നടൻ സുരാജ് വെഞ്ഞാറമ്മൂടിനോട് ക്വാറിന്റീനിൽ കഴിയാൻ നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ്. സുരാജ് പങ്കെടുത്ത പരിപാടിയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുമായി സമ്പർക്കം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നിർദ്ദേശം ഉണ്ടായിരിക്കുന്നത്.
അതേ സമയം നേരത്തെ തന്നെ ഹോം ക്വാറന്‍റീനിൽ പോകാൻ വാമനപുരം എംഎൽ എ ഡി.കെ മുരളി, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്‍റ് സുജിത്ത് എസ്. കുറുപ്പ് തുടങ്ങിയവരോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം കീഴായിക്കോണത് നടന്ന പരിപാടിയിൽ വെഞ്ഞാറമൂട് സിഐക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, ഡി.കെ മുരളി, സുജിത്ത് എസ്. കുറുപ്പ് എന്നിവർ പങ്കെടുക്കുകയും ചെയ്‌തിരുന്നു.
സുരാജിന്റെ തന്നെ സ്വന്തം വസ്തുവിലെ കപ്പകൃഷി ഉദ്ഘാടനാവുമായി ബദ്ധപ്പെട്ടായിരുന്നു പരിപാടി നടന്നിരുന്നത്. തിരുവനന്തപുരം നഗരസഭ തുടങ്ങിയ കപ്പ കൃഷി പദ്ധതിയുടെ ഭാഗമായായി കരകയറാൻ പാവങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ചടങ്ങ് നടത്തിയിരുന്നത്. തങ്ങളുടെ ഏക്കർ കണക്കിന് ഭൂമി, കൃഷി ചെയ്യാനായി സംവിധായകൻ തുളസിദാസും സുരാജ് വെഞ്ഞാറമൂടും വിട്ട് നൽകിയിരുന്നു.
എന്നാൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ 20 പൊലീസുകാരെ റിമാൻഡ് പ്രതിക്ക് കോവിഡ‍് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിലാക്കുകയും ചെയ്‌തു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥരും വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐയും ഇപ്പോൾ നിരീക്ഷണത്തിൽ തുടരുകയാണ്. ജയിലിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രോഗം സ്ഥിരീകരിച്ച റിമാൻഡ് പ്രതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.