തിരുവനന്തപുരം തിട്ടമംഗലത്തെ പുലരിനഗറിലെ ശിവദമാണ് അന്തരിച്ച ബാലഭാസ്‌കറിന്റെ വീട്. ഇവിടെ കഴിഞ്ഞ ഞായറാഴ്ച വരെ ഉയര്‍ന്ന് കേട്ടിരുന്നത് ജാനി എന്നു വിളിക്കുന്ന തേജസ്വിനിയുടെ കളിചിരികളും ബാലഭാസ്‌കറിന്റെ വയനില്‍ നാദവുമാണെങ്കില്‍ ഇന്നവിടെ ശ്മശാനമൂകതയാണ് ഉള്ളത്. കുടുംബവീട്ടിലാണ് ബാലുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത് അതിനാല്‍ തന്നെ ബാലുവിന്റെ സ്വന്തം വീടായ ശിവദത്തില്‍ ആരുമെത്തിയില്ല.
ശിവദത്തിന്റെ മുറ്റത്ത് മുറ്റത്ത് തുള്ളിച്ചാടി നടക്കുന്ന, മാലാഖക്കുട്ടി എന്നാണ് അയല്‍ക്കാര്‍ക്ക് ബാലുവിന്റെ മകളെ കുറിച്ച് പറയാനുള്ളത്. ആ കുഞ്ഞിന്റെ നിഷ്‌കളങ്ക മുഖം അവര്‍ക്കൊന്നും മറക്കാന്‍ സാധിക്കുന്നില്ല. ആരെ കണ്ടാലും പുഞ്ചിരിക്കുന്ന നാണക്കാരിയായിരുന്നു ജാനി. ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് നേര്‍ച്ചകള്‍ക്കൊടുവില്‍ തേജസ്വിനിയെ കിട്ടുന്നത്. രണ്ടര വയസുകാരിയുടെ കരച്ചിലും പൊട്ടിച്ചിരികള്‍ക്കുമൊപ്പം വയലിന്‍ നാദവും ബാലുവിന്റെ പാട്ടുകളുമാണ് ശിവദത്തില്‍ ഉയര്‍ന്നുകേട്ടിരുന്നത്. എന്നാല്‍ ഇന്ന് ആ വീട്ടില്‍ ആരുമില്ല.
ഇന്നലെ നിര്യാതനായ ബാലുവിന്റെ മൃതശരീതം പൊതുദര്‍ശനത്തിന് വച്ചത് അച്ഛനും അമ്മയും താമസിക്കുന്ന തിരുമലയിലെ കുടുംബ വീട്ടിലാണ്. തിട്ടമംഗലത്തെ ശിവദത്തിലായിരുന്നു ബാലുവും ലക്ഷ്മിയും മകളും താമസിച്ചിരുന്നത്. ഈ വീട്് പൂട്ടിയാണ് അവര്‍ കഴിഞ്ഞ ഞായറാഴ്ച യാത്രപോയിരുന്നത്. അയല്‍ക്കാര്‍ക്ക് ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല ഇനി ജാനിയും ബാലുവും ഈ വീട്ടിലേക്ക് തിരിച്ചുവരില്ലെന്ന്.
15 വര്‍ഷം മക്കളില്ലാത്ത ദുഃഖം അനുഭവിച്ച ബാലുവിനും ലക്ഷ്മിക്കും പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടപ്പോള്‍ കിട്ടിയ കുഞ്ഞു മാലാഖയായിരുന്നു തേജസ്വിനി. അതുകൊണ്ട് തന്നെ തേജസ്വിനിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും വഴിപാടുകളും മുടക്കാറില്ലായിരുന്നു ആ കുടുംബം. തൃശൂര്‍ വടക്കുംനാഥനു മുന്നില്‍ മകള്‍ക്കായുള്ള നേര്‍ച്ചകള്‍ നടത്തി തിരിച്ച് വരും വഴിയായിരുന്നു അപകടം നടന്നത്.
ഇന്ന് തിരുമലയിലെ കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ബാലുവിന്റെ ഭൗതിക ശരീരം ഒരുനോക്ക് കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. അല്‍പസമയം മുമ്പ് ശാന്തികവാടത്തില്‍ ബാലുവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ലക്ഷ്മി ഇതു വരെയും മകളുടെയും ഭര്‍ത്താവിന്റെയും വിയോഗ വാര്‍ത്ത അറിഞ്ഞിട്ടില്ല.
ബന്ധുക്കള്‍ക്ക് ലക്ഷ്മിയോട് അത് പറയാനുള്ള ധൈര്യവുമില്ല. അതേസമയം പ്രിയപ്പെട്ടവനെ ഒരുനോക്ക് കാണാന്‍ പോലുമാകാതെ ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.