മലയാളം, തമിഴ് ചലച്ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകർക്ക് സുപരിചിതനായ പഴയകാല നായികമാരിൽ ഒരാളാണ് ശോഭ. ജെ.പി. ചന്ദ്രഭാനു സംവിധാനം ചെയ്ത തട്ടുങ്കൾ തിറക്കപ്പടും എന്ന തമിഴ് ചലച്ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയ ലോകത്തേക്ക് ശോഭ ചുവട് വച്ചത്. മലയാളത്തിൽ ഉദ്യോഗസ്ഥ എന്ന ചലച്ചിത്രത്തിലും ബാലതാരമായി വേഷമിടും ചെയ്‌തിരുന്നു. പിന്നാലെ നിരവധി ചിത്രങ്ങതന്റെ 17-ാമത്തെ വയസ്സിൽ മരണത്തിലേക്ക് നടന്നടുത്തു. ശോഭ വിടവാങ്ങി നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന ഈ വേളയിൽ താരത്തെ കുറിച്ചുള്ള ഓർമ്മ ഒരു മാധ്യമത്തിലൂടെ പങ്കുവെച്ച് നടി ജലജ.
ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി എന്നീ സിനിമകളിലാണ് ഞാനും ശോഭയും ഒരുമിച്ച് പ്രവർത്തിക്കുന്നത്. ഉൾക്കടൽ 1978 ലും ശാലിനി എന്റെ കൂട്ടുകാരി 1980 ലും പുറത്തിറങ്ങുന്നത്.ഉൾക്കടലിൽ ഞങ്ങൾക്ക് കോമ്പിനേഷൻ രംഗങ്ങൾ കുറവായിരുന്നു.പിന്നീട് ശാലിനി എന്റെ കൂട്ടുകാരിയുടെ സെറ്റിലാണ് ഞാൻ ശോഭയെ കാണുന്നത്. കോഴിക്കോട്ടായിരുന്നു ഷൂട്ടിങ്. ഒരു മാസത്തോളം അളകാപുരി ഹോട്ടലിൽ ഞങ്ങൾ ഒരുമിച്ച് താമസിച്ചു . അങ്ങനെയാണ് ഞങ്ങൾ പരസ്പരം അടുക്കുന്നത്.
ഷൂട്ടിങ്ങിന് പോകുന്നതും വരുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പുറത്ത് കറങ്ങാൻ പോകും. സിനിമകാണാനും ഷോപ്പിങ് നടത്താനുമെല്ലാം.ചിലപ്പോൾ ശോഭ പറയും, ''ജലജാ.. നമുക്ക് ഒരു ഐസ്ക്രീം കഴിച്ചാലോ'', ''പിന്നെന്താ'' എന്ന് പറഞ്ഞ് ഞാനും കൂടെ പോകും.സിനിമയെക്കുറിച്ചായിരുന്നു ഞങ്ങൾ കൂടുതൽ സംസാരിച്ചിരുന്നത്. ഡയലോഗുകളെല്ലാം ഒരുമിച്ച് പറഞ്ഞ് പഠിക്കാറുണ്ടായിരുന്നു.
ശാലിനി എന്റെ കൂട്ടുകാരിയുടെ ചില ഭാഗങ്ങൾ ഗുരുവായൂരപ്പൻ കോളേജിൽ ചിത്രീകരിച്ചിരുന്നു.ഒരിക്കൽ ശോഭ എന്നോട് പറഞ്ഞു, ''ജലജാ, സിനിമയിൽ അഭിനയിക്കുമ്പോഴാണ് അറിയുന്നത് ഈ കോളേജ് കാമ്പസും ജീവിതവുമെല്ലാം എത്ര രസകരമാണ്.'' ശോഭയ്ക്ക് കോളേജിൽ പോകാൻ പറ്റയിട്ടില്ലെന്ന് മനസ്സിലാക്കുന്നത്. ശോഭയുടെ സ്വഭാവം വളരെ രസകരമായിരുന്നു.ഒരുപാട് സംസാരിക്കുന്ന തമാശകൾ പറയുന്ന പ്രകൃതക്കാരി. പെട്ടന്ന് തന്നെ എല്ലാവരുമായി അടുക്കുമായിരുന്നു.
ശോഭയും ഞാനും വളരെ പെട്ടെന്ന് അടുക്കുകയായിരുന്നു. എന്റെ ജീവിതത്തിൽ വളരെ സന്തോഷപ്രദമായ, ഒരിക്കലും മറക്കാനാകാത്ത ഒരു മാസമായിരുന്നു ശോഭയോടൊപ്പം ഞാൻ ചെലവഴിച്ചത്. ഷൂട്ടിങ് തീർന്നപ്പോൾ ഏറെ സങ്കടത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്. ഇനി മറ്റൊരു സിനിമയിൽ നമുക്ക് കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞു പോകുന്നത്. ഷൂട്ടിങ്ങ് കഴിഞ്ഞ് ശോഭ ചെന്നൈയിലും ഞാൻ തിരുവനന്തപുരത്തേയ്ക്കും പോയി.. ഇന്നത്തെ പോലെ അന്ന് നമുക്ക് മൊബെെൽ ഫോണൊന്നുമില്ലല്ലോ. അതുകൊണ്ടു തന്നെ മൂന്ന് മാസം പരസ്പരം സംസാരിക്കാൻ ഞങ്ങൾ തമ്മിൽ കോണ്ടാക്ട് ഒന്നുമില്ലായിരുന്നു.
ഒരു ദിവസം രാവിലെ ഞാൻ പത്രമെടുത്ത് നോക്കിയപ്പോഴാണ് മുൻ പേജിൽ ഒരു വാർത്ത, നടി ശോഭ ആത്മഹത്യ ചെയ്തു. ഞാൻ തകർന്നുപോയി എനിക്കത് വിശ്വസിക്കാനായില്ല. ശോഭ എന്തിനീ കടും കെെ ചെയ്തു?.ശോഭയുടെ മരണത്തെക്കുറിച്ച് കുറേ ഊഹാപോഹങ്ങൾ ഉണ്ടായി. കഥകളുണ്ടായി. അതൊക്കെ കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. . ഒരാൾ ആത്മഹത്യ ചെയ്യണമെങ്കിൽ അതിന് തക്കതായ കാരണം വേണം. ശോഭ സങ്കടത്തോടെ ഇരിക്കുന്നത് ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല. എപ്പോഴും സന്തോഷവതിയായിരിക്കും.അതുകൊണ്ടു തന്നെ എനിക്ക് യാതൊരു തരത്തിലുള്ള സൂചനകളും ലഭിച്ചിട്ടില്ല.
വ്യക്തി ജീവിതത്തെ കുറിച്ച് ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടില്ല.എന്നോട് ശോഭയും ചോദിച്ചിട്ടില്ല, ഞാൻ തിരിച്ചും. അങ്ങനെ ചോദിക്കേണ്ടി വന്ന ഒരു സാഹചര്യം ഉണ്ടായിട്ടില്ല എന്ന് പറയുന്നതായിരിക്കും ശരി..ശോഭ എന്തിനിത് ചെയ്തു, എന്ന് ഞാൻ ഒരുപാട് തവണ ആലോചിട്ടുണ്ട്, അതും പതിനേഴാമത്തെ വയസ്സിൽ.ശോഭ ജീവിച്ചിരുന്നുവെങ്കിൽ സിനിമയിൽ ഒരുപാട് അംഗീകാരങ്ങൾ അവരെ തേടിയെത്തിയേനേ. ഒരു നിമിഷത്തെ തോന്നലായിരിക്കാം ശോഭയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. അത് ഇന്നും ഒരു ദൂരൂഹതയായി തുടരുന്നു.