നീണ്ട 38 വര്‍ഷത്തിനുശേഷം രജനികാന്തും സത്യരാജും ഒരുമിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. രജനിയും സത്യരാജും സുഹൃത്തുക്കളായാണ് എത്തുന്നത്. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 1975 ല്‍ റിലീസ് ചെയ്ത കമല്‍ഹാസന്‍ നായകനായ അപൂര്‍വ്വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് സിനിമാലോകത്ത് എത്തുന്നത്.
1978ല്‍ കമല്‍ഹാസന്‍ നായകനായ സട്ടം എന്‍ കൈയില്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷം അവതരിപ്പിച്ചാണ് സതര്യരാജിന്റെ അരങ്ങേറ്റം . വില്ലന്‍ വേഷത്തില്‍നിന്ന് നായകനായി മാറിയതാണ് സത്യരാജിന്റെ വെള്ളിത്തിര കഥ. തമ്പിക്ക് എന്ത ഊരു, മൂണ്‍ട്രു മുഖം, പായുംപുലി, നാന്‍ സിഗപ്പ് മനിതന്‍, മിസ്റ്റര്‍ ഭാരത് എന്നിവയാണ് രജനിയും സത്യരാജും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍.
ഷങ്കര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ശിവജിയില്‍ വില്ലനായി സത്യരാജിനെ പരിഗണിച്ചെങ്കിലും നടന്നില്ല. അതേസമയം സണ്‍ പിക്ചേഴ്‌സ് നിര്‍മ്മിക്കുന്ന കൂലിയില്‍ വില്ലന്‍ സ്വഭാവം കലര്‍ന്ന നായക വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. ജൂണ്‍ 6ന് ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.