പ്രളയത്തില്‍ തകര്‍ന്നത് പ്രതീക്ഷയോടെ കാത്തിരുന്ന ഓണക്കാലവുമാണ്. ഓണം, ബക്രീദ് ദിനങ്ങളില്‍ റിലീസ് ചെയ്യാനിരുന്ന അഞ്ച് മലയാള ചിത്രങ്ങള്‍ പ്രളയക്കെടുതി മൂലം അടുത്ത റിലീസിംഗ് തീയതി പ്രഖ്യാപിക്കാതെ മാറ്റിവച്ചിരിക്കുകയാണ്.പുതിയ റിലീസുകളില്ലാത്തത് തിയറ്റര്‍ ഉടമകളെ കാര്യമായി ബാധിക്കുമെന്നതിനാല്‍ മലയാള ചിത്രങ്ങള്‍ക്ക് പകരം അന്യഭാഷ ചിത്രങ്ങള്‍ റിലീസ് ചെയ്ത് നിലവിലെ പ്രതിസന്ധി പരിഹരിക്കുകയാണ് തിയറ്റര്‍ ഉടമകള്‍.
കായംകുളം കൊച്ചുണ്ണി, പടയോട്ടം, കുട്ടനാടന്‍ ബ്ലോഗ്,വരത്തന്‍, തീവണ്ടി തുടങ്ങിയ ചിത്രങ്ങളാണ് ഓണം റിലീസിനായി തയ്യാറായിരുന്നത്. പ്രളയത്തിന് പിന്നാലെ പുതിയ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തുന്നതിലൂടെ ചിത്രങ്ങള്‍ക്ക് കാര്യമായ നേട്ടങ്ങളൊന്നും തന്നെ കൈവരിക്കാന്‍ സാധിക്കില്ല എന്നുള്ള വിലയിരുത്തലാണ് ഓണചിത്രങ്ങളുടെ റിലീസ് നീട്ടിവയ്ക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. മറ്റ് ചിത്രങ്ങളുടെ റിലീസും ഉനെ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, രണ്ട് തമിഴ് ചിത്രങ്ങളടക്കം നാല് ചിത്രങ്ങളാണ് ഓണം റിലീസുകളായി വെള്ളിയാഴ്ച തിയറ്ററിലെത്തുക. തമിഴ്നാട്ടില്‍ ഗംഭീര വിജയം നേടിയ നയന്‍താര ചിത്രം കോലമാവ് കോകിലയാണ് ശ്രദ്ധേയമായ ചിത്രം. പ്രഭുദേവ ഡാന്‍സ് മാസ്റ്ററായി എത്തുന്ന എഎല്‍ വിജയ് ചിത്രം ലക്ഷ്മി ആണ് മറ്റൊരു തമിഴ് ചിത്രം. ലക്ഷ്മി വെള്ളിയാഴ്ച ഇന്ത്യ മുഴുവന്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. സോനാക്ഷി സിന്‍ഹ കേന്ദ്രകഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രം ഹാപ്പി ഫിര്‍ ഭാഗ് ജായേഗി, ഹോളിവുഡ് ചിത്രം അല്‍ഫ എന്നിവയാണ് കേരളത്തില്‍ ഓണക്കാലത്തെത്തുന്ന മറ്റ് ചിത്രങ്ങള്‍. പ്രളയക്കെടുതിക്ക് ശേഷം കേരളത്തിലെ തിയറ്ററുകളില്‍ ആദ്യമെത്തുന്ന ചിത്രങ്ങളാണ് ഇവ.