സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നടന്‍ സിദ്ദിഖിന്റെ മമ്മാ മിയാ ഹോട്ടലിനു മുന്നിലെ പരസ്യ ബോര്‍ഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. ബോര്‍ഡ് നീക്കാനെത്തിയ നഗരസഭാ ജീവനക്കാരും സിദ്ദിഖും നാട്ടുകാരുമായാണ് തര്‍ക്കമുണ്ടായത്.
തൃക്കാക്കര നഗരസഭാ ജീവനക്കാരാണ് ബോര്‍ഡ് നീക്കാനെത്തിയത്. അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവിന്റെ ഭാഗമായായിരുന്നു നടപടി. ബോര്‍ഡ് താന്‍ നീക്കം ചെയ്യാമെന്ന സിദ്ദിഖിന്റെ ആവശ്യം നഗരസഭ സ്‌ക്വാഡ് അംഗീകരിച്ചില്ല. ബോര്‍ഡ് ഉടന്‍ നീക്കണമെന്ന ആവശ്യം നഗരസഭ ഉന്നയിച്ചതോടെ തര്‍ക്കം തുടങ്ങുകയായിരുന്നു.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സണ്‍റൈസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിനു മുന്നിലെ കൂറ്റന്‍ പരസ്യബോര്‍ഡ് നീക്കാനെത്തിയ നഗരസഭാ ജീവനക്കാരെയാണ് നടന്‍ തടഞ്ഞത്.
ഹോട്ടലിന് മുന്നില്‍ പുറമ്പോക്കില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡ് മുറിച്ചുമാറ്റാന്‍ തൊഴിലാളികള്‍ കൊണ്ടു വന്ന പണിയാധുങ്ങള്‍ സിദ്ദിഖ് വലിച്ചെറിഞ്ഞു. ബോര്‍ഡ് നീക്കാന്‍ നഗരസഭ ജീവനക്കാര്‍ എത്തിയതറിഞ്ഞാണ് സിദ്ദിഖ് എത്തിയത്.
ബോര്‍ഡ് നീക്കാന്‍ നഗരസഭ മുന്‍കൂര്‍ ഉത്തരവ് നല്‍കിയില്ലെന്നായിരുന്നു നടന്റെ വാദം. പുറമ്പോക്കില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉടമയുടെ അനുമതി ആവശ്യമില്ലെന്ന് നഗരസഭ അറിയിച്ചെങ്കിലും സിദ്ദിഖ് വഴങ്ങിയില്ല. കോടതി ഉത്തരവ് കാണണമെന്നും അയാള്‍ നിലപാടെടുത്തു.
സിദ്ദിഖിന്റെ സ്ഥാപനത്തിന്റെ ബോര്‍ഡ് നീക്കാതെ മറ്റു ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന നാട്ടുകാരും നിലപാടെടുത്തു. ഇതിനിടെ കരാര്‍ തൊഴിലാളികളില്‍ ഒരാളുടെ ഷര്‍ട്ട് കീറിയതോടെ ബഹളം കനത്തു. പിന്നീട് നഗരസഭാ ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.