Latest News

18 വർഷമായി പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലാണ്; ഓണം ഓർമ്മകൾ പങ്കുവച്ച് നടി കൃഷ്ണപ്രഭ

Malayalilife
18 വർഷമായി പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലാണ്; ഓണം ഓർമ്മകൾ പങ്കുവച്ച് നടി കൃഷ്ണപ്രഭ

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് കൃഷ്ണപ്രഭ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഈ പൊന്നോണക്കാലം കോവിഡിനോടു പൊരുതി  ആഘോഷ പൂർണമാക്കുകയാണ്  മലയാളികൾ. എന്നാൽ ഇപ്പോൾ ഓണക്കാലത്തെക്കുറിച്ചും കുട്ടിക്കാലത്തെ ഓണം ഓർമകളെക്കുറിച്ചും എല്ലാം കൃഷ്ണപ്രഭ  മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലെ വാക്കുകൾ വൈറലായി മാറുകയാണ്.

കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ചോർക്കുമ്പോൾ മനസ്സിപ്പോഴും എത്തിനിൽക്കുന്നത് തൃക്കാക്കരയമ്പലമുറ്റത്താണ്. ഓണത്തിന്റെ പത്തുനാളിലും അമ്പലത്തിൽ ഉൽസവമാണ്. ഒരു മതിലിന്റെ അപ്പുറത്തുമിപ്പുറത്തുമാണ് തൃക്കാക്കരയമ്പലവും ഞങ്ങളുടെ വീടും. അതുകൊണ്ടുതന്നെ അത്തം തുടങ്ങി തിരുവോണം വരെ അമ്പലത്തിലെ തിരക്കുകളിലലിഞ്ഞങ്ങനെ നടക്കും. ആഘോഷം എന്നതിന്റെ എല്ലാ അർഥവും ഉൾക്കൊണ്ട ഓണക്കാലമായിരുന്നു അത്. എന്റെ ചെറുപ്പത്തിൽ ആ അമ്പലത്തിൽ ഏഴ് ആനകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം 11 ആനയുണ്ടായിരുന്നു. കോവിഡ് നിയന്ത്രങ്ങൾ മൂലം ഇക്കുറി അങ്ങനെ ആഘോഷങ്ങളൊന്നുമില്ലല്ലോ.

ഒരു ഓണക്കാലത്തെ അത്തം നാളിലായിരുന്നു തൃക്കാക്കര ക്ഷേത്രത്തിൽ വച്ച് എന്റെ അരങ്ങേറ്റം എന്നതും ഏറെ സന്തോഷത്തോടെ ഓർക്കുന്ന ഒരു കാര്യമാണ്. അമ്പലത്തിനു ചുറ്റുപാടുമുള്ള വീടുകളിലെ കുട്ടികളും മുതിർന്നവരുമെല്ലാം ഉത്രാടത്തിനും തിരുവോണത്തിനുമെല്ലാം സദ്യയുണ്ണുന്നതും അമ്പലത്തിൽ നിന്നാണ്.

18 വർഷമായി പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലാണ്. ഇവിടെയും ഓണാഘോഷങ്ങളുണ്ടാകാറുണ്ട്. മിക്കവാറും ഓണാവധി കഴിഞ്ഞ് കുടുംബാംഗങ്ങളൊക്കെ തിരികെ എത്തിയിട്ടാകും ഫ്ലാറ്റിലെ ഓണാഘോഷം സജീവമാകുക. ഫ്ലാറ്റിലെ കുട്ടികളൊക്കെ ചേർന്ന് വലിയ പൂക്കളമൊരുക്കിയും മൽസരങ്ങളും സദ്യയുമൊക്കെയായി ഉഷാറായി ഓണം ആഘോഷിക്കും. അപ്പോൾ അവർക്കൊപ്പം കൂടാറുണ്ട്.

ൈജനിക സ്കൂൾ ഓഫ് ആർട്സിന്റെ ആദ്യ ഓണാഘോഷം കഴിഞ്ഞ വർഷമായിരുന്നു. മറക്കാനാവാത്ത ഓണക്കാലമായിരുന്നു അത്. ഹോസ്റ്റലിലൊക്കെ നിന്നു പഠിക്കുന്ന ഒരുപാട് കുട്ടികളുണ്ടായിരുന്നു അവരെയും കൂടി ഉൾപ്പെടുത്തിവേണം ആഘോഷം എന്ന ആഗ്രഹം കൊണ്ട് കഴിഞ്ഞ വർഷം ഓഗസ്റ്റ് ഇരുപതൊക്കെയായപ്പോൾത്തന്നെ ഞങ്ങൾ ഓണം സെലിബ്രേഷൻ നടത്തി. മാവേലിയുടെ വേഷമിട്ടയാളൊക്കെയെത്തിയപ്പോൾ ചെറിയ കുട്ടികൾക്കൊക്കെ വലിയ ആവേശമായിരുന്നു. അവരുടെ മാതാപിതാക്കളും ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു. ഓണപ്പാട്ടും തിരുവാതിരകളിയുമൊക്കെയായി നല്ല ആവേശമായിരുന്നു. മൊട്ടയടിച്ച ശേഷം എന്റെ മുടിയൊക്കെ കിളിർത്തു വരുന്നതേയുണ്ടായിരുന്നു. മൊട്ടത്തലയുമായി തിരുവാതിര കളിച്ചതൊക്കെ രസകരമായ ഓർമകളാണ്. ജൈനികയിലെ ആദ്യത്തെ ഓണം, പല ബാച്ചിലുള്ള കുട്ടികളെല്ലാം ഒരുമിച്ചു കൂടുന്നതിന്റെ സന്തോഷം അങ്ങനെ എല്ലാംകൊണ്ടും ആ ഓണം എല്ലാവർക്കും നിറഞ്ഞ സന്തോഷത്തിന്റേതായിരുന്നു.

ഇൻഡസ്ട്രിയിൽ വന്നതിൽപ്പിന്നെ ഓണത്തിന്റെ 10 ദിവസവും പ്രോഗ്രാമുകൾ ഉണ്ടാകും. ഡിടിപിസിയുടെ പ്രോഗ്രാമുകളുടെ തിരക്കുമായി ഒരു ജില്ലയിൽനിന്ന് അടുത്ത ജില്ലയിലേക്കുള്ള തിരക്കുപിടിച്ച യാത്രകളുടെ ഓണക്കാലമായിരുന്നു കഴിഞ്ഞ വർഷം വരെ. ചില ടെലിവിഷൻ പരിപാടികൾ മാറ്റിനിർത്തിയാൽ പ്രോഗ്രാംസ് ഇല്ലാത്ത ആദ്യത്തെ ഓണം എന്ന് ഈ ഓണത്തെക്കുറിച്ച് പറയേണ്ടി വരും. ഇക്കുറി ഒരു ചാനലിനുവേണ്ടി  ഒരു ഓണം സ്പെഷൽ ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ട്. ഈ ഓണം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനാണ് തീരുമാനം.

ജൈനികയിലെ കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട്. തീരെച്ചെറിയ കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ് ഇതുവരെ തുടങ്ങിയിട്ടില്ല. സ്കൂൾ തുറന്നാലേ ജൈനികയിലെ പ്രവർത്തനങ്ങളൊക്കെ സജീവമാകൂ. എത്രയും വേഗം ഈ കാലവും കഴിഞ്ഞു പോകുമെന്നും എല്ലാവരുടെയും ജീവിതം വേഗം തന്നെ സാധാരണ ഗതിയിലാകുമെന്നും പ്രതീക്ഷിക്കുന്നു. ഓണംതന്നെ നന്മകൾക്കു വേണ്ടിയുള്ള പ്രതീക്ഷയാണല്ലോ

Actress krishnaprabha words about onam memories

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES