ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയം പിടിച്ചു പറ്റിയ നടിയാണ് മന്യ നായിഡു. ബാലതാരമായിട്ടാണ് ചുവടുവയ്‌പ്പെങ്കിലും നായികാ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയെടുത്ത മന്യ അഭിനയിച്ച ഏതാനും ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ നടിയാണ്. ജോക്കര്‍, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല. ജോക്കറിലെ പ്രകടനത്തിന് കേരള ക്രിട്ടിക്‌സ് അവാര്‍ഡ് മന്യയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് ഒരുപാട് നല്ല സിനിമകളില്‍ അഭിനയിക്കാന്‍ അവസരവും താരത്തിന് ലഭിച്ചു. എന്നാല്‍ സ്വന്തം കരിയറും ജീവിതവും ആണ് പ്രധാനമെന്ന് മനസിലാക്കി സിനിമ നല്‍കിയ പ്രശസ്തിയും സമ്പാദ്യവും ഉപേക്ഷിച്ച് പോകുവാന്‍ ധൈര്യം കാണിച്ച നടി കൂടിയാണ് മന്യ.
ഇംഗ്ലണ്ടില്‍ ഡോക്ടറായ പ്രഹ്ലാദന്‍ - പത്മിനി ദമ്പതികളുടെ മകളായാണ് മന്യ ജനിച്ചത്. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ നായിഡു കുടുംബത്തിലായിരുന്നു മന്യയുടെ ജനനം. ഇംഗ്ലണ്ടില്‍ വളര്‍ന്ന മന്യ ഒന്‍പതാം വയസിലാണ് ഇന്ത്യയിലേക്ക് എത്തിയത്. 14-ാം വയസില്‍ തന്നെ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ മന്യ പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചു. പിന്നീട് മുതിര്‍ന്ന ശേഷമാണ് മന്യ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തി. സീതാരാമ രാജു എന്ന സിനിമയാണ് നായികയായി മന്യ അഭിനയിച്ച ആദ്യ സിനിമ. തെലുങ്കിലായിരുന്നു സിനിമ പുറത്തിറങ്ങിയത്. എന്നാല്‍ നായികയായി വളര്‍ന്നു വന്ന നടിയ്ക്ക് പക്ഷെ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.
അങ്ങനെ സിനിമ ഉപേക്ഷിച്ച് വീണ്ടും പഠനത്തിലേക്ക് ശ്രദ്ധ നല്‍കി. കണക്കും സ്റ്റാറ്റിസ്റ്റിക്സും ക്വാണ്ടിറ്റേറ്റീവ് ഫിനാന്‍സും പ്രധാന വിഷയങ്ങളാക്കി പഠിച്ച മന്യ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് എംബിഎയില്‍ ഡിഗ്രി എടുത്തത്. തുടര്‍ന്ന് യു എസ്സില്‍ ജോലി തേടി പോകുകയുമായിരുന്നു. ന്യൂയോര്‍ക്കിലെ ഒരു കമ്പനിയുടെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി ജോലി ചെയ്ത മന്യ ഇപ്പോള്‍ സിറ്റി എന്ന പ്രശസ്തമായ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് കമ്പനിയുടെ വൈസ് പ്രസിഡന്റായാണ് ജോലി ചെയ്യുന്നത്. യുഎസില്‍ തന്നെ കുടുംബസമേതം താമസമാക്കിയിരിക്കുകയാണ് മന്യ ഇപ്പോള്‍.
2008ലാണ് മന്യയുടെ ആദ്യ വിവാഹം നടന്നത്. പ്രശസ്ത ബിസിനസുകാരനായ സത്യ പട്ടേലിലെ വിവാഹം കഴിച്ചുവെങ്കിലും അധികം വൈകാതെ ഇരുവരും വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് 2013ല്‍ ആണ് വികാസ് ബാജ്‌പേയിയുമായി മന്യ വീണ്ടും വിവാഹിതയായത്. 2016ലാണ് ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചത്. മകള്‍ ജനിച്ചതിനു ശേഷം നിരവധി ശാരീരിക ബുദ്ധിമുട്ടുകളാണ് മന്യയ്ക്ക് നേരിടേണ്ടി വന്നത്. ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഡിസ്‌കിന് തകരാറും വന്ന ശേഷവും അതിനെയെല്ലാം അതിജീവിച്ച് വീണ്ടും നൃത്തം ചെയ്യുകയും സുഖമായി എഴുന്നേറ്റ് നടക്കുകയും ചെയ്ത കഥ കൂടി മന്യയ്ക്ക് പറയാന്‍ ഉണ്ട്.
വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. വിവാഹ ശേഷം ചലച്ചിത്രമേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. മകളോടൊപ്പമുള്ള മന്യയുടെ ചിത്രങ്ങള്‍ ആരാധകരുടെ ഇടയില്‍ തരംഗമാണ്. എന്നാല്‍, അടുത്തിടെ ചില ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഏറെ വൈറല്‍ ആയിരുന്നു. ആ ചിത്രങ്ങളില്‍ ഭര്‍ത്താവിന്റെ ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. മന്യയുടെ രണ്ടാം വിവാഹം പിരിഞ്ഞോ എന്നാണ് നിരവധി പേര്‍ ഇതേ കുറിച്ച് ചോദിച്ചത്. എന്നാല്‍ തന്റെ പുതിയ കുടുംബ ചിത്രം പങ്കുവച്ചാണ് അതിനുള്ള മറുപടി മന്യ നല്‍കിയത്. 'ബര്‍ത്ത് ഡേ ഡിന്നര്‍' എന്ന ക്യാപ്ഷ്യനോടെയാണ് താരം കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചത്