വെള്ളിത്തിരയില്‍ വീണ്ടും വിസ്മയം തീര്‍ക്കാന്‍ മെഗാ പവര്‍ സ്റ്റാര്‍ രാം ചരണ്‍ എത്തുന്നു. ബുചി ബാബു സന സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം 'പെദ്ധി'യുടെ ഗ്ലിംപ്‌സ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഗുസ്തിക്കാരനായുള്ള താരത്തിന്റെ ശാരീരിക മാറ്റമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. 'പെദ്ധി പെഹല്‍വാന്‍' എന്ന മാസ്സ് അവതാരത്തില്‍ കയ്യില്‍ ഗദയുമേന്തി എതിരാളികളെ നിലംപരിശാക്കുന്ന രാം ചരണിന്റെ ദൃശ്യങ്ങള്‍ ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിനായി രാം ചരണ്‍ നടത്തിയ കഠിനാധ്വാനത്തെക്കുറിച്ച് സംവിധായകന്‍ ബുചി ബാബു സന വെളിപ്പെടുത്തിയ കാര്യങ്ങള്‍ ശ്രദ്ധേയമാണ്. എട്ടു മാസത്തോളം നീണ്ട കഠിനമായ പരിശീലനത്തിലൂടെയാണ് താരം ഈ ശരീരം നേടിയെടുത്തത്. അയ്യപ്പ ദീക്ഷ വ്രതത്തിലായിരുന്നതിനാല്‍ പൂര്‍ണ്ണമായും സസ്യഭുക്കായി തുടര്‍ന്നുകൊണ്ടായിരുന്നു ഈ പരിവര്‍ത്തനമെന്നത് അതിശയിപ്പിക്കുന്നതാണെന്ന് സംവിധായകന്‍ പറഞ്ഞു. ഗുസ്തിക്കാരുടെ പ്രധാന ആയുധമായ ഗദ ഉപയോഗിക്കുന്നതിലും താരം പ്രത്യേക പരിശീലനം നേടി. ചിത്രത്തില്‍ ഗുസ്തിക്കൊപ്പം തന്നെ ക്രിക്കറ്റിനും പ്രാധാന്യമുണ്ടെന്നും സംവിധായകന്‍ സൂചിപ്പിച്ചു.
ബോളിവുഡ് താരം ജാന്‍വി കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാം ചരണും ശിവരാജ് കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യേന്ദു ശര്‍മ്മ, ജഗപതി ബാബു, ബോമന്‍ ഇറാനി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഓസ്‌കാര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ 'ചികിരി ചികിരി', 'റായ് റായ് രാ രാ' എന്നീ ഗാനങ്ങള്‍ ഇതിനോടകം ആഗോള തലത്തില്‍ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു.
ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരുവാണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിങ്സും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2026 ഏപ്രില്‍ 30-ന് 'പെദ്ധി' ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. രത്‌നവേലു ക്യാമറയും നവീന്‍ നൂലി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.