കണ്ണാടിയുണ്ട് ഓരോ തവണയും ഞാന്‍ ബെഡ്റൂമില്‍ പോകുമ്പോള്‍ എന്റെ പ്രതിരൂപം എന്നെ ആക്രമിക്കാന്‍ വരുന്ന പോലെ ഒരു തോന്നല്‍; ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവച്ച് ബാലചന്ദ്ര മേനോൻ

Malayalilife
കണ്ണാടിയുണ്ട് ഓരോ തവണയും ഞാന്‍ ബെഡ്റൂമില്‍ പോകുമ്പോള്‍ എന്റെ പ്രതിരൂപം എന്നെ ആക്രമിക്കാന്‍ വരുന്ന പോലെ ഒരു തോന്നല്‍; ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവച്ച് ബാലചന്ദ്ര മേനോൻ

 ലയാള സിനിമയിൽ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാലചന്ദ്ര മേനോൻ. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ ഇരിക്കേണ്ട അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നടൻ. മക്കള്‍ വിദേശത്താണെന്നുള്ളതിന്റെ ആശങ്കകള്‍ക്കൊപ്പമാണ് കൊറോണയെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണാറുള്ളതെന്നും നടൻ തുറന്ന് പറയുന്നു. 

ഒള്ളത് പറയണമല്ലോ, സംഗതി നല്ല ബോറടിയായിട്ടുണ്ട്. ആദ്യമൊക്കെ കോവിഡിനെ ഒരു തമാശയായിട്ടാണ് എല്ലാവരും കാണാന്‍ ശ്രമിച്ചത് എന്ന് തോന്നുന്നു. ചാനലില്‍ വന്നിരുന്ന് 'ഞാന്‍ കുക്കിങ് പഠിച്ചു 'എന്നൊക്കെ പറയാനും അങ്ങനെ പറഞ്ഞു കേള്‍ക്കാനുമൊക്കെ ഒരു രസം തോന്നിയിരുന്നു. ഞാനും പറഞ്ഞു: ഇതൊരു നല്ല അവസരണമാണ്. നാം നമ്മിലേക്ക് ടോര്‍ച്ച അടിച്ചു നോക്കുക. അല്ലെങ്കില്‍ മുഷിയാതിരിക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗം. നാം നമ്മോടൊപ്പം കമ്പനി കൂടിയിരിക്കുക. വേറെ ആരേം കൂട്ടാതിരിക്കുക ' കേള്‍ക്കാന്‍ രസമുള്ള ആശയമാണത് എന്ന് പിന്നീട് എനിക്ക് ബോധ്യപ്പെട്ടു.

എന്തെന്നാല്‍ ആദ്യമായി നമ്മളോടൊപ്പം സമയം ചെലവഴിച്ചപ്പോഴാണ് നാം ഉദ്ദേശിക്കുന്ന പോലെ 'നാം' അത്ര രസികന്‍ കഥാപാത്രമാണ് എന്നും ഒരുപരിധി വരെ പരമ ബോറനാണെന്നും മനസ്സിലായത്. ഒന്നോര്‍ത്തു നോക്കിക്കേ. മാര്‍ച്ച് ഒന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ തടവുകാരനാണ്. പ്രധാനമന്ത്രി പറഞ്ഞത് പോലെ വീടിന്റെ ലഷ്മണ രേഖ അതായത് വീടിന്റെ പ്രവേശനകവാടം ഞാന്‍ താണ്ടിയിട്ടില്ല എന്നര്‍ത്ഥം. ഞാന്‍ പതിവ് പോലെ അഞ്ചര മണിക്കു ഉണരുന്നു. എന്റെ വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു.

ഭക്ഷണം കൃത്യ സമയത്തു ഭാര്യ തരുന്നു. ഞാന്‍ ഭക്ഷിക്കുന്നു. ആ ക്ഷീണം മറക്കാന്‍ കിടക്കയെ ശരണം പ്രാപിക്കുന്നു. ടി വി കാണല്‍ ഒഴിവാക്കി. ക്രിക്കറ്റിന്റെ സ്‌കോര്‍ പറയുന്നത് പോലെ ഓരോ രാജ്യത്തേയും മരണ കണക്കു കേക്കാന്‍ വയ്യ. മകന്‍ ദുബായിലും മകള്‍ അമേരിക്കയിലുമാണ്. ഇടയ്ക്കിടയ്ക്ക് അവിടങ്ങളിലെ കോവിഡു വിശേഷങ്ങളുമായി അവര്‍ ഒരു ആശ്വാസമാകും. അവരെങ്കിലും മരണവിശേഷങ്ങള്‍ പറയാതിരിക്കട്ടെ എന്ന് ഞാന്‍ കരുതുമ്പോള്‍ എന്റെ ഭാര്യയുടെ ഇടപെടലില്‍ വീണ്ടും കണക്കെടുപ്പ് തുടങ്ങും. ഞാന്‍ വീണ്ടും കിടക്കയെ പ്രാപിക്കും.

ഇതിനിടയില്‍ മനസ്സിനെ നോവിച്ച അര്‍ജുന്‍ മാസ്റ്ററുടെ വിയോഗം. തീര്‍ന്നില്ല രവി വള്ളത്തോളിന്റെ വിട പറയല്‍... ഇന്നലെ ഞാനായിട്ട് കോസ്റ്റുമാറാക്കിയ വേലായുധന്‍ കീഴില്ലത്തിന്റെ മരണം. നാല് ഭിത്തികള്‍ക്കുള്ളില്‍ മനസ്സിലെ വിമ്മിട്ടം മുഴുവന്‍ സഹിക്കുക എന്ന് വെച്ചാല്‍. ബെഡ്‌റൂമിലേക്ക് പോകുന്ന വഴി പൂര്‍ണ്ണരൂപം കാണത്തക്കവണ്ണം ഒരു കണ്ണാടിയുണ്ട്. ഓരോ തവണയും ഞാന്‍ ബെഡ്റൂമില്‍ പോകുമ്പോള്‍ എന്റെ പ്രതിരൂപം എന്നെ ആക്രമിക്കാന്‍ വരുന്ന പോലെ ഒരു തോന്നല്‍. പേടിക്കണ്ട, വട്ടൊന്നുമല്ല.

ചിറകടിച്ചു പറന്നു നടന്നു. വായില്‍ നാക്കിനു വിശ്രമം കൊടുക്കാതെ ചിലച്ചു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ (സോറി ചെറുപ്പക്കാരന്‍ എന്ന പ്രയോഗം ശരിയല്ല. സീനിയര്‍ സിറ്റിസണ്‍സ് വെച്ച് പൊറുപ്പിക്കില്ല, ക്ഷമിക്കുക). ഒരു മാസത്തിലേറെ ജയിലില്‍ ഇട്ടതു പോലെ കൈകാര്യം ചെയ്താല്‍. പരിഹാരം ഞാന്‍ തന്നെ കണ്ടെത്തി. പാടുക. നിങ്ങളുടെ അറിവിലേക്ക് ഞാന്‍ പറഞ്ഞോട്ടെ, ജനം എന്നെ ആദ്യമായി അംഗീകരിച്ചത് പാട്ടുകാരനായിട്ടാണ്. ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്കാദ്യം കിട്ടിയ കയ്യടിയും 'സ്വര്‍ഗ്ഗപുത്രീ നവരാത്രി' എന്ന പാട്ടു പാടിയപ്പോഴാണ്.

ദിവസം എങ്ങനെയാണേലും ഒരു നാലഞ്ചു പാട്ടുകള്‍ ഞാന്‍ പാടിയിരിക്കും. എന്റെ മനസംതൃപ്തിക്കു വേണ്ടി ഞാന്‍ ഒരു പകല്‍ മുഴുവന്‍ പാടും. സംഗീത സംവിധായകരായ രവീന്ദ്രനും ജോണ്‍സണും മഞ്ജരിയും ഭരണിക്കാവ് ശിവകുമാറും പൂവച്ചല്‍ ഖാദറും പ്രവീണയും രാകേഷ് ബ്രഹ്മാനന്ദനുമൊക്കെ അത്തരം സംഗമങ്ങളില്‍ സഹകരിച്ചിട്ടുമുണ്ട്. കരോക്കെ ഏര്‍പ്പാട് കൂടിയായപ്പോള്‍ പാടാനുള്ള കമ്പവും കൂടി.

ബെഡ്റൂമില്‍ കതകടച്ചിരുന്നാല്‍ കണ്ണാടിയിലെ പ്രതിരൂപവും കാണണ്ട. ലയിച്ചിരുന്നു പാടുകയും ചെയ്യാം. അങ്ങനെ പാടിയ ഒരു പാട്ട് നിങ്ങള്‍ക്കായി. സംഗീത പ്രേമികള്‍ക്ക് 'കോവിഡ് 'സമയത്ത് എന്റെ ഒരു സമ്മാനമായി കരുതിയാല്‍ മതി. കോവിഡ് നീണ്ടു പോയാല്‍ എനിക്ക് വീണ്ടും പാടേണ്ടി വരും ക്ഷമിക്കുക.

Balachanadra menon shared her lock down days

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES