മലയാളത്തിന്റെ വാനമ്പാടി ചിത്രയെപോലെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍. അമ്മയ്ക്ക് പിന്നാലെ സുജാതയുടെ മകള്‍ ശ്വേതയും സിനിമാ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായി 2017 ഡിസംബറിലാണ് ശ്വേതയ്ക്ക് ഭര്‍ത്താവ് അശ്വിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. ശ്രേഷ്ഠയെന്നാണ് കുഞ്ഞിന്റെ പേര്. സുജാതയ്ക്കും അമ്മ ശ്വേതയ്ക്കു മൊപ്പമുളള കുഞ്ഞിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ ലോക്ഡൗണില്‍ കുഞ്ഞിനൊപ്പം ഏറെ സമയം ചിലവഴിക്കാന്‍ പറ്റുന്ന സന്തോഷത്തിലാണ് സുജാതയും മകള്‍ ശ്വേതയും. ചെന്നൈയിലെ വീട്ടിലാണ് കുടുംബസമേതം ഇവര്‍ താമസിക്കുന്നത്.
ചെന്നൈയില്‍ അണ്ണാ നഗറിലെ ആ മൂന്നു നില വീട്ടില്‍ ലോക്ക് ഡൌണ്‍ ആയതിനുശേഷം ഏറെ ആഘോഷിക്കുന്നത് ശ്രേഷ്ഠ തന്നെയാണ്. എപ്പോഴും തിരക്കില്‍ മാത്രം കണ്ടിട്ടുള്ള അമ്മയും അമ്മൂമ്മയും തനിക്കൊപ്പം കളിക്കാന്‍ ഉണ്ടെന്നതാണ് ശ്രേഷ്ഠയുടെ ഏറ്റവും വലിയ സന്തോഷം. കോവിഡ് ഹോട്ട്‌സ്‌പോട്ടാണ് ചെന്നൈ എന്ന വിഷമം ഒഴിച്ചുനിര്‍ത്തിയാല്‍ കുടുംബത്തോടൊപ്പം അടുത്തകാലത്തൊന്നും ഇത്രയും സമയം ചിലവിടാന്‍ ശ്വേതയ്ക്കും സുജാതയ്ക്കും അവസരം കിട്ടിയിട്ടില്ല.
രണ്ടു മാസമായി എല്ലാവരും വീട്ടിലുണ്ട്. മൂന്നുനില വീട്ടില്‍ താഴത്തെ നിലയിലാണ് സുജാതയും ഭര്‍ത്താവ് മോഹനും അമ്മയും താമസിക്കുന്നത്. രണ്ടാമത്തെ നിലയില്‍ ശ്വേതയും ഭര്‍ത്താവ് അശ്വിനും മകളും മൂന്നാമത്തെ നിലയില്‍ അശ്വിന്റെ കുടുംബവുമാണ് താമസിക്കുന്നത്. ശ്വേതയ്ക്ക് മകളുണ്ടായതോടെയാണ് സുജാത ഇങ്ങോട്ടേക്ക് താമസം മാറിയത്. അത് ലോക്ഡൗണില്‍ ഉപകാരമായി മാറി. എല്ലാവര്‍ക്കും ഒന്നിച്ച് നില്‍ക്കാനും കഴിഞ്ഞു. ലോക്ഡൗണിന്റെ സങ്കമുണ്ടെങ്കിലും ശ്രേഷ്ഠ എന്ന വീട്ടിലെ കുഞ്ഞിത്താരം വീട് ശരിക്കും സ്വര്‍ഗമാക്കി മാറ്റുന്നുണ്ട്. മുമ്പ് തിരക്കായതിനാല്‍ വീട്ടുജോലി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഇഷ്ടമുള്ള ആഹാരമൊക്കെ വച്ചുണ്ടാക്കി കഴിക്കാനും കുഞ്ഞിനെ കഴിപ്പിക്കാനുമൊക്കെ സമയമുണ്ട്. കുഞ്ഞുമോള്‍ ഉള്ളതിനാല്‍ തന്നെ ആര്‍ക്കും ഒട്ടും ബോറടിയും ഇല്ലെന്നും സുജാത പറയുന്നു. സാധനങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തുന്നുണ്ട്. പുറത്തൊക്കെ പോയിട്ട് രണ്ടു മാസമായി എന്നും ഈ മഹാമാരി കാരണം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നെന്നും സുജാത പറയുന്നു. അതൊടൊപ്പം തന്നെ അവര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലൊക്കെ സുജാതയും ശ്വേതയും പാട്ടുപാടി നല്‍കാറുണ്ട്. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ഇങ്ങനെയെങ്കിലും സാധിക്കുന്നല്ലോ എന്ന ചാരിതാര്‍ഥ്യവും സുജാതയ്ക്കുണ്ട്.