സിനിമാലോകത്ത് തന്റെ ഉയരം വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് വെളിപ്പെടുത്തി നടി പൂജ ബത്ര. ഉയരം കൂടുതലായതിനാല്‍ മികച്ച പല വേഷങ്ങളും തനിക്ക് നഷ്ടമായിട്ടുണ്ടെന്നും ഹാര്‍പേഴ്‌സ് ബസാര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. തന്റെ മാതൃകയായ സംഗീത ബിജ്ലാനി നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ച് പൂജ വെളിപ്പെടുത്തി.
'നീ മോഡലായതിനാലും ഉയരം കൂടുതലായതിനാലും സിനിമയില്‍ അവസരം ലഭിക്കില്ലെന്നായിരുന്നു സംഗീത പറഞ്ഞിരുന്നത്. മികച്ച നടിയായിട്ടും എട്ടു വര്‍ഷം മാത്രം കരിയര്‍ നീണ്ടുനിന്ന സ്വന്തം അനുഭവത്തില്‍ നിന്നായിരുന്നു അവരുടെ ആ വാക്കുകള്‍. അത് ശരിയാണെന്ന് പിന്നീട് എനിക്ക് ബോധ്യപ്പെട്ടു' - പൂജ പറഞ്ഞു.
ചിത്രീകരണത്തിനിടയില്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും താരം മനസ്സ് തുറന്നു. ക്ലോസ് അപ്പ് ഷോട്ടുകള്‍ എടുക്കുമ്പോള്‍ നായകനെക്കാള്‍ ഉയരം കുറവാണെന്ന് തോന്നിപ്പിക്കാന്‍ കാലുകള്‍ വളച്ചുവെച്ച് നില്‍ക്കേണ്ടി വന്നിട്ടുണ്ട്. നായകന്മാരെ അലോസരപ്പെടുത്താതിരിക്കാന്‍ ഉയരം കുറഞ്ഞു കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ബന്ധിതയായിരുന്നുവെന്ന് പൂജ വെളിപ്പെടുത്തി.
എന്നാല്‍, ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് തന്റെ ഉയരം ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ലെന്ന് പൂജ പറയുന്നു. 'നീ ധൈര്യമായി ഹീല്‍സ് ധരിച്ചോളൂ, എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നായിരുന്നു സല്‍മാന്റെ നിലപാട്. തന്റെ ഉയരത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് അത്രമേല്‍ ആത്മവിശ്വാസമുണ്ടായിരുന്നു' - താരം കൂട്ടിച്ചേര്‍ത്തു. മോഡലിങ്ങില്‍ നിന്ന് സിനിമയിലെത്തിയ പൂജ ബത്ര തൊണ്ണൂറുകളില്‍ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.