ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നോവായി കിടക്കുന്ന ഒന്നാണ് പോലീസ് ആകാന്‍ സ്വപ്‌നം കണ്ട സേതുമാധവന് ഒരു കൊലയാളി ആകേണ്ടി വന്നത്. . സേതുമാധവന്റെ ജീവിത്തി വന്ന ദുരന്തങ്ങള്‍ ഏറെയാണ്. അത്തരമൊരു അനുഭവ കഥ ആരാധകരോട് തുറന്ന് പറയുകയാണ് നടന്‍ ഷമ്മി തിലകന്‍. ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന കുറിപ്പിലൂടെയാണ് തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ പിറന്നത് എങ്ങനെയൊക്കെയാണെന്ന് ഷമ്മി തിലകന്‍ തുറന്ന് പറയുന്നത്.
1985 ല്‍ ഇരകള്‍ എന്ന സിനിമയിലൂടെ ആരംഭിച്ച ചലച്ചിത്ര ലോകത്തെ എന്റെ പ്രയാണത്തിന് ഒരു വഴിത്തിരിവായ സിനിമ. ചെങ്കോല്‍.. ഒരു നാടക, സിനിമാ സംവിധായകന്‍ ആകുക എന്ന ആഗ്രഹത്തിന്, താല്‍ക്കാലിക വിരാമമിട്ട്, ഒരു മുഴുവന്‍ സമയ അഭിനേതാവായി ഞാന്‍ മാറുവാന്‍ ഇടയായത്, 1993-ല്‍ ശ്രീ എ കെ ലോഹിതദാസിന്റെ തൂലികയില്‍ പിറവിയെടുത്ത ഈ സിനിമയിലെ സബ്-ഇന്‍സ്‌പെക്ടര്‍ വേഷത്തോടെയാണ്..!
ഈ വേഷം ചെയ്യുന്നതിനായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷണ്മുഖ അണ്ണന്‍ വിളിക്കുമ്പോള്‍, മദിരാശിയില്‍ 'ഓ ഫാബി' എന്ന ചിത്രത്തിന്റെ തിരക്ക് പിടിച്ചുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയിലായിരുന്നു ഞാന്‍. ആ സിനിമയില്‍ ഫാബി എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് ശബ്ദം നല്‍കുകയായിരുന്നു അപ്പോള്‍ ഞാന്‍. ആനിമേഷന്‍ സാങ്കേതികവിദ്യ അത്രത്തോളം പുരോഗതി കൈവരിച്ചിട്ടില്ലാത്ത ആ സമയത്ത് വളരെ ശ്രമകരമായിരുന്നു എന്റെ ജോലി.
റിലീസ് തീയതി തീരുമാനിച്ചു കഴിഞ്ഞിരുന്നതിനാല്‍ അത് നിര്‍ത്തി വെച്ചിട്ട് ചെങ്കോലിന്റെ വര്‍ക്കിന് പോകാന്‍ മനസ്സാക്ഷി അനുവദിച്ചില്ല. അതിനാല്‍ ഷണ്മുഖ അണ്ണന്റെ ക്ഷണം മനസ്സില്ലാ മനസ്സോടെ നിരസിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍. എന്നാല്‍, എന്റെ വിഷമം മനസ്സിലാക്കിയ ഫാബിയുടെ സംവിധായകന്‍ ശ്രീക്കുട്ടന്‍ സ്വന്തം റിസ്‌കില്‍ എന്നെ വിട്ടു നല്‍കാന്‍ തയ്യാറായതിനാലും; ആ വേഷം ഞാന്‍ തന്നെ ചെയ്യണം എന്ന കടുംപിടുത്തം ലോഹിയേട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനാലും ആ പോലീസ് തൊപ്പി എന്റെ തലയില്‍ തന്നെ വീണ്ടും എത്തിച്ചേരുകയായിരുന്നു.
അതിന്, ലോഹിയേട്ടനോടെന്ന പോലെ തന്നെ ഫാബിയുടെ സംവിധായകന്‍ ശ്രീക്കുട്ടനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. അങ്ങനെ മദിരാശിയില്‍ നിന്നും ''പറന്നു വന്ന്'' അന്ന് ഞാന്‍ ചെയ്ത സീനാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. എന്ത് കളി? എന്ത് കളിയായിരുന്നെടാ ഒരുമിച്ചു കളിച്ചിരുന്നത്? ഈ ഡയലോഗ് എനിക്ക് ഒത്തിരി ജനപ്രീതി സമ്മാനിച്ചു എങ്കിലും; ലാലേട്ടനെ ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുന്ന സീന്‍, അദ്ദേഹത്തിന്റെ ആരാധകരുടെ അപ്രീതി സമ്പാദിക്കാനും ഇടയാക്കി. അന്നവര്‍ എന്നെ വിളിച്ച തെറി മലയാള സിനിമയിലെ ഒരു നടനേയും ഒരാളും, ഒരുകാലത്തും വിളിച്ചിട്ടുണ്ടാവില്ല. അന്നത് ഒരുപാട് സങ്കടം ഉണ്ടാക്കി എങ്കിലും, ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനബോധമാണ് എന്നില്‍ ഉണ്ടാകുന്നത്..