വിവാദങ്ങള്‍ക്ക് നടുവിലും മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ എത്തിയ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. ചിത്രം റിലീസിന് എത്തും മുന്നേ തന്നെ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ആ പരിചയപ്പെടുത്തിയ കഥാപാത്രങ്ങള്‍ക്കും അപ്പുറം അഭിനേതാക്കള്‍ സിനിമയില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയിലെ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ പോസ്റ്ററാണ് സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ലൂസിഫറിലും എമ്പുരാനിലും കണ്ട സ്റ്റീഫന്‍ നെടുമ്പള്ളിയല്ല ഒടുവില്‍ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്ററിലുള്ളത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഒന്നാമന്‍, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രണവ് അച്ഛന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നു.
15 ആമത്തെ വയസില്‍ ഫാദര്‍ നെടുമ്പള്ളിയുടെ അരികില്‍ നിന്നും കാണാതായ സ്റ്റീഫന്‍ നെടുമ്പള്ളി, പിന്നീടുള്ള 26 വര്‍ഷങ്ങള്‍ എവിടെയായിരുന്നുവെന്നൊരു ചോദ്യം ലൂസിഫര്‍ എന്ന ചിത്രത്തില്‍ ഉയരുന്നുണ്ട്. അതിനുള്ള ഉത്തരമായിട്ടായിരുന്നു എമ്പുരാനില്‍ ബോംബെ അധോലോകത്തേയ്ക്ക് പ്രവേശിക്കുന്ന യുവാവായ സ്റ്റീഫന്റെ രൂപത്തില്‍ പ്രണവ് മോഹന്‍ലാല്‍ എത്തിയത്.്
ചിത്രത്തില്‍ ബോംബെ അധോലോകത്ത് എത്തിപ്പെടുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് പങ്കുവച്ച ക്യാരക്ടര്‍ പോസ്റ്റര്‍ ഇതോടകം വൈറലായിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഇത് പ്രണവ് ആയിരുന്നോ ലാലേട്ടന്റെ എഐ ആയിരുന്നെന്നാണ് തീയറ്ററില്‍ കണ്ടപ്പോള്‍ തോന്നിയതെന്നും ഒരു ആരാധകന്‍ കമന്റ് ചെയ്തിട്ടുണ്ട്.
എല്‍ ത്രീയില്‍ പ്രണവ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുമെന്നാണ് ചില ആരാധകരുടെ വിലയിരുത്തലുകള്‍. അതേസമയം സിനിമ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം എടുത്തത് ആരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നല്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. തെറ്റുകള്‍ തിരുത്തുക എന്നത് തങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി വ്യക്തമാക്കി.