മലയാളത്തിന്റെ പ്രിയ നടിയാണ് ശോഭന. പ്രശസ്ത നടന്‍മാര്‍ക്കൊപ്പമെല്ലാം നായികയായി തിളങ്ങിയ ശോഭന എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ നിന്നും മറഞ്ഞത്. പിന്നെ താരത്തെ അധികം സിനിമകളില്‍ കണ്ടിട്ടില്ല. എങ്കിലും തന്റെ ഡാന്‍സ് അക്കാഡമിക്കും ദത്തുപുത്രിക്കുമൊപ്പമാണ് ശോഭന തന്റെ ജീവിതം നയിക്കുന്നത്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വീണ്ടും അഭിനയിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അനുയോജ്യമായിട്ടുള്ള വേഷങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യുമെന്നാണ് ശോഭന വെളിപ്പെടുത്തുന്നതും. അതോടൊപ്പം തന്നെ മഹിളരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മകളുടെ കാര്യങ്ങളില്‍ ഇടപെടുന്ന അമ്മയാണ് താനെന്നും അവളുടെ വസ്ത്രധാരണമൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും നടി വ്യക്തമാക്കുകയും ചെയ്തു.
മകളെ കുറിച്ചുള്ള ശോഭനയുടെ വാക്കുകളിങ്ങനെ...
'മകള്‍ ഉപയോഗിക്കുന്ന ഡ്രസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. അവളൊരു മോഡേണ്‍ സ്‌കൂളിലാണ് പഠിക്കുന്നത്. ഇടയ്ക്ക് മിഡി, സ്‌കേര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികള്‍ പെട്ടെന്ന് വളരുന്നു. അതുകൊണ്ട് ഞാന്‍ എപ്പോഴും അവളുടെ വളര്‍ച്ച നിരീക്ഷിച്ച് കൊണ്ടേയിരിക്കും.
എന്നാല്‍ 'വാട്‌സ് ദ ഡീല്‍ അമ്മാ.. ഒപ്പം പഠിക്കുന്ന കുട്ടികളെ കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ കാണുന്നത് അല്ലേ? ആര് ശ്രദ്ധിക്കുന്നു. നോബഡി കെയേഴ്‌സ്' എന്ന് പറയും. ശരിയാണ് അവള്‍ക്കൊപ്പം പഠിക്കുന്ന കുട്ടികള്‍ക്ക് മനസില്‍ ദുഷ്ടത്തരം ഉണ്ടാവില്ല. എന്നാല്‍ മറ്റുള്ളവര്‍ അങ്ങനെയാവില്ലല്ലോ' എന്നാണ് ശോഭന ചോദിക്കുന്നത്. അതുകൊണ്ടാണ് മകളുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ കൊടുക്കുന്നതെന്നും നടി സൂചിപ്പിച്ചു.