Latest News

ഇത്തിക്കര പക്കിയും മുളമൂട്ടില്‍ അടിമയും; ജയനെയും പ്രേംനസീറിനെയും കണ്ട അനുഭവം പങ്കുവച്ച് കൃഷ്ണ പൂജപ്പുര

Malayalilife
ഇത്തിക്കര പക്കിയും മുളമൂട്ടില്‍ അടിമയും; ജയനെയും പ്രേംനസീറിനെയും കണ്ട അനുഭവം പങ്കുവച്ച് കൃഷ്ണ പൂജപ്പുര

സിനിമ പ്രേമികള്‍ക്ക് ഇന്നും മറക്കാനാകാത്ത രണ്ട് മുഖങ്ങളാണ് പ്രേം നസീറിന്റെയും ജയന്റേയും. മലയാള സിനിമയുടെ എക്കാലത്തെയും താര രാജാക്കന്മാരെ  തന്റെ ചെറുപ്പ കാലത്ത് കണ്ട അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്  പ്രശസ്ത തിരക്കഥാകൃത്തായ കൃഷ്ണ പൂജപ്പുര. ഇത്തിക്കരപക്കി എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി വന്നപ്പോഴാണ് പ്രേം നസീറിനെ കാണാന്‍ കഴഞ്ഞത് . തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

"പ്രേംനസീര്‍ വരുന്നു "ജയകുമാറാണ് ആ പ്രഖ്യാപനം നടത്തിയത്. ഇത്തിക്കരപക്കി എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പ്രേംനസീര്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്നു. താമസം തൈക്കാട് അമൃതാ ഹോട്ടലില്‍.. നാളെ മുതല്‍ ഷൂട്ടിംഗ്.. മാതാ പിതാ ഗുരു ദൈവം എന്നതിന് തുടര്‍ച്ചയായി പ്രേംനസീര്‍ എന്നുകൂടി ചേര്‍ത്ത് പറഞ്ഞിരുന്ന കാലം.. (അന്ന് പ്രേംനസീര്‍.. നസീര്‍ എന്നൊക്കെ പേര് ഡയറക്റ്റ് ആയിട്ടങ്ങു പറയുകയായിരുന്നു.. പിന്നീടാണ് നസീര്‍ സാര്‍ എന്ന് സാര്‍ കൂടി ചേര്‍ക്കുന്നത്.. അത് അങ്ങനെ ആണല്ലോ.. പൊതു സ്വത്തുക്കള്‍ എന്ന് കരുതുന്നവരെ പ്രായത്തില്‍ എത്ര മുതിര്‍ന്നതായാലും നേരിട്ട് വ്യക്തിബന്ധമില്ലെങ്കില്‍ പേര് ആണല്ലോ പറയുക )

എങ്ങനെയും ആരാധ്യ പുരുഷനെ കണ്ടേ പറ്റൂ.. പക്ഷെ അമൃതാ ഹോട്ടലിലൊക്കെ പിള്ളേരായ ഞങ്ങള്‍ക്ക് എങ്ങിനെ കേറാന്‍ പറ്റും.. പക്ഷെ കേറിയേ പറ്റൂ.. അന്ന് രാത്രി ഒന്ന് കഴിഞ്ഞു കിട്ടാന്‍ പെട്ട പാട് എനിക്കുമറിയാം രാത്രിക്കുമറിയാം. രാവിലെ വളരെ നേരത്തെ കുളിച്ചു തയ്യാറാകുന്നത് കണ്ടു വീട്ടില്‍ നിന്ന് ചോദ്യം വന്നു.. എക്സ്ട്രാ ക്ലാസ്സ്‌ ആണെന്ന് പറഞ്ഞു.. അഖിലലോക വിദ്യാര്‍ത്ഥി സമൂഹത്തിനു ലഭിച്ചിട്ടുള്ള ഒരു നിക്കക്കള്ളി ആണല്ലോ എക്സ്ട്രാ ക്ലാസ്സ്‌.. മകന്‍ പഠിത്തത്തില്‍ കാണിക്കുന്ന ആവേശത്തില്‍ വീട്ടുകാര്‍ക്ക് സന്തോഷമാണോ സംശയമാണോ ഉണ്ടായതെന്നറിയില്ല..

ജയകുമാര്‍, ഉദയന്‍, റഹിം, രാജേന്ദ്രന്‍ പിന്നെ ഞാന്‍.. രാവിലെ ഏഴരയോടെ അമൃതയുടെ നടയിലെത്തി. അവിടെ ഒരു ചെറുപൂരത്തിനുള്ള ജനം. അന്ന് തിരുവനന്തപുരത്തു ഷൂട്ടിംഗ് ഒക്കെ അപൂര്‍വമാണ്.. അവിടെ വെച്ച്‌ മറ്റൊരു വാര്‍ത്ത കൂടി കിട്ടുന്നു. പ്രേംനസീര്‍ മാത്രമല്ല ജയനും ഹോട്ടലില്‍ ഉണ്ട്.. ഇത്തിക്കര പക്കിയില്‍ മുളമൂട്ടില്‍ അടിമയുടെ വേഷം ജയനാണ്.. പട്ടിണിക്കാരന്റെ മുന്നില്‍ ചിക്കന്‍ ബിരിയാണിയും ഗ്രില്‍ഡ് ചിക്കനുമൊക്ക ഒരുമിച്ചെത്തിയ അവസ്ഥ.. കളരിപരമ്ബര ദൈവങ്ങളാണെ ഇന്ന് നമ്മള്‍ അകത്തു കയറും.. കാണും.. ചത്തിട്ടായാലും ശരി കൊന്നിട്ടായാലും ശരി.. എന്ന മട്ടില്‍ ചില ഭീഷ്മ പ്രതിജ്ഞകളൊക്കെ എടുത്തു.. പക്ഷെ എങ്ങനെ..? മെയിന്‍ ഡോറില്‍ ഒരു സെക്യൂരിറ്റി നിറഞ്ഞങ്ങനെ നില്‍ക്കുകയാണ്. നമ്മള്‍ ചിറയിന്‍കീഴില്‍ നിന്ന് വന്നവരാണെന്നു പറയാം.. അദ്ദേഹത്തിന്റെ ബന്ധുക്കളാണെന്നു പറയാം തുടങ്ങി പല ആശയങ്ങളും കമ്മിറ്റിക്കു മുന്‍പില്‍ വന്നു..

ഞങ്ങളുടെ ലീഡര്‍ ആയ ജയകുമാര്‍ അതൊക്കെ തള്ളിക്കളഞ്ഞു.. നിങ്ങള്‍ വാ എന്നും പറഞ്ഞു നേരെ സെക്യൂരിറ്റിക്ക് അടുത്തേക്ക്.. എന്നിട്ട് സെക്യൂരിറ്റിയുടെ കൈയ്യില്‍ പിടിച്ചു അതീവ ദയനീയമായി കാര്യം അവതരിപ്പിച്ചു.. ഏതു കഠിനഹൃദയന്റെ മനസ്സാണ് ആ കാലുപിടിത്തത്തില്‍ അലിയാത്തതു.. അമ്മാ വല്ലതും തരണേ എന്നൊക്കെയുള്ള ദീനാപേക്ഷകള്‍ അന്നത്തെ അപേക്ഷക്കുമുന്നില്‍ ഒന്നുമല്ല..സെക്യൂരിറ്റിയുടെ മനസ്സലിഞ്ഞെന്ന് പറയേണ്ടല്ലോ.. "കോറിഡോറിന്റെ അറ്റത്തു മാറിനില്‍ക്കണം അദ്ദേഹത്തെ കണ്ടാല്‍ ഉടന്‍ സ്ഥലം വിട്ടോണം.. " ഞങ്ങള്‍ അകത്തേക്ക് കടന്നു...

കോറിഡോറില്‍ അദ്ദേഹത്തിന്റെ റൂമിന്റെ വാതില്‍ തുറക്കുന്നതും നോക്കി അങ്ങനെ നില്‍ക്കുകയാണ്.. ചില അവസ്ഥകളില്‍ നമ്മുടെ ഹൃദയമിടിപ്പ് നമുക്കുതന്നെ കേള്‍ക്കാന്‍ പറ്റുമെന്നു പറയുന്നത് വളരെ ശരിയാണെന്നു അന്ന് മനസ്സിലായി.. ഞാന്‍ കേട്ടു.. അങ്ങനെ നില്‍ക്കുമ്ബോഴുണ്ട് ഞങ്ങള്‍ നില്‍ക്കുന്നതിനടുത്തെ വാതില്‍ തുറക്കുന്നു.. അതാ പുറത്തേക്കു വരുന്നു.. ജയന്‍.. കണ്ണ് ഒന്നുകൂടി തിരുമി നോക്കി.. സാക്ഷാല്‍ ജയന്‍.. മുണ്ടും ടീഷര്‍ട്ടും.. വിഗ് വെച്ചിട്ടില്ല.. ഞങ്ങളെ കണ്ടു ഒന്ന് ചിരിച്ചു.. എന്തുണ്ട് വിശേഷം എന്നൊക്കെ അദ്ദേഹം എല്ലാപേരോടുമായി ചോദിക്കുന്നുണ്ട്. പക്ഷെ ഒന്ന് കാതില്‍ കേറണ്ടേ ? ആകെ ഒരു പുകപോലെ..

കഴിഞ്ഞ സിനിമ കളിലെ കഥാപാത്രവലോകനമൊക്കെ ചിലര്‍ നടത്തുന്നു... കുറച്ചു സംസാരിച്ചു അദ്ദേഹം പോകാന്‍ തുടങ്ങിയപ്പോള്‍ ജയകുമാര്‍ അവന്റെനോട്ട് ബുക്കില്‍ നിന്ന് ഒരു പേപ്പര്‍ കീറി.. അദ്ദേഹത്തിന് നേരെ നീട്ടി.. സാര്‍ ഒരു ഓട്ടോഗ്രാഫ്.. തുടര്‍ന്ന് ഞങ്ങളെല്ലാം കൂടി അവന്റെ ബുക്കിലെ കടലാസുകള്‍ മരണവെപ്രാളത്തോടെ വലിച്ചു കീറി.. ഹോ. പഠിപ്പിക്കുന്ന സാറ് ആ ദൃശ്യം കണ്ടിരുന്നെങ്കില്‍ ഹൃദയം പൊട്ടിയേനെ.. അന്ന് ആ സൂപ്പര്‍ ഹീറോയില്‍ നിന്ന് കിട്ടിയ ആശംസ കുറിപ്പാണു ചിത്രങ്ങളില്‍ ഒന്ന്.
വീണ്ടും ഒരഞ്ചു മിനിട്ട് കഴിഞ്ഞു.. ഞങ്ങള്‍ പ്രതീക്ഷിച്ചു നിന്ന ആ മുഹൂര്‍ത്തം.. വാതില്‍ തുറന്നു ഞങ്ങളുടെ മുന്നിലേക്ക്‌ നിത്യവസന്തം വന്നു..

അമൃത ഹോട്ടലിന്റെ കോറിഡോറില്‍ പെട്ടെന്ന് വസന്തം വിരിയുന്നത് കണ്ടു.. കള്ളിമുണ്ടും ഇളം നീല ഷര്‍ട്ടും..ജീവിത സാഫല്യം എന്നൊക്കെ പറയുമല്ലോ.. ആ മുഹൂര്‍ത്തത്തെ മറ്റൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാന്‍ തോന്നുന്നില്ല.. എല്ലാരും നന്നായി പഠിക്കണം കേട്ടോ.. ആക്കുളത്താണ് ഷൂട്ടിങ്.. അവിടെ വന്നാല്‍ ഷൂട്ടിങ് കാണാം.. എന്നൊക്കെ പറഞ്ഞു.. ഓട്ടോഗ്രാഫും തന്നു.. ഒരു ചിത്രം അതാണ്..എല്ലാപേരോടും ഹൃദയപൂര്‍വം കൈ വീശി അദ്ദേഹം റൂമിലേക്ക്‌ പോയി. ഞങ്ങള്‍ നേരെ കിഴക്കേകോട്ടയിലേക്കു പാഞ്ഞു.. ആക്കുളത്തേക്കുള്ള ബസ് പിടിക്കാന്‍.. ഷൂട്ടിങ് കാണാന്‍..ഇന്ന് ടീവിയില്‍ അദ്ദേഹം അഭിനയിച്ച പഴയൊരു ഹിറ്റ്‌ സിനിമ കണ്ടപ്പോള്‍ അമൃത ഹോട്ടലും അദ്ദേഹത്തെ കണ്ടതും ഓര്‍മയില്‍ എത്തി.

krishna poojapura shared the memories of seeing premnazir and jayan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES