പൂര്‍ണിമ - ഇന്ദ്രജിത്ത് താരദമ്പതികളുടെ സ്വകാര്യ വിശേഷങ്ങള്‍ അറിയുവാന്‍ ഏറെ കൗതുകമുള്ളവരാണ് മലയാളി പ്രേക്ഷകര്‍. വര്‍ഷങ്ങളുടെ പ്രയത്നത്തിനൊടുവില്‍ മാസങ്ങള്‍ക്കു മുമ്പാണ് ഇരുവരും തങ്ങളുടെ പണിതീര്‍ത്ത പുതിയ വീട്ടിലേക്ക് താമസം മാറിയത്. അവിടുത്തെ ആദ്യത്തെ ഓണാഘോഷം എല്ലാവരേയും വിളിച്ച് അതിഗംഭീരമാക്കിയിരുന്നു ഇരുവരും. ഇപ്പോഴിതാ, പുതിയ വീട്ടിലെ ആദ്യത്തെ ദീപാവലിയും ആഘോഷമാക്കിയിരിക്കുകയാണ് താരദമ്പതികള്‍. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പൂര്‍ണിമ സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്. മല്ലിക സുകുമാരനെയും ചിത്രങ്ങളില്‍ കാണാം. സ്വപ്നഭവനത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളും മുന്‍പ് പൂര്‍ണിമ ഷെയര്‍ ചെയ്തിരുന്നു.
സ്ലീവ് ലെസ് ബ്ലൗസിട്ട് മഞ്ഞ പട്ടുസാരി ചുറ്റിയ അതീവ സുന്ദരിയായ പൂര്ണിമയയെയാണ് ആദ്യം കാണാന്‍ സാധിക്കുക. പിന്നാലെ മുറിയുടെ വാതില്‍ തുറന്ന് സ്വര്‍ണത്തളികയില്‍ കര്‍പ്പൂരം കത്തിച്ച് അമ്മായെന്നു വിളിച്ച് പുറത്തേക്ക് വരുന്ന പൂര്‍ണിമയേയും കാണാം. പിന്നാലെ മല്ലികാമ്മയ്ക്കൊപ്പം നില്ക്കുന്ന പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റെയും ചിത്രങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. വീട്ടുമുറ്റത്തു വച്ച് കമ്പിത്തിരിയും പൂത്തിരിയും കത്തിക്കുന്നതും നിറസന്തോഷത്തോടെ ആ കാഴ്ചകള്‍ കാണുന്ന കുടുംബത്തിന്റെയും എല്ലാം വീഡിയോ പൂര്‍ണിമ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ തിരുവോണ ദിനത്തില്‍ താരകുടുംബം ഒത്തുചേര്‍ന്നതിന്റെ ചിത്രങ്ങള്‍ വന്‍ ആഘോഷത്തോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. പൂര്‍ണിമയും ഇന്ദ്രജിത്തും. രണ്ടു പേരുടെയും വീട്ടുകാര്‍ മുഴുവന്‍ എത്തിയ ആഘോഷമായിരുന്നു തിരുവോണത്തിന് ഒരുക്കിയത്. കഴിഞ്ഞ മേയ് മാസത്തിലാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് താരദമ്പതികള്‍ ഈ സ്വപ്നഭവനം സാക്ഷാത്കരിച്ചത്. അതുവരെ കുടുംബസമേതം പൂര്‍ണ്ണിമയും ഇന്ദ്രനും മക്കളും ഒരു ലക്ഷ്വറി ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. ഗൃഹപ്രവേശത്തിന്റെ ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ അധികം ചിത്രങ്ങളൊന്നും പങ്കുവച്ചിരുന്നില്ല.
റോഡില്‍ നിന്നും നോക്കിയാല്‍ പെട്ടെന്ന് കാണാന്‍ സാധിക്കാത്ത വിധം പഠിപ്പുര അടക്കം നിര്‍മ്മിച്ചുള്ള വീടാണിത്. പഠിപ്പുരയ്ക്ക് അരികെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ വലിയ ഗോഡൗണ്‍ പോലെയും സെറ്റ് ചെയ്ത് ഷട്ടറിട്ടുണ്ട്. കിടിലന്‍ വീടാണ്. പടിപ്പുര കടന്ന് അകത്തേക്ക് കയറുമ്പോള്‍ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പാകത്തിന് വലിയ ചുറ്റുമതിലും അതിനകത്തെ വിശാലമായ മുറ്റവും എല്ലാം കാണാം. കേരളത്തില്‍ മറ്റാരെങ്കിലും ഈ ഡിസൈനില്‍ വീട് പണിതിട്ടുണ്ടോയെന്ന് സംശയമാണ്. പെയിന്റിങും വാതിലുകളും ജനലുകളും വീട്ടിലെ ഫര്‍ണ്ണീച്ചറുകളും ഫ്ലോറിങുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും ഇതുവരെ കണ്ടിട്ടില്ലാത്തതുമാണ്. വീടിന് അകത്ത് മരങ്ങള്‍ക്കും ചെടികള്‍ക്കുമെല്ലാം വലിയൊരു പ്രധാന്യം പൂര്‍ണ്ണിമയും ഇന്ദ്രജിത്തും നല്‍കിയിട്ടുണ്ട്. നാല് വര്‍ഷത്തിന് മുകളില്‍ സമയം എടുത്താണത്രെ വീട് പണി പൂര്‍ത്തിയാക്കിയത്. രണ്ട് വര്‍ഷം മുമ്പ് വീട് നിര്‍മാണത്തിനിടെ എടുത്ത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. അന്ന് പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഭിത്തിയില്‍ സിമന്റ് തേക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം എന്ന കുറിപ്പും ഈ വീഡിയോക്കൊപ്പം ചേര്‍ത്തിരുന്നു. ഓക്കെ അല്ലേയെന്ന് തൊഴിലാളികളോട് പൂര്‍ണിമ ചോദിക്കുന്നതും പെര്‍ഫെക്ടാണെന്ന് പൂര്‍ണിമ തന്നെ പറയുന്നതും വീഡിയോയില്‍ കാണാമായിരുന്നു