ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം ആരംഭിച്ച മീടു വെളിപ്പെടുത്തലുകളിലൂടെ ബോളിവുഡ് ഉൾപ്പടെയുള്ള ഇന്ത്യൻ സിനിമാ രംഗത്തും, രാഷ്ട്രീയത്തിലും നിരവധി പേർക്കാണ് സൽപേര് നഷ്ടമായത്. ഇതിൽ സത്യവും മിഥ്യയുമേത് എന്ന് തിരിച്ചറിയാൻ പ്രയാസമുളവാക്കും വിധം ആരോപണങ്ങളുടെ പെരുമഴയായിരുന്നു സമൂഹ മാധ്യമങ്ങളിൽ നിറയേ. ജനപ്രീതി നേടിയ പലരുടയേും മുഖം മൂടി അഴിഞ്ഞു വീഴും വിധമുള്ള വെളിപ്പെടുത്തലുകളായിരുന്നു മിക്കതും.
മലയാളത്തിലും തമിഴിലും തെലുങ്കിലുമടക്കം ഒട്ടേറെ പേർ മീ ടു ആരോപണങ്ങളിൽ കുരുങ്ങിയപ്പോൾ ഇവരുടെ സിനിമകളേയും അത് ബാധിക്കുമോ എന്ന ആശങ്കയായിരുന്നു പിന്നീട്. ഇതിന് ശേഷം കുറ്റാരോപിതരാകുന്നവർ സിനിമയിൽ സജീവമാകുന്നതിനെ എതിർത്ത് പല തരത്തിലുള്ള ആരോപണങ്ങളും വന്നിരുന്നു. ഈ അവസരത്തിലാണ് നടി ഖുശ്‌ബു പ്രതികരണവുമായി രംഗത്തെത്തിയത്.
'പ്രേക്ഷകരിലേക്കെത്തുന്ന സിനിമ നല്ലതാണെങ്കിൽ ഓടും, ആരോപണങ്ങളുമായി അതിനെ കൂട്ടിക്കുഴയ്ക്കരുത്'. മീ ടുവടക്കം എന്ത് ആരോപണങ്ങൾ വന്നാലും നല്ല സിനിമ വിജയിക്കുമെന്നും രാമലീല വിജയിച്ചത് അത് നല്ല സിനിമയായതുകൊണ്ടാണ് എന്നും അല്ലാതെ മറ്റൊന്നും കൊണ്ടല്ല എന്നും ഖുശ്‌ബു പറഞ്ഞു. സ്ത്രീകൾക്ക് തുറന്നു പറയാനുള്ള വേദി നൽകുന്ന പോലെ കുറ്റാരോപിതർക്ക് അവരുടെ ഭാഗം വ്യക്തമാക്കാനും അവസരം നൽകണം. കുറ്റം തെളിയിക്കപ്പെടുന്നതു വരെ ആരോപിതൻ മാത്രമാണ്.
മീ ടു ആരോപിതനായ ഹോളിവുഡ് താരം കെവിൻ സ്‌പേസിയുടെ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു എന്നാൽ അത് സിനിമ മോശമായതിനാലാണെന്ന് ഖൂശ്ബു പ്രതികരിച്ചു. ഗായിക ചിന്മയി വൈരമുത്തുവിനെതിരെ ഉന്നയിച്ച ആരോപണങ്ങളോട് ഖുശ്‌ബു എടുത്ത നിലപാട് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖുശ്‌ബു.