2019 പ്രതീക്ഷ നല്‍കുന്നത് മോഹന്‍ലാല്‍ മമ്മൂട്ടി, പൃഥ്വിരാജ് ഉള്‍പ്പടെ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ക്കാണ്. 2019 ആദ്യപകുതിയില്‍ മലയാളികള്‍ കാത്തിരിക്കുന്നത് മാമാങ്കം, ഇട്ടിമാണി മേഡ് ഇന്‍ ചൈന, പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ, ആട് ജീവിതം എന്നിവയാണ്. എന്നാല്‍ 2019ലെ ആദ്യപകുതിയില്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ചിത്രം മമ്മൂട്ടിയുടെ മാമാങ്കമാണ്. 2019ന് പിന്നാലെ 2020 വരെ വന്‍ പ്രഖ്യാപനങ്ങളാണ് മമ്മൂട്ടി മോഹന്‍ലാല്‍ അടക്കം മുന്‍നിര നായകന്മാരെ അണിനിരത്തി മലയാള സിനിമയിലൊരുങ്ങുന്നത്. അവ ഏതൊക്കെയാണെന്ന് അറിയാം
രണഭൂമിയില്‍ അടരാടാന്‍ മമ്മൂട്ടിയുടെ മാമാങ്കം
വള്ളുവനാടിന്റെ ചരിത്രം പറഞ്ഞ് സജീവ് പിള്ളയുടെ കഥയില്‍ മാമാങ്കം ഒരുങ്ങുമ്പോള്‍ ചരിത്രപുരുഷനായി മമ്മൂട്ടി എത്തുന്ന കാത്തിരിപ്പിലാണ് ആരാധകരും. എന്നാല്‍ മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയ്ക്കും പഴശ്ശി രാജയ്ക്കും ശേഷം ചരിത്രവേഷത്തില്‍ എത്തുമ്പോള്‍ തിരക്കഥ എം.ടി അല്ല എന്ന പ്രത്യേകത ചിത്രം നല്‍കുന്നു. മാമാങ്ക മഹോത്സവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം എം. പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്.
വള്ളുവനാടിന്റെ ചേകവരുടെ പകയുടെ കഥയാണ് ചിത്രമെന്നാണ് സൂചന നല്‍കുന്നത്. ചിത്രത്തിന്റെ സംവിധാനം ആദ്യം ഒരുക്കിയത് സജീവ് പിള്ള ആയിരുന്നെങ്കിലും പിന്നീട് നിര്‍മാതാവ് വേണു കുന്നപ്പള്ളിയുമായിട്ടുള്ള തര്‍ക്കം മൂലം സംവിധാനത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു.തിരുനാവായായില്‍ ഭാരതപ്പുഴയുടെ തീരത്ത് 12 വര്‍ഷം തികയുമ്പോഴാണ് മാമാങ്ക മഹോല്‍സവം അരങ്ങേറിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സിനിമയുടെ സെറ്റ് ഒരുക്കിയിരിക്കുന്നത് ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസാണ്.
കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസിയായ വ്യവസായി വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, സുദേവ് നായര്‍, തരുണ്‍ അറോറ, അനു സിതാര, കനിഹ, ഇനിയ എന്നിവരും അഭിനയിക്കുന്നുണ്ട്.
ഗാനഗന്ധര്‍വന്‍
രമേഷ് പിഷാരടി കഥയും തിരക്കഥയും സംവിധാനവും ഒരുക്കുന്ന ഗാനഗന്ധര്‍വന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ്. കൊച്ചിന്‍ കലാസദന്റെ ഗായകനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
ഇട്ടിമാണി മേഡ് ഇന്‍ ചൈന
നവാഗതര്‍ക്കൊപ്പം പരീക്ഷണവുമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. തൂവാനതുമ്പികള്‍ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ഭാഷയിലെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലൊരുങ്ങുന്ന ഇട്ടിമാണിയുടെ ഈ ആദ്യഘട്ട ചിത്രീകരണം തൃശൂര്‍ മാളയിലാണ് പുരോഗമിച്ചത്. രണ്ടാംഘട്ട ഷെഡ്യൂള്‍ ചൈനയില്‍ പുരോഗമിക്കുന്നു. ക്രിസ്തീയ രീതിയില്‍ ചട്ടയും മുണ്ടും അണിഞ്ഞ് മോഹന്‍ലാല്‍ മെഗാ മാര്‍ഗംകളി കളിക്കുന്ന ലാലിന്റെ വീഡിയോ ലീക്കായത് സോഷ്യല്‍ മീഡയ ആഘഷമാക്കിയിരുന്നു.
കഥ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പാലാണ് ആരാധകരും നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം.സുനില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ഇരുവരും.
വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോസിയേറ്റ് ആയിരുന്നു.
ജിബിയും ജോജുവും.മോഹന്‍ലാലിന്റെ ഏറെ കാത്തിരിക്കുന്ന ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹവും ബറോസും ഉണ്ടെങ്കില്‍ പോലും അവ ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തില്ലെന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാപ്പാന്‍ അടക്കം മറ്റ് പല ചിത്രങ്ങളും പ്രതീക്ഷ നല്‍കുന്നു.
പ്രതീക്ഷ നല്‍കിയ അനൗണ്‍സ്‌മെന്റുകള്‍
ശ്രികുമാര്‍ മേനോന്റെ രണ്ടാംമൂഴവും, സിദ്ദിഖ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ബിഗ്ബ്രദറും പ്രതീക്ഷ നല്‍കുമെങ്കിലും ബിഗ് ബ്രദര്‍ ഏകദേശം ട്രാക്കിലെത്തി കഴിഞ്ഞിട്ടുണ്ട്. തിരക്കഥ പ്രശ്‌നങ്ങള്‍ മൂലം രണ്ടാമൂഴം പകുതി വഴിയില്‍ നില്‍ക്കുകയും ചെയ്തു. രാജാവിന്റെ മകന്‍ രണ്ടാം ഭാഗം, ഭാരത് രത്‌ന, നായര്‍ സാന്‍ എന്നീ ചിത്രങ്ങളും പ്രതീക്ഷ നല്‍കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്.
ജപ്പാനില്‍ ബ്രട്ടീഷുകാരോട് പടനയിച്ച അയ്യപ്പന്‍പിള്ള മാധവന്‍നായര്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. യോദ്ധയ്ക്ക് ശേഷം ആയോധന കലയുടെ കഥയുമായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തില്‍ ജാക്കി ചാനും മോഹന്‍ലാലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥീരികരണം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെ ഹലോ മായാവി, ബറോസ്, എമ്പുരാന്‍, വയനാടന്‍ തമ്പാന്‍ യോദ്ധാ2 എന്നിങ്ങനെ നീളുന്നു സിനിമകള്‍.
പൃഥ്വിരാജ് നേട്ടം കൊയ്യുന്ന 2019
2019 പൃഥ്വിരാജ് നേട്ടം കൊയ്ത വര്‍ഷമാണ്. മോഹന്‍ലാല്, ടൊവിനോ, വിവേക്ഒബ്‌റോയി, ഇന്ദ്രജിത്ത് ഉള്‍പ്പടെ താരനിരകളെ അണിയിച്ചൊരുക്കി പൃഥ്വി സംവിധാനം ചെയ്ത സിനിമ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മുന്നേറി. ഇതിന് പിന്നാലെ അഭിനയത്തില്‍ അരങ്ങ് തകര്‍ക്കാന്‍ ആട് ജീവിതവും, ബ്രദേഴ്‌സ് ഡേയും, ഡ്രൈവിങ്ങ് ലൈസന്‍സുമുള്‍പ്പടെ നീളുന്നു.
വേണാട് രാജ്യത്തിത്തിന്റെ പോരാളിയായിരുന്ന മാധവ പണിക്കരുടേയും കാളിയന്റേയും കഥ പറയുന്ന ബ്രഹ്മാണ്ഡ ചിത്രം കാളിയനും അരങ്ങൊരുങ്ങുന്നുണ്ട്. ഇതിന് പിന്നാലെ കാറാച്ചി81 കുഞ്ഞാലി മരയ്ക്കാര്‍, മീറ്റര്‍ഗേജ്, ലൂയിസ് ആറാമന്‍, വേലുത്തമ്പി ധളവ, അയ്യപ്പന്‍, എമ്പുരാന്‍ എന്നിങ്ങനെ നീളുന്നു സിനിമകള്‍. ഇതില്‍ ബെന്യാമിന്റെ തിരക്കഥയിലെത്തിയ ആട് ജീവിതം സംവിധാനം ചെയ്യുന്നത് ബ്ലസിയാണ്.
മൂത്തോനായി തിളങ്ങാന്‍ നിവിന്‍ പോളി
ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി മുഖ്യവേഷത്തില്‍ എത്തുന്ന 'മൂത്തോന്‍' പ്രഖ്യാപനം മുതല്‍ തന്നെ ആകാംക്ഷയുണര്‍ത്തുന്ന ചിത്രമാണ്. പറ്റ വെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള നിവിന്റെ ഗെറ്റപ്പും ഏറെ ശ്രദ്ധ നേടി. ഇപ്പോള്‍ ലഭിക്കുന്ന വിവരമനുസരിച്ച ചില ഫാന്റസി രംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാരും മൂത്തോന്‍.
നിവിന്‍ തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗ് ഉടന്‍ ശ്രീലങ്കയില്‍ ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് പദ്ധതിയിടുന്നത്.ലക്ഷദ്വീപിലെ ജിസരി മലയാളത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തിനായി പ്രത്യേക പരിശീലനവും നിവിന്‍ നടത്തിയിട്ടുണ്ട്.
മൂത്തോന് മുന്‍പ് തന്നെ അജു വര്‍ഗീസിന്റെ സംവിധാനത്തിലെത്തുന്ന ലൗ ആക്ഷന്‍ ഡ്രാമയും എത്തുന്നുണ്ട്. നിവിന്റെ പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളില്‍ ഗൗരി, എന്‍.എന്‍ പിള്ളയുടെ ബയോ പിക്ക്, എഡിസണ്‍ ഫോട്ടോസ്, കൈരളി, പൈറേറ്റ്‌സ് ഓഫ് ഗിയാഗോ ഗാര്‍സിയ, മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, പടവെട്ട്, തുറമുഖം എന്നിവ പ്രഖ്യാപനങ്ങളായി തുടരുന്നു.