ഏറെ ചർച്ചയായിരുന്നു.

ramya nambeesan against mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES