കൊച്ചി: താരസംഘടനായ എ.എം.എം.എയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സിദ്ദിഖ്, ഗണേശ് കുമാര്‍, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് നിര്‍മ്മാതാവും സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. ദിലീപിനോടുള്ള അമിതമായ വിധേയത്വം സംഘടനയെ പ്രതിസന്ധിയിലാക്കുമെന്നും ഈ പോക്ക് തുടര്‍ന്നാല്‍ മോഹന്‍ലാല്‍ അധികം വൈകാതെ പ്രസിഡന്റ്സ്ഥാനം രാജിവയ്ക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ലിബര്‍ട്ടി ബഷീര്‍ നിലപാട് വിശദീകരിക്കുന്നത്.
സിദ്ദിഖ്, മുകേഷ്, ഗണേശ് ഇങ്ങനെയുള്ള നാലഞ്ച് ആള്‍ക്കാര്‍ തുടക്കം മുതലേ ദിലീപിനെ സഹായിച്ച് കൊണ്ട്, ദിലീപിന് വേണ്ടി വാദിച്ച് കൊണ്ടിരുന്ന വ്യക്തികളാണ്. ഇന്നലെ സിദ്ദിഖ് ഒരു പത്രസമ്മേളനം നടത്തി ജഗദീഷ് ഒരു പത്രക്കുറിപ്പും ഇറക്കി. കോളേജുകളില്‍ പ്രിന്‍സിപ്പല്‍ ആയി ജോലിയെടുത്ത വ്യക്തിയാണ് ജഗദീഷ്. ഒരു സിനിമാ നടനാണെന്നതിനുപരി ആ വ്യക്തിത്വം എപ്പോഴും കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് ജഗദീഷ്. എന്റെ കുറേ ചിത്രങ്ങളില്‍ അഭിനയിച്ച വ്യക്തിയാണ്. സിനിമയില്‍ പറയുന്ന ഒരു ദു:ശീലവും അനാവശ്യവും ഇല്ലാത്ത വ്യക്തിയാണ്. മദ്യപാനം, ചീട്ടുകളി തുടങ്ങി ഒന്നും തന്നെയില്ലാത്ത ക്ലീനായ വ്യക്തിയാണ്. അദ്ദേഹം എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിന്റെ അനുമതിയോട് കൂടി നോട്ട്‌സ് ഉണ്ടാക്കിയാണ് പത്രക്കുറിപ്പ് കൈമാറിയത്.
എന്നാല്‍ സിദ്ദിഖ് ചെയ്തത് അതല്ല. സിദ്ദിഖ് കെ.പി.എ.സി.ലളിതയെയും ചേര്‍ത്ത് ലോക്കേഷനില്‍ വച്ച് പത്രസമ്മേളനം നടത്തി. ആരോടും കൂടിയാലോചിക്കാതെ സ്വന്തം മനസാലെ പറഞ്ഞ കാര്യങ്ങളാണ്. അതില്‍ ഏറ്റവും പ്രാധാന്യം കൊടുത്തത് ദിലീപിന്റെ രക്ഷയ്ക്കാണ്. ദിലീപിനെതിരേ പൊലീസിന് കൊടുത്ത മൊഴി ഇന്ന് മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. അതിന് വിരുദ്ധമായാണ് പത്രസമ്മേളനത്തില്‍ സിദ്ദിഖ് കാര്യങ്ങള്‍ പറഞ്ഞത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കം മുതലേ ഉള്ള കാരണം ഈ നാലഞ്ച് ആള്‍ക്കാരാണ്. ഇന്നസെന്റേട്ടന്‍ അതൊരു വിധത്തില്‍ കൊണ്ടുപോയി. മോഹന്‍ലാല്‍ വന്നപ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ മോഹന്‍ലാലിനെയും സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് ഈ നാലഞ്ച് ആള്‍ക്കാരാണ്.
ഡബ്ല്യു.സി.സി മുഴുവന്‍ തുറന്ന് പറഞ്ഞിട്ടില്ല. അവര്‍ ഉയര്‍ത്തുന്ന തര്‍ക്കം 100 ശതമാനം ശരിയാണ്. രേവതി ഒക്കെ പത്ത് മുപ്പത്തിയഞ്ച് വര്‍ഷമായി സിനിമയിലുണ്ട്. അവര്‍ക്കൊക്കെ പല അനുഭവങ്ങളും സെറ്റിലുണ്ടായിട്ടുണ്ട്. അതില്‍ ഒരു 10 ശതമാനം മാത്രമേ അവര്‍ പറഞ്ഞിട്ടുള്ളൂ. ദിലീപിന്റെ പക്ഷം ചേര്‍ന്ന്, ദിലീപിന് വേണ്ടി വാദിക്കുമ്പോഴാണ് മോഹന്‍ലാല്‍ അവിടെ നിസ്സാരനായി പോകുന്നത്. മോഹന്‍ലാല്‍ ഒരു സംഘടനയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് നല്ല രീതിയില്‍ കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാലിനെ എനിക്ക് വ്യക്തിപരമായി അറിയാം അദ്ദേഹം ഇങ്ങനത്തെ ഒരു വൃത്തികേടിനും കൂട്ടുനില്‍ക്കില്ല.
ഈ പോക്ക് ഇങ്ങനെ പോയാല്‍ ചിലപ്പോള്‍ അയാള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജിവച്ച് പോയിക്കളയും. ഇങ്ങനത്തെ വൃത്തികേടിനൊന്നും ലാലിനെ കിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് മമ്മൂട്ടിക്കും ഉണ്ടായത്. രണ്ട് വര്‍ഷം മമ്മൂട്ടി ആ സംഘടനായില്‍ നിന്നു. മമ്മൂട്ടി എന്ന വ്യക്തിയെ ജാതി പറഞ്ഞ് വരെ അന്ന് ആക്ഷേപിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഇന്ന് സംഘടനയില്‍ സാധാരണ മെമ്പര്‍ഷിപ്പുമായി അയാള്‍ നില്‍ക്കുന്നത്. പല ഓഫറുകളും വന്നിട്ടും മമ്മൂട്ടി സ്വീകരിച്ചില്ല.
ഡബ്ല്യു.സി.സി ആരോപണങ്ങള്‍ എല്ലാം 100 ശതമാനം കഴമ്പുള്ളതാണ്. അതിന് ധൈര്യം കാണിച്ച ആ കുട്ടികളെ അഭിനന്ദിക്കണം. ചാനലില്‍ വരുന്ന നാലഞ്ച് ആളുകള്‍ മാത്രമേ ഇവരുടെ ഒപ്പം ഉള്ളൂ എന്ന് വിചാരിക്കരുത് നല്ലൊരു വിഭാഗം ആളുകള്‍ ഇവരുടെ പിറകിലുണ്ട്. പിന്നെ മഞ്ജു വാര്യര്‍ പ്രത്യക്ഷത്തില്‍ വരാത്തത്, അവര്‍ മോഹന്‍ലാലിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതാണ്, അവര്‍ സിനിമയില്‍ സജീവമാണ്. അതുകൊണ്ടാണ് അവര്‍ നിശ്ശബ്ദരായിരിക്കുന്നത്. പക്ഷേ, മനസ് ആ കുട്ടികള്‍ക്കൊപ്പമാണ്. മഞ്ജു വാര്യര്‍ ഇവരെ വിട്ടുപോകില്ല. കാരണം ഈ കുട്ടിക്ക് വേണ്ടിയാണ് മഞ്ജു വാര്യര്‍ എല്ലാം സഹിച്ചത്. ഈ കുട്ടിക്ക് വേണ്ടിയാണ് ഡബ്ല്യു.സി.സി എന്ന സംഘടന ഉണ്ടായത്. അവര്‍ ഇങ്ങനെ നിശ്ശബ്ദരായിരിക്കുന്നത് കണ്ട് മിണ്ടുന്നില്ല എന്ന് വിചാരിക്കണ്ട. അവര്‍ അമ്മയില്‍ നിന്നും രാജിവയ്‌ക്കൊന്നുമില്ല. അതിനുള്ളില്‍ നിന്ന് തന്നെ അവര്‍ പോരാടും.
ഇനിയും പുതിയ പുതിയ ആരോപണങ്ങള്‍ വരും, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ആരോപണങ്ങളില്‍ പെടും. കുറച്ചാളികള്‍ ധൈര്യം കാണിച്ചാല്‍ മറ്റുള്ളവരും മുന്നോട്ടുവരും. എല്ലാവര്‍ക്കും ധൈര്യമാകും. ചുരുക്കം ചിലര്‍ക്കേ അത്തരം അനുഭവങ്ങള്‍ ഇല്ലാത്തവര്‍ ഉണ്ടാകൂ. മറ്റുള്ളവരെല്ലാംഅതെല്ലാം നേരിടാന്‍ സഹിച്ചുകൊണ്ടാണ് വന്നിരിക്കുന്നത്-ലിബര്‍ട്ടി ബഷീര്‍ പറയുന്നു.