മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ അണിയറ വിശേഷങ്ങളും ലൊക്കേഷൻ സ്റ്റില്ലുകളുമൊക്കെ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നുമുണ്ട്. എന്നാൽ അപ്രതീക്ഷിതമായി കേരളത്തിലെത്തിയ മഴ ലൂസിഫറിനും വില്ലനായിരിക്കുകയാണെന്നാണ് സംവിധായകനായ പൃഥി പറയുന്നത്.
സിനിമയുടെ ചിത്രീകരണം കനത്ത് മഴ കാരണം മുടങ്ങിയതിനക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. മൾട്ടിപ്പിൾ ക്യാമറകൾ സെറ്റ് ചെയ്ത് ഷൂട്ടിങ് തുടങ്ങാനിരിക്കുമ്പോഴാണ് മഴ വില്ലനായി എത്തിയത്. മുഴുവൻ ടീമിനെയും ദിവസം മുഴുവൻ മഴ വെറുതെയിരുത്തിക്കളഞ്ഞുവെന്നാണ് പൃഥ്വിരാജ് പറയുന്നത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മോഹൻലാലിന്റെ മുഖം കാണിക്കാതെയുള്ള പോസ്റ്റർ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. സിനിമയിൽ യുവ നായകൻ ടോവിനോ തോമസ് പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലൻ സിനിമക്ക് ശേഷം മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുമെന്നും റിപ്പോർട്ടുണ്ട്. ഇന്ദ്രജിത്തും ചിത്രത്തിൽ മുഴുനീള കഥാപാത്രം അവതരിപ്പിക്കും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ്
മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണംസുജിത്ത് വാസുദേവാണ്. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് മോഹൻലാൽ നായകനായി താൻ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകൾ കാരണം നീണ്ട് പോകുകയായിരുന്നു.