മിന്നല്‍ മുരളിയുടെ സെറ്റ് ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് മലയാള സിനിമാ ലോകം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുയാണ്. ഇവര്‍ ഇത് ചെയ്തിരിക്കുന്നത് മിന്നല്‍ മുരളി എന്ന ചിത്രത്തോടൊ അവരുടെ അണിയറ പ്രവര്‍ത്തകരോടൊ അല്ലെന്നും കേരളത്തോടാണെന്നും നടി മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം..
എല്ലാവരും അറിഞ്ഞു കാണുമല്ലോ അല്ലേ? 'മിന്നല്‍ മുരളി' എന്ന സിനിമയ്ക്ക് വേണ്ടി നിര്‍മിച്ച പള്ളിയുടെ സെറ്റ്, അമ്ബലത്തിന്റെ മുമ്ബിലായത് കൊണ്ട്, അത് തല്ലി തകര്‍ക്കപ്പെട്ടു.. കാലടിയിലാണ് സംഭവം.ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന സിനിമയാണ് 'മിന്നല്‍ മുരളി'.
ആ സിനിമയുടെ ക്ലൈമാക്‌സ് ഭാഗം ഷൂട്ട് ചെയ്യാന്‍ നിര്‍മിച്ച പള്ളിയാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടത്. ലോക്ഡൗണ്‍ ആയതിനാലാണ് ഷൂട്ടിങ് നടക്കാതിരുന്നത്. ഗവണ്‍മെന്റിന്റെ ഉത്തരവിന് കാത്തിരിക്കുമ്ബോഴാണ് ചിലര്‍ ഈ അതിക്രമം കാട്ടിയത്. സിനിമ വ്യവസായം തന്നെ പ്രശ്‌നത്തിലാണ്. സിനിമാ തിയറ്ററുകള്‍ എന്ന് തുറക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ്.
ഒരു സിനിമ നിര്‍മിക്കുന്നതിന്റെ പിന്നിലെ അധ്വാനം വളരെ വലുതാണ്. പെട്ടിക്കകത്ത് വെറുതെ ഇരിക്കുന്ന കാശ് കൊണ്ടല്ല, സിനിമ നിര്‍മിക്കുന്നത്. സിനിമയോട് ആത്മാര്‍ത്ഥതയുള്ള, നല്ല നിര്‍മാതാക്കള്‍ തന്നെയാണ് മലയാള സിനിമയെ ഈ നിലയില്‍ നിലനിര്‍ത്തുന്നത്. സോഫിയ പോള്‍ നിര്‍മിക്കുന്ന ഈ ചിത്രവും വ്യത്യസ്തമല്ല. രണ്ട് കൊല്ലത്തെ പ്ലാനിങുണ്ട് ഈ ടൊവീനോ ചിത്രത്തിന്.
കലാസംവിധായകരുടെ ഏറെ കാലത്തെ, കഠിനാധ്വാനത്തിന്റെ ഫലമാണ്, തകര്‍ക്കപ്പെട്ട പള്ളിയുടെ സെറ്റ്. മഴയും വെയിലും വക വയ്ക്കാതെ അവര്‍ കെട്ടിപൊക്കിയത്. ആ സിനിമയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരുടെയും സ്വപ്നം ആ പള്ളിയില്‍ കേന്ദ്രീകരിച്ചിരിക്കുമ്ബോഴാണ് ലോക്ഡൗണ്‍ വന്നത്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യേണ്ട ഇടത്തോടൊപ്പം, ഇവരുടെ സ്വപ്നവും തല്ലി പൊട്ടിച്ചിരിക്കുകയാണ് ചില സാമൂഹ്യ വിരുദ്ധര്‍.
അമ്ബലത്തിന്റെ മുന്നില്‍ പള്ളി കണ്ടാല്‍ അസ്വസ്ഥരാകുന്ന മനസ്സുളള സാമൂഹ്യ വിരുദ്ധര്‍. ഇവര്‍ ഇത് ചെയ്തിരിക്കുന്നത് മിന്നല്‍ മുരളി എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവര്‍ത്തകരോടൊ അല്ല. കേരളത്തോടാണ്. മുസ്ലിം പള്ളിയും, ക്രിസ്ത്യന്‍ പള്ളിയും, അമ്പലവും എല്ലാം കാരുണ്യവാനായ ദൈവത്തിന്റെ ആലയങ്ങളാണെന്ന് ബോധ്യമുള്ള കേരളത്തോട്.നടപടിയുണ്ടാവണം. ഇത് ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുപ്പിക്കണം. അവരെ കൊണ്ട് പണിയിച്ച് കൊടുക്കാനും കൂടെ പറയണമെന്നുണ്ട്. പക്ഷേ ഇവര്‍ക്ക് പണിതുണ്ടാക്കാന്‍ അറിയില്ലല്ലോ.. തകര്‍ക്കാനല്ലേ അറിയു ! എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.