ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പെഡ്ഡി'യുടെ ചിത്രീകരണത്തിനിടെ മെഗാ പവര്‍ സ്റ്റാര്‍ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലേറ്റ മുറിവ് സാരമുള്ളതല്ലെന്നും താരം സെറ്റില്‍ തിരിച്ചെത്തിയെന്നും ചിത്രത്തോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
മുറിവ് അല്പം ആഴത്തിലുള്ളതായതിനാല്‍ കണ്ണിന് മുകളിലായി നാല് തുന്നലുകള്‍ ഇടേണ്ടി വന്നു. കണ്ണിന് പരിക്കേറ്റെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നും കണ്ണിന് കുഴപ്പമൊന്നുമില്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വിശ്രമത്തിന് ശേഷം രാംചരണ്‍ വീണ്ടും ഷൂട്ടിങ് സംഘത്തിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു നിര്‍മിക്കുന്ന 'പെഡ്ഡി' ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇഷാന്‍ സക്‌സേനയാണ് സഹനിര്‍മാതാവ്. ജാന്‍വി കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം ശിവരാജ്കുമാര്‍, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
2024 നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഓസ്‌കാര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിലെ പുറത്തുവന്ന ഗാനം ഇതിനോടകം തന്നെ ചാര്‍ട്ട്ബസ്റ്ററുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടന്നത്.