മലയാള ചലച്ചിത്ര പ്രേമികളുടെ പ്രിയ നാടാണ് ഗിന്നസ് പക്രു. കോമഡിക്ക് പുറമേ ക്യാരക്ടര്‍ റോളുകളിലും പക്രു ഏറെ സജീവമാണ്. എന്നാൽ ഇപ്പോൾ പക്രു തന്റെ ആദ്യ സിനിമയുടെ അനുഭവ കഥ തുറന്ന് പറഞ്ഞിരിക്കുകയാണ്. താന്‍ അഭിനയിച്ച ആദ്യ സിനിമ കാണാന്‍ അച്ഛന്റെ കൈപിടിച്ച് കോട്ടയത്തെ തിയേറ്ററില്‍ പോകുമ്പോൾ വിധി എഡിറ്ററുടെ രൂപത്തില്‍ വില്ലനായി വന്ന അനുഭവം തുറന്ന് പറയുകയാണ് പ്രിയ താരം.
'ഞാന്‍ അഭിനയിക്കാന്‍ പോകുന്ന ആദ്യ സിനിമയുടെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ ജഗതി ചേട്ടനും പപ്പു ചേട്ടനും മാള ചേട്ടനുമൊക്കെ ഇരിക്കുന്നു. സംഘട്ടനമാണ് ചിത്രീകരിച്ചത്. മേക്കപ്പ് മാന്‍ പെട്ടെന്ന് തന്നെ തലമൊട്ടയടിച്ച് വലിയ മീശയും വച്ച് എന്നെ കഥാപാത്രമാക്കി. കണ്ണാടിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ശരിക്കുമൊരു കുട്ടിച്ചാത്തന്‍. വെട്ടൂര്‍ പുരുഷന്റെ ശിഷ്യനാണ് ഞാന്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഗുണ്ടകളെ ഇടിച്ചു പറത്തുകയാണ് ഞാന്‍. എനിക്ക് തന്നെ ചിരി വന്നു. മൂന്ന് നാല് ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം മടങ്ങി.
'പപ്പു മാള ജഗതി' എന്നായിരുന്നു സിനിമയുടെ പേര്. കുറച്ചു വൈകിയാണെങ്കിലും സിനിമ ഇറങ്ങി. 'ലൂസ് ലൂസ് അരപ്പിരി ലൂസ്' എന്നായിരുന്നു സിനിമയുടെ പുതിയ പേര്. എന്റെ അഭിനയം കാണാന്‍ അച്ഛന്റെ കൈപിടിച്ചാണ് കോട്ടയത്തെ സിനിമാ ശാലയില്‍ പോയത്.
ഇടവേള വരെ സ്ക്രീനില്‍ എന്നെ കണ്ടില്ല. 'ശുഭം' എന്നെഴുതി കാണിക്കും വരെ എന്നെ കാണിച്ചതേയില്ല. എന്‍റെ ഭാഗം എഡിറ്റ് ചെയ്തു പോയത്രെ. എഡിറ്റര്‍ എന്ന വില്ലന് മുന്നില്‍ ഞാന്‍ തോറ്റ് പോയി'. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗിന്നസ് പക്രു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.