ചെറിയ ഇടവേളയ്ക്ക് ശേഷം നിക്കി ഗിൽറാണി മലയാളത്തിലേയ്ക്ക് മടങ്ങിയെത്തുകയാണ്. ഒരു അഡാർ ലൗവിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിലൂടെയാണ് നിക്കി വെള്ളിത്തിരയിൽ മടങ്ങി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ ആരംഭിച്ചിരുന്നു. ചിത്രത്തിൽ ജോയിൻ ചെയ്ത ആദ്യ ദിവസം നിക്കിക്ക് ഒമർ ലുലു നല്കിയ സർപ്രൈസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ആദ്യ ഷോട്ടിൽ പെർഫോം ചെയ്യാൻ റെഡിയായിരിക്കുകയാണ് നിക്കി. മുറിയിൽ കട്ടിലിലിരിക്കുന്ന താരത്തിനരികെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുൺ കടന്നു വരുന്നു. എന്നാൽ സന്ദർഭത്തിന് വിഭിന്നമായി പശ്ചാത്തലത്തിൽ ഒരു പാട്ട് കേൾക്കുന്നു. എന്താണ് നടക്കുന്നതെന്നറിയാതെ അന്തംവിട്ടിരിക്കുന്ന നിക്കിയുടെ മുന്നിലേക്ക് ഒമർ ലുലു പൂച്ചെണ്ടുമായി വന്ന് നിക്കിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു.
ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയിൽ നായകൻ. ഒമർ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്കയിൽ സലിം കുമാർ, ഇന്നസെന്റ്, സാബുമോൻ, മുകേഷ്, ഉർവ്വശി,നേഹ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ഷാലിൻ സോയ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.
ഗുഡ് ലൈൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസർ ആണ് നിർമ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരൺ ലാൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദർ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ.