അമീറിന്റെ സംവിധാനത്തിലൊരുങ്ങിയ കാര്‍ത്തിയുടെ ആദ്യ ചിത്രം 'പരുത്തിവീരന്‍' റീ റിലീസിനൊരുങ്ങുന്നു. 2007-ല്‍ പുറത്തിറങ്ങിയ ചിത്രം കോളിവുഡിലെ ആ വര്‍ഷത്തെ മെഗ ഹിറ്റായിരുന്നു. ചിത്രം തമിഴ്‌നാട്ടിലെ നിരവധി തിയേറ്ററുകളില്‍ 300 ദിവസത്തിലധികമാണ് നിറഞ്ഞ സദസ്സോടെ പ്രദര്‍ശിപ്പിച്ചത്. പരുത്തിവീരന്റെ റീ മാസ്റ്റേര്‍ഡ് വേര്‍ഷനാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രിയാമണിയായിരുന്നു ചിത്രത്തിലെ നായിക. കാര്‍ത്തിയുടെ അരങ്ങേറ്റ ചിത്രവുമാണ് ഇത്. ഒന്നിലധികം കേന്ദ്രങ്ങളില്‍ 300 ദിവസത്തിലധികം പരുത്തിവീരന്‍ തീയേറ്ററുകള്‍ ഭരിച്ചു. വീണ്ടും ബിഗ് സ്‌ക്രീനുകളില്‍ എത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഉടന്‍ റിലീസ് ചെയ്യും.
ഗംഭീര ആഘോഷത്തോടെയായിരിക്കും ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക എന്നാണ് ഇ-ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഏത് ദിവസമായിരിക്കും സിനിമ റിലീസിനെത്തുക എന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ല. പരുത്തിവീരന്‍ റിലീസ് ചെയ്തത് 2007 ഫെബ്രുവരി 27-നാണ്. 17 വര്‍ഷം തികയുന്ന 27-ന് തന്നെയാകാം ചിത്രത്തിന്റെ റിലീസ് എന്ന് അനുമാനിക്കാം.
എന്നാല്‍ പരുത്തിവീരന്‍ നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയും ചിത്രത്തിന്റെ സംവിധായകന്‍ അമീറും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനാല്‍ സിനിമ പ്രദര്‍ശിപ്പിക്കുമോ എന്ന സംശയവും പ്രേക്ഷകര്‍ പ്രകടിപ്പിക്കുന്നുണ്ട്. സിനിമയുടെ നിര്‍മ്മാണ ചെലവുമായി ബന്ധപ്പെട്ട് വ്യാജ ബില്ലുകള്‍ സംവിധായകനായ അമീര്‍ സമര്‍പ്പിച്ചുവെന്നാണ് ജ്ഞാനവേല്‍ രാജ ആരോപിച്ചത്. ഇക്കാര്യം നിര്‍മ്മാതാവ് ഒരു പൊതുവേദിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അമീറിന് പിന്തുണയറിയിച്ച് സിനിമാരംഗത്ത് നിന്ന് നിരവധി പേരാണെത്തിയത്. ഇതോടെ വിഷയം നിര്‍ത്തുവാനായി കെ ഇ ജ്ഞാനവേല്‍ തന്നെ ഒരു പത്രക്കുറിപ്പിലൂടെ ക്ഷമാപണം നടത്തുകയായിരുന്നു. നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള തര്‍ക്കം ഇതുവരെ പരിഹരിക്കാത്തതിനാല്‍ റീ റിലീസിന്റെ ഭാഗമായി വീണ്ടും വിവാദം ഉണ്ടായേക്കാം എന്നാണ് പ്രതികരണങ്ങള്‍.