മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നടൻ ജഗദീഷ്. ഹാസ്യകഥാപാത്രമായും. നായകനായും എല്ലാം താരം വെള്ളിത്തിരയിൽ തിളങ്ങുകയാണ്. 'മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ'യാണ് ജഗദീഷ് വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. സ്ഥലത്തെ പ്രധാന പയ്യൻസ്, ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങി 250-ഓളം സിനിമകളിൽ അഭിനയിച്ചു. എന്നാൽ ഇപ്പോൾ ഈ ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങൾ ആണ് താരം ഇപ്പോൾ തുറന്ന് പറയുന്നത്. മനസ്സില്‍ സംഘര്‍ഷമുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്നാണ് ജഗദീഷ് ലോക്ക് ഡൗണിനെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്.
താരത്തിന്റെ വാക്കുകളിലൂടെ
മനസ്സില്‍ സംഘര്‍ഷമുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മാനവരാശി മുഴുവന്‍ പ്രശ്നത്തിലാണ്. ഞാനും ഈ വീട്ടിലിരിപ്പുകാലത്ത് അസ്വസ്ഥനാണ്. പുസ്തകം വായന, എഴുത്ത്, പൂന്തോട്ടമുണ്ടാക്കല്‍ തുടങ്ങിയ ഒന്നിനും എനിക്ക് മനസ്സ് കൊടുക്കാന്‍ കഴിയുന്നില്ല. ഈ സമയം പലരും ഫലപ്രദമായി ഉപയോഗിക്കുന്നതായി പത്രങ്ങളിലും മറ്റും കാണുന്നുണ്ട്.
അവരോടൊക്കെ എനിക്ക് ബഹുമാനമേയുള്ളൂ. പക്ഷേ, എന്‍റെ മനസ്സില്‍ ഇപ്പോള്‍ ഈ രോഗത്തെയും മനുഷ്യന്റെ ഭാവിയെയും കുറിച്ചുള്ള ആശങ്കകള്‍ മാത്രമേയുള്ളൂ. എന്തെങ്കിലും സമയം പോകാനായി ചെയ്യാന്‍ എനിക്ക് മനസ്സുവരുന്നില്ല. പകരം ഞാന്‍ ഓരോ ദിവസവും പ്രതീക്ഷയോടെ വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ഈ രോഗത്തിനെതിരെ ഒരു വാക്സിന് കണ്ടുപിടിക്കും എന്ന പ്രതീക്ഷയിലാണ് ഞാനും.
കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഇംഗ്ലീഷ് ചാനലില്‍ ഇറ്റലിയില്‍ കൊറോണ വൈറസിനെതിരെ വാക്സിന് കണ്ടുപിടിച്ചതായി ബ്രേക്കിങ് ന്യൂസ് വന്നു. എനിക്ക് ആശ്വാസവും സന്തോഷവും തോന്നി. ഞാനീ വാര്‍ത്ത എന്‍റെ കൂട്ടുകാരുമായി ആവേശത്തോടെ പങ്കുവെച്ചു. പക്ഷേ, കുറച്ചുകഴിഞ്ഞപ്പോള്‍ അത് വ്യാജ വാര്‍ത്തയാണ് എന്ന് മനസ്സിലായി. വലിയൊരു പ്രത്യാശയാണ് ആ വാര്‍ത്ത അല്പനേരത്തേക്കെങ്കിലും നല്‍കിയത്.
ഇവിടെ വീട്ടില്‍ എന്‍റെ ഭാര്യയും രണ്ട് മക്കളും ഒരു മരുമകനും ഡോക്ടര്‍മാരാണ്. ഞാന്‍ ഇവരുമായി ഇപ്പോള്‍ സംസാരിക്കുന്നതു പോലും ഇത്തരം വിഷയങ്ങളാണ്. റിവേഴ്സ് ക്വാറന്‍റൈന്‍ എന്താണെന്നും ഹേഡ് ഇമ്യൂണിറ്റി (herd immunity) എന്താണെന്നുമൊക്കെ അവരെനിക്ക് പറഞ്ഞുതരുന്നുണ്ട്. ഒരു സമൂഹത്തില്‍ 60 ശതമാനത്തിലധികം പേര്‍ക്ക് ഒരു രോഗം വന്നാല്‍ ആ സമൂഹം സ്വാഭാവികമായി പ്രതിരോധശേഷി കൈവരിക്കും എന്ന തിയറിയെയാണ് 'ഹേഡ് ഇമ്യൂണിറ്റി' എന്നു പറയുന്നത്. പക്ഷേ, അപ്പോഴും എനിക്ക് മനസ്സിന് പ്രയാസമാണ്. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇത്രയും പേര്‍ക്ക് രോഗം വരികയെന്നു പറഞ്ഞാല്‍ വലിയൊരു വിഭാഗം പേര്‍ക്ക് ജീവന്‍ നഷ്ടമാവും. ഇതെല്ലാം കേള്‍ക്കുമ്ബോള്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.
പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് ആശ്വാസകരം തന്നെ. പക്ഷേ, ഇവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിലെ പ്രായോഗികതയെക്കുറിച്ച് ആലോചിക്കുമ്പോൾ ഉത്കണ്ഠയുണ്ട്. കഴിഞ്ഞ ദിവസം എന്‍റെ സുഹൃത്ത് നസീര്‍ എനിക്ക് ഒരു 'വോയ്സ് മെസേജ്' അയച്ചുതന്നിരുന്നു. നസീറിന്റെ ഗള്‍ഫിലുള്ള സുഹൃത്തായ മറ്റൊരു നസീര്‍ അദ്ദേഹത്തിന് അയച്ച മെസേജ് എനിക്ക് ഫോര്‍വേഡ് ചെയ്ത് തന്നതാണ്. ഈ വ്യക്തിയെ നേരില്‍ കണ്ടിട്ടില്ലെങ്കിലും അബൂദബിയില്‍ വെച്ച് ഞാന്‍ അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹം മരിക്കുന്നതിന് തൊട്ടുമുൻപ് അയച്ച മെസേജായിരുന്നു അത്. തനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും ഗള്‍ഫിലെ അവസ്ഥ മോശമാണെന്നും അതില്‍ പറഞ്ഞിരുന്നു.വിദേശത്ത് പോകുമ്പോൾ പ്രവാസി മലയാളികള്‍ കാണിക്കുന്ന സ്നേഹവും കരുതലും ഒന്നും മറക്കാന്‍ കഴിയുന്നതല്ല. എല്ലാം ശുഭമായി വരും എന്ന് പ്രതീക്ഷിക്കാനേ കഴിയുന്നുള്ളൂ.