കേരളത്തില്‍ ബിജെപിയുടെ വിജയത്തെയും സുരേഷ് ഗോപിയുടെ വിജയത്തെയും കുറിച്ച് തന്റെ നിലാപാട് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ രമേഷ് പിഷാരടി. ഒരാള്‍ ബിജെപി ആയതുകൊണ്ടോ ഇസ്‌ലാം ആയതുകൊണ്ടോ ഹിന്ദു ആയതുകൊണ്ടോ കോണ്‍ഗ്രസോ കമ്യൂണിസ്റ്റോ ആയതുകൊണ്ടോ ഒരാളുടെ സ്വഭാവത്തെ അത് കാര്യമായി നിര്‍ണയിക്കുന്നില്ലെന്നാണ് രമേശ് പിഷാരടി പറയുന്നത്. അതുകൊണ്ട് തന്നെ സുരേഷ് ഗോപി ജയച്ചതിന് കാരണം അയാള്‍ നല്ലൊരു വ്യക്തിയായതുകൊണ്ട് കൂടിയാണെന്നും രമേശ് പിഷാരടി കൂട്ടിച്ചേര്‍ക്കുന്നു.
ഒരു ഹിന്ദു വിശ്വാസിക്ക് ജയ് ശ്രീറാം വിളിക്കാന്‍ കഴിയുന്നില്ലെന്നും, അങ്ങനെ വിളിച്ചാല്‍ ചാപ്പ കുത്തപ്പെടുകയാണെന്നും നടന്‍ പറഞ്ഞു. ഹിന്ദു വിമര്‍ശനം അതിരുവിടുമ്പോള്‍ ഹിന്ദുക്കള്‍ ബിജെപി ആകുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രമേശ് പിഷാരടി പ്രതികരിച്ചു.
പാര്‍ട്ടി പറയുന്ന ആശയധാരകള്‍ അതിലുള്ള എല്ലാ വ്യക്തികളും കൊണ്ടു നടക്കുന്നില്ല. കമ്യൂണിസ്റ്റിന്റെ ആശയധാര എല്ലാ കമ്യൂണിസ്റ്റുകളും നോക്കുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് കമ്യൂണിസ്റ്റുകാരന്‍ അമ്പലത്തില്‍ പോകുന്നതെന്നും രമേഷ് പിഷാരടി ചോദിച്ചു.രക്ഷാബന്ധന്‍ എത്രയോ വര്‍ഷങ്ങളായി ഭാരതത്തില്‍ നടക്കുന്ന ഒരു ചടങ്ങാണ്. എന്നാല്‍ രക്ഷാബന്ധന്‍ കെട്ടിയ ഒരാളെ ചാപ്പ കുത്തുന്നു. ഈ സാമാന്യവല്‍ക്കരണം ഇവിടെയുണ്ട്''- രമേശ് പിഷാരടി പറഞ്ഞു..
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: സുരേഷേട്ടന്‍ ജയിച്ച സമയത്ത് ഒരുപാട് സ്ഥലങ്ങളില്‍ ഞാന്‍ കണ്ടു, 'നമുക്ക് രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത്'. അപ്പോള്‍ പറയും വ്യക്തിയാണെങ്കില്‍, ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടി ഏതാണെന്ന് നോക്കൂ എന്ന്. ആ പറയുന്നത് വലിയൊരു പ്രശ്‌നമുള്ള സ്റ്റേറ്റ്‌മെന്റ് ആണ്. എന്തുകൊണ്ടാണ് ഇസ്‌ലാം മതവിശ്വാസികള്‍ക്ക് എല്ലാ ഇസ്‌ലാം വിശ്വാസികളും തീവ്രവാദികള്‍ അല്ല എന്നു പറയേണ്ടി വരുന്നത്. എന്തുകൊണ്ടാണ് എല്ലാ ഹിന്ദു വിശ്വാസികള്‍ക്കും സംഘി അല്ല എന്നു പറയേണ്ടി വരുന്നത്. സാമാന്യവല്‍ക്കരിക്കപ്പെടുന്നതു കൊണ്ടാണ്.
ഒരാള്‍ ബിജെപി ആയതുകൊണ്ടോ ഇസ്‌ലാം ആയതുകൊണ്ടോ ഹിന്ദു ആയതുകൊണ്ടോ കോണ്‍ഗ്രസോ കമ്യൂണിസ്റ്റോ ആയതുകൊണ്ടോ ഒരാളുടെ സ്വഭാവത്തെ അത് കാര്യമായി നിര്‍ണയിക്കുന്നില്ല. എല്ലാ പാര്‍ട്ടിയിലും എല്ലാ മതങ്ങളിലും എല്ലാ ജാതിയിലും നല്ലവനും ചീത്തയുമുണ്ട്. ജയിലില്‍ കിടക്കുന്നവരും കൊലപാതകം ചെയ്തവരുമൊക്കെ വിശ്വാസികളും അമ്പലത്തില്‍ പോയവരുമൊക്കെയാണ്. ഇതെല്ലാ പാര്‍ട്ടിയിലും ഉണ്ട്. അത്തരത്തില്‍ നമ്മളതിനെ സാമാന്യവല്‍ക്കരിച്ചു കളയുന്നത് ശരിയല്ല. എല്ലാത്തിനും ഗുണവും ദോഷവുമുണ്ട്,രമേഷ് പിഷാരടി പറയുന്നു.
നമ്മള്‍ പലപ്പോഴും പാര്‍ട്ടി നോക്കിയാണ് വോട്ട് ചെയ്യുന്നത്. അത് പാര്‍ട്ടിയുടെ ആശയങ്ങള്‍ കൂടി കണക്കാക്കിയിട്ടാണ്. പക്ഷേ, എല്ലാ പാര്‍ട്ടിയിലും നല്ല ആള്‍ക്കാരും ചീത്ത ആള്‍ക്കാരുമുണ്ട്. ഒരു നല്ല വ്യക്തി എവിടെ നിന്നാലും അയാള്‍ കുറേ നന്മയുള്ള കാര്യങ്ങള്‍ ചെയ്യും. മോശം വ്യക്തിത്വമുള്ള ഏകോപന പാടവം ഇല്ലാത്ത ഒരാള്‍ എവിടെ നിന്നാലും അത്രയൊക്കത്തന്നെയേ അയാള്‍ക്ക് ചെയ്യാന്‍ സാധിക്കൂ,പിഷാരടി പറഞ്ഞു.
പാര്‍ട്ടി പറയുന്ന ആശയധാരകള്‍ എല്ലാ വ്യക്തികളും കൊണ്ടു നടക്കുന്നില്ല. കമ്യൂണിസ്റ്റിന്റെ ആശയധാര എല്ലാ കമ്യൂണിസ്റ്റുകളും നോക്കുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് കമ്യൂണിസ്റ്റുകാരന്‍ അമ്പലത്തില്‍ പോകുന്നത്? എങ്ങനെയാണ് കമ്യൂണിസ്റ്റുകാരന്‍ വിശ്വാസിയാകുന്നത്? എങ്ങനെയാണ് കമ്യൂണിസ്റ്റുകാരന്‍ പ്രവാസിയാകുന്നത്? ഒരു പാര്‍ട്ടിയുടെ ആശയധാരയുമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും 100 ശതമാനം യോജിക്കണമെന്ന് നിര്‍ബന്ധമില്ല. ബിജെപിക്ക് മാത്രമല്ല കമ്യൂണിസ്റ്റിനും കോണ്‍ഗ്രസിനുമൊക്കെ ഇത് ബാധകമാണ്. അതിലെ എല്ലാ ആശയധാരകളും വ്യക്തിപരമായി എടുത്തു ഉപയോഗിക്കുന്നില്ല. വേണ്ടത് എടുത്താല്‍ മതി. മതത്തില്‍ നില്‍ക്കുന്ന എല്ലാവരും മതത്തിന്റെ എല്ലാ ആശയങ്ങളും പൂര്‍ണമായി എടുക്കുന്നില്ലല്ലോ. വേണ്ടതു മാത്രമല്ലേ എടുക്കുന്നുള്ളൂ. എല്ലാ കാര്യത്തിലും ആളുകള്‍ വേണ്ടതു മാത്രമെ എടുക്കാറുള്ളൂ. ഒരു പാര്‍ട്ടിയില്‍ നില്‍ക്കുന്ന എല്ലാവരും ആ പാര്‍ട്ടിയുടെ ആശയധാരയുമായി പൂര്‍ണമായും ചേര്‍ന്നു പോകുന്നവരാണെന്നു വിചാരിക്കേണ്ട ആവശ്യമില്ല. അവിടെയാണ് വ്യക്തിക്ക് കൂടുതല്‍ ബലം വരുന്നത്,രമേഷ് പിഷാരടി വ്യക്തമാക്കി.
ബിജെപിയെ വിമര്‍ശിക്കുമ്പോള്‍ അതു കൃത്യമായ രാഷ്ട്രീയവിമര്‍ശനം ആകണം. അതു ഹിന്ദുവിമര്‍ശനം ആകുന്നിടത്ത് നിഷ്പക്ഷ ഹിന്ദുക്കള്‍ ബിജെപി ആകും. സങ്കേതികമായി ഇവിടെയുണ്ടാകുന്ന പ്രശ്‌നം അതാണ്. എസ്.ഡി.പി.ഐനെയോ ലീഗിനെയോ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയമായി വിമര്‍ശിക്കണം. നിങ്ങള്‍ അതിനെ മതപരമായി വിമര്‍ശിച്ചാല്‍ നിഷ്പക്ഷ ഇസ്‌ലാം വിശ്വാസികള്‍ കൂടുതലായി അങ്ങോട്ടു പോകും,പിഷാരടി ചൂണ്ടിക്കാട്ടി.
ജയ് ശ്രീറാം എന്ന് ഹനുമാനാണ് ആദ്യം വിളിച്ചത്. ജയ് ശ്രീറാം എന്ന് ഞാന്‍ വിളിച്ചാല്‍, ഉടനെ ആഹാ നീ ബിജെപിക്കാരനാണല്ലേ, സംഘിയാണല്ലേ എന്ന ചോദ്യങ്ങള്‍ വരും. രക്ഷാബന്ധന്‍ എത്ര വര്‍ഷങ്ങളായുള്ള ചടങ്ങാണ്. ഒരു സഹോദരി കെട്ടിക്കൊടുത്ത രാഖിയുമായി ഒരാള്‍ വന്നാല്‍, ഉടനെ അവനെ സംഘിയാക്കും. അങ്ങനെ ചാപ്പ അടിക്കുമ്പോള്‍ ഇവര്‍ പറയുന്ന സ്റ്റേറ്റ്‌മെന്റ് പോകും. ഈ സാമാന്യവല്‍ക്കരണം ഇവിടെ വലിയ തോതിലുണ്ട്
രാഷ്ട്രീയം 18 വയസ്സ് കഴിയുമ്പോള്‍ തുടങ്ങുന്ന കാര്യമാണ്. മതം വയറ്റില്‍ കിടക്കുമ്പോള്‍ മുതലുണ്ട്. അവിടെ നിന്ന് മനുഷ്യന്റെ കൂടെ വരുന്ന കാര്യമാണ് മതമെന്നു പറയുന്നത്. അതു കഴിഞ്ഞേ രാഷ്ട്രീയം വരുന്നുള്ളൂ. ഇതുപോലുള്ള വിമര്‍ശനങ്ങള്‍ നൂലില്‍ പിടിച്ച് അളന്നു മുറിച്ച് കൃത്യമായി പൊളിച്ച് രാഷ്ട്രീയമായിട്ടല്ല നിങ്ങള്‍ പറയുന്നതെങ്കില്‍ വലിയ പ്രശ്‌നമാകും. അങ്ങനെയാണ് മതം ഉപയോഗിക്കുന്നത്. മതം കൊണ്ടു പ്രശ്‌നം ഉണ്ടായപ്പോഴാണ് മതേതരത്വം വന്നത്. നിങ്ങളുടെ മതേതരത്വത്തെക്കാള്‍ നല്ലത് ഞങ്ങളുടെ മതേതരത്വമാണെന്നു പറഞ്ഞ് വഴക്കുണ്ടാക്കിയാല്‍ എന്തു ചെയ്യാന്‍ പറ്റും,പിഷാരടി ചോദിച്ചു.