മലയാള സിനിമാ വ്യവസായം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളും അണിയറ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ആശങ്കകളും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധയില്‍പ്പെടുത്തി 'പൊങ്കാല' സിനിമയുടെ സംവിധായകന്‍ എ.ബി ബിനില്‍. മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി നേരില്‍ കണ്ടു ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സിനിമകള്‍ക്കെതിരെ നടക്കുന്ന നെഗറ്റീവ് റിവ്യൂകളും സോഷ്യല്‍ മീഡിയയിലെ മുന്‍കൂട്ടിയുള്ള വിധിയെഴുത്തുകളും സിനിമാ മേഖലയ്ക്ക് വലിയ ഭീഷണിയാണെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി.
പൊങ്കാല' തീയറ്റര്‍ റിലീസ് സമയത്ത് കടുത്ത പരിഹാസങ്ങള്‍ക്കും നെഗറ്റീവ് റിവ്യൂകള്‍ക്കും ഇരയായിരുന്നു. വിമര്‍ശനങ്ങളെ താന്‍ എതിര്‍ക്കുന്നില്ലെന്നും, കലയുടെ വളര്‍ച്ചയ്ക്ക് വിമര്‍ശനം അത്യാവശ്യമാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. എന്നാല്‍, വിമര്‍ശനത്തിന്റെ പേരില്‍ സിനിമകളെ അപമാനിക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ മുന്‍വിധി ഉണ്ടാക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാന്‍ ഗൗരവകരമായ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് കുറിപ്പില്‍ പറയുന്നു.
പൊങ്കാല സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്: ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി ഡി സതീശന്‍ സാറിനെ ഇന്ന് നേരില്‍ കാണാന്‍ അവസരം ലഭിച്ചു. മലയാള സിനിമാ വ്യവസായം ഇന്ന് നേരിടുന്ന ചില ഗുരുതര വെല്ലുവിളികളും, ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ആശങ്കകളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞു. ക്ഷമയോടെ കേള്‍ക്കുകയും വിഷയത്തിന് പ്രാധാന്യം നല്‍കുകയും ചെയ്ത അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി. ഈ കൂടിക്കാഴ്ചയില്‍ ഞാന്‍ ഒരു വ്യക്തിപരമായ അനുഭവവും പങ്കുവെച്ചു. എന്റെ സിനിമയായ 'പൊങ്കാല' തീയറ്റര്‍ റിലീസിനിടെ കടുത്ത നെഗറ്റീവ് റിവ്യൂകളും പരിഹാസങ്ങളും നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് അതേ സിനിമ Amazon Prime Video-യില്‍ ഇന്ത്യയിലെ ആക്ഷന്‍ സിനിമകളില്‍ 9-ാം സ്ഥാനത്ത് രണ്ട് ആഴ്ചയായി നിലകൊള്ളുകയാണ്.
ഇത് ഒരു സിനിമയുടെ യഥാര്‍ത്ഥ മൂല്യം പലപ്പോഴും ആദ്യ ദിവസങ്ങളിലെ സോഷ്യല്‍ മീഡിയ വിധികളിലൂടെ മാത്രം നിര്‍ണയിക്കപ്പെടുന്നില്ലെന്ന് തെളിയിക്കുന്നു. വിമര്‍ശനത്തെ ഞാന്‍ എതിര്‍ക്കുന്നില്ല. വിമര്‍ശനം കലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. പക്ഷേ വിമര്‍ശനത്തിന്റെ പേരില്‍ സിനിമകളെ പരിഹസിക്കുകയും അപമാനിക്കുകയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ മുന്‍കൂട്ടി വിധിയെഴുതുകയും ചെയ്യുന്ന പ്രവണതയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ അനിവാര്യമാണ്.
ഒരു സിനിമയുടെ പിന്നില്‍ നൂറുകണക്കിന് തൊഴിലാളികളും കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളും ഉണ്ടെന്ന കാര്യം നമ്മള്‍ മറക്കരുത്. മലയാള സിനിമയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഉത്തരവാദിത്തമുള്ള റിവ്യൂ സംസ്‌കാരത്തിനും ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഞാന്‍ മടങ്ങുന്നത്.