ബാലനാടിനായി മലയാള സിനിമയിലേക്ക് ചേക്കേറിയ നായികയാണ് ശരണ്യാ മോഹൻ. മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും കന്നഡത്തിലും അഭിനയ മികവ് തെളിയിച്ചിരുന്നു. എന്നാൽ വിവാഹിതയായതോടെ അഭിനയജീവിതം വിടുകയും കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുകയും ചെയ്‌തിരുന്നു ശരണ്യ. സിനിമ വിട്ട താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.
അതേ സമയം ഭര്‍ത്താവിനൊപ്പമുളള ടിക്ക് ടോക്ക് വീഡിയോകളിലൂടെ താരം ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ശരണ്യ അടുത്തിടെ നൽകിയ അഭിമുഖത്തില്‍ പ്രസവത്തിന് ശേഷം താന്‍ നേരിട്ട ബോഡിഷെയ്മിങ്ങിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. മാതൃദിനത്തോടനുബന്ധിച്ചുളള അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
തടി കൂടിയതും മറ്റും പുറത്തുളളവര്‍ക്കുളള തോന്നലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ജന്മം നല്‍കിയ കുഞ്ഞിനെ നല്ല രീതിയില്‍ നോക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ആ നേരത്ത് ഞാന്‍ ജിമ്മില്‍ പോയി ശരീര ഭാരം കുറയ്ക്കാനും സ്ലിം ബ്യൂട്ടി ആവാനും നോക്കിയാല്‍ എന്റെ കുഞ്ഞ് പട്ടിണി ആവും. ഞാനെന്തിനാണ് വെറുതെ ബാലശാപം വാങ്ങിവെക്കുന്നത്.
അമ്മയാകുന്നതോടെ ശരീരത്തില്‍ മാറ്റങ്ങള്‍ സ്വാഭാവികമായും സംഭവിക്കുമെന്നും നടി പറയുന്നു. പക്ഷേ മറ്റുളളവരുടെ പറച്ചിലുകള്‍ അവസാനിപ്പിക്കാനല്ല, നമ്മുടെ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. അന്ന് എന്റെ നേരെ ബോഡി ഷെയ്മിങ്ങ് ഉണ്ടായപ്പോള്‍ അത് എറ്റവുമധികം ബാധിച്ചത് എന്റെ കുടുംബത്തെയാണ്, എനിക്കത് വലിയ കാര്യമായൊന്നും തോന്നിയില്ല.
ഇത്തരത്തില്‍ വണ്ണം വെച്ചതിന്റെ പേരില്‍, വണ്ണം കുറഞ്ഞതിന്റെ പേരില്‍ ബോഡി ഷെയ്മിങ്ങ് നേരിടുന്ന അതില്‍ തളരുന്ന അമ്മമാരോട് ഒന്ന് പറഞ്ഞോട്ടെ. യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊളളണം ആദ്യം. ഒമ്പത് മാസം കൊണ്ട് നമ്മുടെ ശരീരത്ത് ഉണ്ടാവുന്ന മാറ്റത്തെ സ്വീകരിക്കുക എന്നതാണ് എറ്റവും വലിയ കാര്യം. അത് സ്വയം മനസിലാക്കണം ഒരമ്മ. അതോടൊപ്പം കൂടെ നില്‍ക്കുന്നവരുടെ പിന്തുണയും അവര്‍ക്ക് അത്യവശ്യമാണ്. പിന്നെ മനസ് വെച്ചാല്‍ നടക്കാത്ത കാര്യമില്ലല്ലോ.
അവനവന്റെ ആരോഗ്യ സ്ഥിതി അനുസരിച്ച് സമയമെടുത്ത് വേണ്ട മാറ്റങ്ങള്‍ വരുത്താമല്ലോ. ശരണ്യാ മോഹന്‍ പറയുന്നു. എത്രയൊക്കെ ആണെങ്കിലും നമ്മളെല്ലാവരും സാധാരണ മനുഷ്യര്‍ തന്നെയാണ്. എല്ലാവര്‍ക്കും ഒരേ വികാരങ്ങളാണ്. വ്യക്തി ജീവിതത്തിലേക്ക് വന്ന് കഴിയുമ്പോള്‍ അവിടെ രാഷ്ട്രീയമോ സിനിമയോ ഒന്നും തന്നെയില്ല. ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് ഞാന്‍.
വാവയ്ക്ക് ആദ്യത്തെ പല്ല് വന്നത്, ആദ്യമായി ചിരിച്ചത്, മുട്ടിലിഴഞ്ഞ് നടന്നത്. ഇതെല്ലാം ഏതൊരു അമ്മയ്ക്കും എന്നത് പോലെ എനിക്കും ഏറെ സന്തോഷം പകര്‍ന്ന നിമിഷങ്ങളാണ്. അതല്ലാതെ സെലിബ്രിറ്റി മോം ആയി എന്നും രാവിലെ മേക്കപ്പ് ഇട്ട് കുഞ്ഞുങ്ങള്‍ക്ക് പാലു കൊടുക്കാനാവുമോ? പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് മാത്രമാണ് ആ സെലിബ്രിറ്റി സ്റ്റാറ്റസ് കാണാനാവുന്നത് എന്നും ശരണ്യ പറഞ്ഞു.