മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ കൃഷ്ണകുമാർ. 1994ൽ പുറത്തിറങ്ങിയ കാഷ്‌മീരം എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. നിരവധി സിനിമകളിലും സീരിയലുകളിലും അനേകം വേഷങ്ങൾ അവതരിപ്പിച്ച താരത്തിന് മലയാള സിനിമയിലെ മുന്നിരനായകന്മാർക്കൊപ്പം അഭിനയിക്കാൻ ഉള്ള അവസരവും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്. കറിവേപ്പില അരച്ച് ചേർത്ത മോര് ജീവിതത്തിന്റെ ഭാഗമായതിങ്ങനെ എന്ന് തുറന്ന് പറയുകയാണ് താരം.
വർഷങ്ങൾക്ക് മുൻപ് സിനിമാ ജീവിതവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ താമസിക്കുന്ന കാലത്ത് അൾസറിന്റെ ബുദ്ധിമുട്ടികൾ അലട്ടാൻ തുടങ്ങി. അപ്പോൾ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞു മോരിൽ കറിവേപ്പില അരച്ച് ചേർത്ത് കുടിക്കാൻ, വെറുതേ ഇട്ട് കുടിച്ചാൽ പോരാ.
അങ്ങനെ ആ മോര് കുടിച്ചു തുടങ്ങി, വയറിന് നല്ല സുഖം കിട്ടി. അതിനു ശേഷം വീട്ടിലേക്ക് എത്തിയപ്പോൾ ഇതിലേക്ക് വേറെ ചിലകൂട്ടുകാരെക്കൂടി ഇതിലേക്ക് കൂട്ടി. വെളുത്തുള്ളി, ഉള്ളി, മല്ലിയില, കറിവേപ്പില, കീഴാർനെല്ലി, ജീരകം, കാന്താരിമുളക്, ഉപ്പ് എല്ലാം ചേർത്ത ടേസ്റ്റി മോര് ജീവിതത്തിന്റെ ഭാഗമായി. ഇപ്പോൾ ആ സുഹൃത്തിന്റെ പേരൊക്കെ മറന്നു പോയി...എന്നാലും ആ അഞ്ജാത സുഹൃത്തിന് നന്ദി പറഞ്ഞു കൊണ്ട് ഇന്നും മോര് കുടിക്കാറുണ്ട് എന്നും നടൻ വ്യക്തമാക്കി.