Latest News

എമ്പുരാന്‍ കേവലം ഒരു സിനിമയല്ല.. ഞങ്ങളുടെ ചോരയും വിയര്‍പ്പുമാണ്; പൃഥ്വിരാജിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍; ട്രെയിലര്‍ കണ്ട് പ്രശംസയുമായി രാജമൗലിയും പ്രഭാസും; ഇനി ഞാന്‍ എന്തു ചെയ്യും എന്ന തുടരും  സംവിധായകന്റെ കമന്റിന് മറുപടിയുമായി പൃഥിയും

Malayalilife
 എമ്പുരാന്‍ കേവലം ഒരു സിനിമയല്ല.. ഞങ്ങളുടെ ചോരയും വിയര്‍പ്പുമാണ്; പൃഥ്വിരാജിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍; ട്രെയിലര്‍ കണ്ട് പ്രശംസയുമായി രാജമൗലിയും പ്രഭാസും; ഇനി ഞാന്‍ എന്തു ചെയ്യും എന്ന തുടരും  സംവിധായകന്റെ കമന്റിന് മറുപടിയുമായി പൃഥിയും

പ്രഖ്യാപനം എത്തിയത് മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മലയാള ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് എത്തിയതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ട്രെയ്ലര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. യൂട്യൂബില്‍ ഇതിനോടകം 5 മില്യണ്‍ കാഴ്ച്ചക്കാര്‍ ട്രെയ്ലര്‍ കണ്ട് കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 

എമ്പുരാന്‍ പോലെ ഒരു വലിയ സിനിമ നിര്‍മിക്കുക എന്നത് വലിയ സ്വപ്നമായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഒടുവില്‍ അത് യാഥാര്‍ഥ്യമാക്കിയ പൃഥ്വിരാജിന് നന്ദി പറയുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. മുംബൈയില്‍ എമ്പുരാന്റെ ഐമാക്സ് ട്രെയ്ലര്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എമ്പുരാന്‍ കേവലം ഒരു സിനിമയല്ല. തങ്ങളുടെ ചോരയും വിയര്‍പ്പുമാണ്. ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്ത് പറയണം എന്ന് തനിക്കറിയില്ല. ചിത്രം നിങ്ങളോട് സംസാരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

ഇന്ത്യയില്‍ അവിശ്വസനീയമായ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. കേരളം ഒരു ചെറിയ ഇന്‍ഡസ്ട്രി ആയിരുന്നു. പക്ഷേ, ഞങ്ങള്‍ ഒരുപാട് കാര്യംചെയ്തിട്ടുണ്ട്. അത് ഞാന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി, ഇപ്പോള്‍ മലയാളത്തിലെ ആദ്യ ഐമാക്സും. പ്രേക്ഷകര്‍ക്ക് നന്ദി. ആളുകള്‍ ഈ ചിത്രം കാണാന്‍ കാത്തിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു മാജിക് ഉണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍വശക്തന്‍ തീരുമാനിക്കട്ടെ', മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തുന്ന 27-ന് രാവിലെ കൊച്ചിയില്‍ ആദ്യ ഷോയ്ക്ക് പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍താനും ഉണ്ടാവുമെന്നും ചടങ്ങില്‍ അദ്ദേഹം വെളിപ്പെടുത്തി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമയാണ് എമ്പുരാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.

'ഒരു ബ്ലോക്ക്ബസ്റ്ററിന്റെ വരവാണ്, ആദ്യത്തെ ഷോട്ട് മുതല്‍ എന്റെ ശ്രദ്ധ പിടിച്ചു'; 'എമ്പുരാന്‍' ട്രെയ്ലറിനെ പ്രശംസിച്ച് എസ് എസ് രാജമൗലി 

മലയാള സിനിമ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്നലെയാണ് പുറത്ത് വന്നത്. വലിയ പ്രശംസയാണ് ട്രെയിലറിന് സൈബറിടങ്ങളില്‍ നിന്നും ലഭിക്കുന്നത്. മികച്ചൊരു ദൃശ്യാനുഭവമാകും ചിത്രമെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ഇപ്പോഴിതാ ട്രെയ്ലര്‍ കണ്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി. ട്രെയ്ലര്‍ കണ്ടിട്ട് ഒരു ബ്ലോക്ക്ബസ്റ്ററിന്റെ വരവാണ് തനിക്ക് തോന്നുന്നതെന്ന് രാജമൗലി എക്‌സില്‍ കുറിച്ചു. 

എമ്പുരാന്റെ ട്രെയ്ലര്‍ അതിന്റെ ഏറ്റവും ആദ്യത്തെ ഷോട്ട് മുതല്‍ എന്റെ ശ്രദ്ധ പിടിച്ചു. മോഹന്‍ലാല്‍ സാറിന്റെ സ്‌ക്രീന്‍ പ്രസന്‍സ് കാന്തികശക്തിയുള്ള ഒന്നാണ്. വമ്പന്‍ സ്‌കെയില്‍, ഗംഭീര ആക്ഷന്‍. ഇത് ഇപ്പോള്‍ത്തന്നെ ഒരു വന്‍ വിജയചിത്രമായി തോന്നുന്നു, പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും ടാഗ് ചെയ്തുകൊണ്ടാണ് രാജമൗലി എക്‌സില്‍ ഇത് കുറിച്ചിരിക്കുന്നത്. മാര്‍ച്ച് 27 ന് റിലീസ് ആവുന്ന ചിത്രത്തിന് വിജയാശംസകളും അദ്ദേഹം നേര്‍ന്നിട്ടുണ്ട്. ഒപ്പം ട്രെയ്ലറിന്റെ ലിങ്കും പങ്കുവച്ചിട്ടുണ്ട്. 

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ റിലീസിന് എത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമയാണ് എമ്പുരാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എമ്പുരാന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനിടെയാണ് ആരാധകര്‍ക്ക് ആവേശമായി എമ്പുരാന്റെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്ത് വരുന്നത്.

 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിര്‍വഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. 

ഒരേയൊരു മോഹന്‍ലാല്‍ സാറും എന്റെ വരദയും തിയേറ്ററുകളെ പിടിച്ചുകുലുക്കും: എമ്പുരാന് ആശംസകള്‍ നേര്‍ന്ന് പ്രഭാസ് 

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ സിനിമ അവസാന വട്ട പ്രമോഷന്‍ വര്‍ക്കുകളിലേക്ക് കടന്നിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി റിലീസ് ചെയ്ത സിനിമയുടെ ട്രെയ്‌ലര്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി തുടരുകയാണ്. സംവിധായകന്‍ എസ് എസ് രാജമൗലി, രജനികാന്ത് ഉള്‍പ്പടെയുള്ളവര്‍ ട്രെയ്‌ലറിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. 

ഇപ്പോള്‍ സിനിമയെക്കുറിച്ച് പ്രഭാസ് പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. 'ഒരേയൊരു മോഹന്‍ലാല്‍ സാറും എന്റെ വരദയും തിയേറ്ററുകളെ പിടിച്ചുകുലുക്കും' എന്നാണ് പ്രഭാസ് കുറിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലറിനൊപ്പമാണ് പ്രഭാസ് ഈ വാക്കുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.അതേസമയം എമ്പുരാന്‍ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 

മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് ഇന്ത്യയിലെ ബുക്കിങ് ആരംഭിക്കുന്നത്. ഓവര്‍സീസില്‍ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

എമ്പുരാന്‍ ട്രെയ്ലര്‍ കണ്ടു 'ഇനി ഞാന്‍ എന്തു ചെയ്യും..'; തുടരും ചിത്രത്തിന്റെ സംവിധായകന് മറുപടിയുമായി പൃഥ്വിരാജ്; ചാറ്റ് പങ്ക് വെച്ച് തരുണ്‍ മൂര്‍ത്തി

എമ്പുരാന്റെ സംവിധായകന്‍ പൃഥ്വിരാജുമായി നടത്തിയ ചാറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍ തന്നെ നായകനാകുന്ന തുടരുമിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഇനി ഞാന്‍ എന്തു ചെയ്യുമെന്നാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പൃഥ്വിരാജിന് മെസേജ് അയച്ചത്. അയ്യോ വ്യക്തിപരമായി ഞാന്‍ നിങ്ങളുടെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഫാന്‍ ബോയ്‌സ് എന്ന് എഴുതിയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ചാറ്റ് പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തരുണ്‍ ചാറ്റ് പങ്കുവെച്ചത്. 

rajamouli and prabhas about empuran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES