മലയാളി പ്രേക്ഷകരെ നർമ്മത്തിലൂടെ കൈയിലെടുക്കാൻ കഴിയുന്നതിലൂടെയാണ് രമേഷ് പിഷാരടിയ്ക്ക് ഏറെ പ്രേക്ഷക പിന്തുണ ലഭ്യമായത്. മിമിക്രിക്ക് പുറമെ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് , അവതാരകൻ എന്നീ മേഖലകളിലും പിഷാരടി തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്‌തു. അതേ സമയം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുള്ള ചില കുറിപ്പുകൾ ഏറെ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ഉള്ളത്.
രാജ്യമൊന്നാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ വിശേഷങ്ങള്‍ ഓരോന്നായി ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. രസകരമായ പല ഓര്‍മ്മകളാണ് അദ്ദേഹം പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഒരുപാട് സമയം കിട്ടുന്നതിനാൽ പങ്കുവയ്ക്കുന്നത്.ലോഹിദാസ് ചിത്രമായ നിവേദ്യം എന്ന സിനിമയുടെ ലൊക്കേഷൻ വിശേഷമാണ് പിഷാരടി ഇപ്പോൾ പങ്കുവയ്ക്കുന്നത്.
രമേഷ് പിഷാരടിയുടെ കുറിപ്പിലൂടെ
ഏഷ്യാനെറ്റിലെ 'സിനിമാ ഡയറി' എന്ന പരിപാടിയുടെ ഷൂട്ടിങ്ങിനായി സംഘം 'നിവേദ്യം' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തി. ലഞ്ച് ബ്രേക്കിന് എത്താനാണ് ലോഹിതദാസ് സര്‍ പറഞ്ഞത്. ബ്ലോക്ക് ഉള്‍പ്പടെയുള്ള പതിവ് കാരണങ്ങള്‍ കൊണ്ട് ലൊക്കേഷനില്‍ എത്താന്‍ വൈകി. സിനിമ ചിത്രീകരണത്തിന് ഇടവേളകളില്‍ മാത്രമേ ഇനി ചെന്ന കാര്യം നടക്കു.
അണിയറ പ്രവര്‍ത്തകരുടെയും താരങ്ങളുടെയും വീഡിയോ ബൈറ്റ്‌സും മറ്റും എടുക്കണം. മനോഹരമായ ഒരു ക്ഷേത്രമാണ് ലൊക്കേഷന്‍. ലോഹിതദാസ് സാറിനെ സോപ്പിട്ടാലെ കാര്യം നടക്കു എന്നു മനസിലാക്കിയ പ്രോഗ്രാം പ്രൊഡ്യൂസറും അവതരകനുമായ 'സതീഷ് അമരവിള' ഷര്‍ട്ടഴിച്ചു! ക്ഷേത്രത്തില്‍ മൂന്ന് പ്രദക്ഷിണം വച്ചു. ലോഹിതദാസ് സര്‍ കാണുന്നുണ്ട് എന്നു ഉറപ്പു വരുത്തിയ ശേഷം 10 രൂപ കാണിക്ക ഇട്ടു.
സാഷ്ടാംഗം നമസ്‌കരിച്ച് പ്രാര്‍ത്ഥിച്ചു. 'ഈശ്വര സിനിമാ ഡയറിയുടെ ഷൂട്ടിംഗ് ഭംഗി ആയി നടക്കണേ' എന്നിട്ടു നേരെ ചെന്നു ലോഹിദാദാസ് സാറിനോട് പറഞ്ഞു 'സര്‍ ഈ സിനിമ നന്നായി വിജയിക്കണമേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. സിനിമാ ഡയറിയുടെ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്? ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു, 'ഈ ക്ഷേത്രം സിനിമക്ക് വേണ്ടി ഞങ്ങള്‍ സെറ്റ് ഇട്ടതാണ്' എന്നും പിഷാരടിയുടെ കുറിപ്പിലൂടെ വ്യക്തമാകുന്നു.