മലയാളികൾക്ക് ഏറെ സുപരിചിതനായപിന്നണിഗായകൻ ആണ് വിധു പ്രതാപ്. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ഗാനങ്ങൾ ആണ് വിധു ആലപിച്ചിരിക്കുന്നത്. സ്റ്റേജില്‍ വിധു കയറിയാല്‍ പിന്നെ ഒരു ആഘോഷമാണ് അരങ്ങേറുക. പാട്ടിനും ഡാൻസിനും പുറമേ നല്ല നര്‍മബോധമുള്ള വ്യക്തി കൂടിയാണ് വിധു എന്ന് തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഇത്തവണ വിധു എത്തിയിരിക്കുന്നത് മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ്.
രണ്ട് കാലഘട്ടങ്ങളിലായുള്ള മോഹൻലാലിന്റെ ചിത്രമാണ് ഗായകൻ പങ്കുവച്ചിരിക്കുന്നത്. 1987ലും, പിന്നീട് 2014ലും. ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്ന വാക്കുകള്‍ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. "പലപ്പോഴും ചെറിയ ചില കരുതലുകള്‍ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാന്‍ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം..ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും." എന്നാണ് വിധു കുറിച്ചിരിക്കുന്നത്.
വിധു തന്റെ സംഗീത ജീവത്തിന് തുടക്കം കുറിച്ചത് പാദമുദ്ര എന്ന സിനിമയിലൂടെയായിരുന്നു. എന്നാൽ ഇപ്പോൾ ദേവദാസി (1999) എന്ന ചിത്രത്തിലെ "പൊന്‍ വസന്തം" എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിനു ശേഷമാണ് മലയാളികൾക്ക് ഇടയിൽ വിധു ഏറെ സുപരിചിതനാകുന്നത്. പിന്നാലെ നിറം എന്ന ചിത്രത്തിലെ "ശുക്‌രിയ" എന്ന ഗാനം വിധുവിനെ മലയാളികൾക്ക് ഇടയിൽ പ്രിയങ്കരനാക്കി.
സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഗാനാലാപന മത്സരങ്ങളില്‍ പങ്കെടുക്കുകയും തന്റെതായ സ്ഥാനം ഊട്ടിയുറപ്പിക്കുകയും ചെയ്‌തിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്ബോളാണ് "പാദമുദ്ര" എന്ന സിനിമയില്‍ വിധു ആദ്യമായി പാടുന്നത്. ഏഷ്യാനെറ്റ് ടി വിയുടെ "വോയ്സ് ഒഫ് ദി ഇയര്‍" എന്ന പരിപാടിയില്‍ 17-ാമത്തെ വയസ്സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്‌തിരുന്നു. സംഗീതസംവിധായകന്‍ ദേവരാജന്‍ മാഷിന്റെ ശിഷ്യൻ കൂടിയാണ് വിധു പ്രതാപ്.