ലിസിയ്ക്കും പ്രിയദര്‍ശനും ആദ്യത്തെ പേരക്കുട്ടി; കല്യാണിയുടെ ബര്‍ത്ത്‌ഡേ ആഘോഷ ചിത്രത്തില്‍ മകനും മരുമകള്‍ക്കുമൊപ്പം പേരക്കുട്ടിയും; കുടുംബ ചിത്രം ശ്രദ്ധ നേടുമ്പോള്‍

Malayalilife
 ലിസിയ്ക്കും പ്രിയദര്‍ശനും ആദ്യത്തെ പേരക്കുട്ടി; കല്യാണിയുടെ ബര്‍ത്ത്‌ഡേ ആഘോഷ ചിത്രത്തില്‍ മകനും മരുമകള്‍ക്കുമൊപ്പം പേരക്കുട്ടിയും; കുടുംബ ചിത്രം ശ്രദ്ധ നേടുമ്പോള്‍

രണ്ടു വര്‍ഷം മുമ്പാണ് ലിസിയുടേയും പ്രിയദര്‍ശന്റെയും മകന്‍ സിദ്ധാര്‍ത്ഥ് വിവാഹിതനായത്. അമേരിക്കക്കാരിയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിനെയാണ് ചെന്നൈയിലെ വീട്ടില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ സിദ്ധാര്‍ത്ഥ് വിവാഹം കഴിച്ചത്. ഇപ്പോഴിതാ, രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം സിദ്ധാര്‍ത്ഥും മെര്‍ലിനും ഒരു കുഞ്ഞിന്റെ മാതാപിതാക്കളായെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. കുഞ്ഞിന് ഒരു വയസ് ആയിട്ടില്ല. എങ്കിലും കഴിഞ്ഞ ദിവസമായിരുന്നു കല്യാണിയുടെ മുപ്പത്തിരണ്ടാം പിറന്നാള്‍. ഇത്തവണ ചെന്നൈയില്‍ കുടുംബത്തോടൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം. അതിന്റെ ഭാഗമായി മകനും മകള്‍ക്കും മരുമകള്‍ക്കും കൊച്ചു മകള്‍ക്കുമൊപ്പം സംവിധായകന്‍ പ്രിയദര്‍ശന്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചോക്ലേറ്റ് കേക്കിന് മുന്നില്‍ നിറ ചിരിയുമായി ഇരിക്കുന്ന കല്യാണിയേയും സമീപത്തായി സഹോദരന്‍ സിദ്ധാര്‍ത്ഥിനേയും ഭാര്യ മെര്‍ലിനേയും പ്രിയദര്‍ശനേയും കാണാം. കല്യാണിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് ഒരു നിമിഷം എന്നാണ് പ്രിയദര്‍ശന്‍ അടിക്കുറിപ്പായി കുറിച്ചത്. കല്യാണിയുടെ പിറന്നാള്‍ ആഘോഷത്തിനപ്പുറം ഈ കുടുംബ ഫോട്ടോയില്‍ പുതിയ അതിഥിയെ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. സിദ്ധാര്‍ഥിന്റെയും മെര്‍ലിന്റെയും മകളാണിത്. 'പ്രിയദര്‍ശന്‍ മുത്തച്ഛനായെന്നും, പേരക്കുട്ടി പിറന്ന വിവരം അറിഞ്ഞില്ലല്ലോ?' എന്നൊക്കെയുമാണ് ആരാധകരുടെ കമന്റുകള്‍.

2023ല്‍ ആയിരുന്നു സിദ്ധാര്‍ത്ഥിന്റേയും മെര്‍ലിന്റേയും വിവാഹം. ചെന്നൈയിലെ ഫ്‌ളാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയുമുള്‍പ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് അന്ന് വിവാഹത്തില്‍ പങ്കെടുത്തത്. പരസ്പരം വേര്‍പിരിഞ്ഞെങ്കിലും മകനുവേണ്ടി ലിസിയും പ്രിയദര്‍ശനും വിവാഹനാളില്‍ ഒന്നിച്ചെത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ചന്തു എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന സിദ്ധാര്‍ഥ് അമേരിക്കയില്‍ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം പ്രിയന്‍ സംവിധാനം ചെയ്ത മരക്കാറില്‍ വിഎഫ്എക്സ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാര്‍ഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരവും ഈ സിനിമയിലൂടെ സിദ്ധാര്‍ഥിനെ തേടിയെത്തി.

മലയാള സിനിമയിലെ താര ദമ്പതികളായിരുന്ന സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും 24 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു പിരിയാന്‍ തീരുമാനിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. 1990 ലായിരുന്നു ലിസി പ്രിയന്‍ വിവാഹം. പ്രിയദര്‍ശന്‍ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. സിനിമാ തിരക്കുകള്‍ക്കിടയില്‍ ഇരുവരും തമ്മിലുണ്ടായ സൗഹൃദം പ്രണയമാകുകയായിരുന്നു. സിദ്ധാര്‍ഥ്, കല്യാണി എന്നിവരാണ് മക്കള്‍. 2015 ലാണ് പിരിയാന്‍ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്. അത് അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിച്ചിരുന്നു. എന്തുകൊണ്ട് പിരിയുന്നു എന്നു പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, പിരിയുന്നതിലെ വേദനയും ഇരുവരും പങ്കുവച്ചിരുന്നു. ആത്മസുഹൃത്തുക്കളായ സുരേഷ് കുമാറും മോഹന്‍ലാലുമടക്കം പലരും പലതവണ ഇടപെട്ടിട്ടും അവരുടെ തീരുമാനം മാറ്റാനായിരുന്നില്ല. സംയുക്ത ഹര്‍ജി 2016 ല്‍ കോടതി തീര്‍പ്പാക്കി നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു.


 

priyadarshan family picture

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES