രജിനികാന്ത്-ലോകേഷ് കനകരാജ് ചിത്രമായ കൂലിയിലെ 'മോണിക്ക' പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. പൂജ ഹെഗ്‌ഡെയോടൊപ്പം മലയാളി താരം സൗബിന്‍ ഷാഹിറും ആടിത്തകര്‍ത്ത ഗാനരംഗം ഇന്‍സ്റ്റഗ്രാമില്‍ അനവധി റീല്‍സുകളിലൂടെ വൈറലായി. ഈ പാട്ട് പ്രശസ്ത ഇറ്റാലിയന്‍ നടി മോണിക്ക ബെല്ലൂച്ചിയ്ക്കുള്ള ട്രിബ്യൂട്ടാണെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍, ഗാനം സ്വയം മോണിക്ക ബെല്ലൂച്ചിക്ക് ഇഷ്ടമായെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്.
ഫിലിം വിമര്‍ശക അനുപമ ചോപ്രയാണ് വിവരം വെളിപ്പെടുത്തിയത്. ''മാരക്കേഷ് ഫിലിം ഫെസ്റ്റിവല്‍ ഹെഡ് മെലിറ്റ ടോസ്‌കാനയ്ക്ക് പാട്ടിന്റെ ലിങ്ക് അയച്ചിരുന്നു. അവര്‍ക്കും മോണിക്ക ബെല്ലൂച്ചിയ്ക്കുമൊത്ത് നല്ല ബന്ധമുണ്ട്. മോണിക്ക പാട്ട് കണ്ടു, ഇഷ്ടപ്പെട്ടു എന്ന മറുപടി ലഭിച്ചു,'' അനുപമ പറഞ്ഞു. വാര്‍ത്ത കേട്ട പൂജ ഹെഗ്‌ഡെ അതിയായ സന്തോഷം പ്രകടിപ്പിച്ചു. ''മോണിക്ക ബെല്ലൂച്ചി എനിക്ക് വളരെ ഇഷ്ടമുള്ള നടിയാണ്. അവര്‍ക്കു പാട്ട് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞത് വലിയ അഭിമാനമാണ്,'' അവര്‍ പറഞ്ഞു.
ലോകപ്രശസ്ത ഇറ്റാലിയന്‍ നടിയായ മോണിക്ക ബെല്ലൂച്ചി ഹോളിവുഡ്, ഫ്രഞ്ച് അടക്കമുള്ള നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മലീന (2000) എന്ന ചിത്രമാണ് അവരെ ആഗോള ശ്രദ്ധയിലേക്ക് ഉയര്‍ത്തിയത്.