മോഹൻലാൽ ഹിറ്റ് സിനിമകളിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടമുള്ള ഒരു സിനിമയാണ് തൂവാനത്തുമ്പികള്‍. ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള കണ്ടുമുട്ടലുകളും പ്രണയവുമെല്ലാം ആരാധക ഹൃദയങ്ങളിൽ ഇപ്പോഴും മായാതെ നിൽപ്പുണ്ട്, എന്നാൽ ഇപ്പോൾ വീണ്ടും ടെലിവിഷനിലൂടെ തൂവാനത്തുമ്പികള്‍ കണ്ട അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍ എംഎ നിഷാദ്.
എം എ നിഷാദിന്റെ കുറിപ്പ്
ഇന്ന് ഞാന്‍ ടി വി യുടെ റിമോട്ട് കണ്ട്രോളില്‍ ചുമ്മ കുത്തികൊണ്ടിരുന്നപ്പോള്‍,ഏഷ്യാനെറ്റില്‍ തൂവാനതുമ്പികള്‍ സിനിമ. പ്രിയപ്പെട്ട പത്മരാജന്‍ സാറിന്റെ സിനിമ. എത്ര വട്ടം കണ്ടിട്ടുണ്ടെന്ന് എണ്ണി തിട്ടപെടുത്താന്‍ കഴിയില്ല. എത്രയോ വട്ടം. ഇന്നും കണ്ടു. പത്മരാജന്റെ സിനിമകള്‍ അങ്ങനെയാണ്. നമ്മളെ അങ്ങനെയങ്ങിരുത്തും. ജയകൃഷ്ണനും ക്ലാരയും അവരുടെ പ്രണയവും കൂടിച്ചേരുകളും അത് വെറും പ്രണയമല്ല അവരുടെ ആത്മാക്കള്‍ തമ്മിലുളള പ്രണയമാണ്.
ഒരുപക്ഷെ സോള്‍മേറ്റ് എന്നൊക്കെ പറയാവുന്ന ബന്ധം..മലയാളത്തില്‍ തൂവാനതുമ്പികള്‍ പോലെ ആത്മാവിന്റെ പ്രണയം ഇത്ര മനോഹരമായി മറ്റൊരു സിനിമയിലും പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ഓരോ കഥാപാത്രങ്ങളേയും സൂക്ഷമതയോട് കൂടി സംവിധായകന്‍ നമ്മുടെ മനസ്സില്‍ വരച്ചിടുന്നു. ഒരിക്കലും മായാത്ത ചിത്രങ്ങളായി ഇന്നും പ്രേക്ഷകരുടെ മനസ്സിലെ ക്യാന്‍വാസില്‍ പതിഞ്ഞിരിക്കുകയാണ് അവയെല്ലാം.
മോഹന്‍ലാലും സുമലതയും ജയകൃഷ്ണനും ക്ലാരയുമായി മാറുമ്പോള്‍ മറ്റൊരു കഥാപാത്രം അവരുടെയിടയിലൂടെ സഞ്ചരിക്കുന്നുണ്ട്. അത് ബാബു നമ്പൂതിരി ചെയ്ത തങ്ങള്‍ എന്ന കഥാപാത്രമാണ്. ബാബു നമ്പൂതിരി ഒരു മികച്ച നടനാണെന്നുളള അഭിപ്രായം എനിക്കില്ല. എന്നാല്‍ തങ്ങള്‍ എന്ന കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കി. ഒരു പിമ്പിന്റെ മാനറിസങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട്,ആ കഥാപാത്രത്തോട് നീതി പുലര്‍ത്തി ബാബു നമ്പൂതിരി.
മണ്ണാറത്തൊടിയിലെ തറവാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ കാണാന്‍ ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങള്‍ എന്ന കഥാപാത്രം വരുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. ആ സീനിലെ രണ്ട് നടന്മാരുടേയും പ്രകടനം അവിസ്മരണീയമായിരുന്നു. ജയകൃഷ്ണന്റെ അമ്മയെ തന്നെ ചെറിയ ക്ലാസ്സില്‍ പഠിപ്പിച്ച കുരുക്കള്‍ മാഷാണെന്ന് പറഞ്ഞ് തങ്ങളെ പരിചയപ്പെടുത്തുന്ന ആ രംഗത്തില്‍ ബാബു നമ്പൂതിരിയുടെ പ്രകടനം.
അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചതാണെന്ന അഭിപ്രായമാണെനിക്കുളളത്. പത്മരാജന്‍ എന്ന ചലച്ചിത്രകാരനെ നാം മനസ്സുകൊണ്ട് നമിക്കുന്ന നിമിഷങ്ങളാണത്. പത്മരാജന്‍ സിനിമകള്‍ അങ്ങനെയാണ്. നാം അദ്ദേഹത്തിന്റെ കഥയേയും കഥാപാത്രങ്ങളേയും ഹൃദയത്തിലെടുക്കും. ആ കഥാപാത്രങ്ങള്‍ നമ്മളേയും. നാം അവരേയും പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. ഈ ലോക് ഡൗണ്‍ കാലത്ത് തൂവാനതുമ്പികള്‍ എന്ന പത്മരാജന്‍ സിനിമയുടെ പ്രകടനത്തിന് ബാബു നമ്പൂതിരിക്കിരിക്കട്ടെ എന്റെ വക ഒരു കുതിര പവന്‍ (വൈകിയാണെങ്കിലും).