ഒരു നടിയാണെങ്കിലും അതിന്റെ യാതൊരു ഭാവവും ഇല്ലാതെ സാധാരണക്കാരിയായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ് നടി നിഖിലാ വിമല്‍. പലപ്പോഴും ആരാധകര്‍ക്കത് വീഡിയോകളിലൂടെ മനസിലാവുകയും ചെയ്തിട്ടുണ്ടാകും. ഷൂട്ടിംഗ് സെറ്റുകളിലും മറ്റും മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന നടി മറ്റുള്ളവരുടെ വേദനകള്‍ക്കും സങ്കടങ്ങള്‍ക്കും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം മാത്രമല്ലാതെ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അങ്ങനെയുള്ള നടിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശങ്ങളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന സംഘത്തിന്റെ മുന്‍നിരയില്‍ നടി നിഖിലയും ഉണ്ട്. നടിയുടെ നാടായ കണ്ണൂര്‍ തളിപ്പറമ്പിലെ കളക്ഷന്‍ പ്രദേശത്ത് സാധനങ്ങളുമായി എത്തിയ നടി പിന്നീട് അവരില്‍ ഒരാളായി തന്നെ നില്‍ക്കുകയായിരുന്നു. കൊണ്ടുവരുന്ന സാധനങ്ങള്‍ കൃത്യമായി തരംതിരിച്ച് വെക്കുവാനും കൃത്യമായ കണക്കുകള്‍ എടുത്ത് വയനാട്ടിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കാനും പ്രവര്‍ത്തിക്കുന്ന സംഘത്തിനൊപ്പം നടിയു പങ്കുചേരുകയായിരുന്നു. അര്‍ദ്ധരാത്രിയിലും ഈ പ്രവര്‍ത്തകര്‍ക്കൊപ്പം നടിയും സജീവമായിരുന്നു. മാത്രമല്ല, ഇനിയും സാധനങ്ങള്‍ ആവശ്യമുണ്ടെന്നും ഡ്രൈ ആയിട്ടുള്ള ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ആവശ്യമുള്ളതിനാല്‍ അതിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രാധന്യം ഇത്തരം സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ നല്‍കുന്നത്.
അതേസമയം, നിഖിലാ വിമല്‍ മാത്രമല്ല, നടന്‍ ബേസില്‍ ജോസഫും ടൊവിനോ തോമസും എല്ലാം ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ദുരന്തത്തില്‍ പെട്ട് പകച്ചു നില്‍ക്കുന്നവര്‍ക്ക് ചെറു കൈ സഹായമെങ്കിലും നല്‍കാന്‍ ഒപ്പം നില്‍ക്കണമെന്നാണ് നിഖില അടക്കമുള്ള താരങ്ങളെല്ലാം അഭ്യര്‍ത്ഥിക്കുന്നത്. സര്‍വ്വ സമ്പാദ്യങ്ങളും പ്രിയപ്പെട്ടവരും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഒപ്പം നില്‍ക്കുവാന്‍ എല്ലാവരും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ഇവരുടെ സഹായങ്ങള്‍ എത്തുന്നത്.
കുടിവെള്ളം, ബിസ്‌ക്കറ്റ്, ബ്രഡ് പോലുള്ള ഭക്ഷണസാമഗ്രികള്‍, സാനിറ്ററി നാപ്കിനുകള്‍, ഡയപ്പറുകള്‍, വസ്ത്രങ്ങള്‍, പുതപ്പ് അടക്കമുള്ള വസ്തുക്കളാണ് ഇവര്‍ ശേഖരിച്ച് ക്യാമ്പുകളിലെത്തിക്കുന്നത്. എസ്.എഫ്.ആ, കെഎസ്.യു അടക്കമുള്ളമുള്ള വിദ്യാര്‍ത്ഥി യുവജന സംഘടനകളാണ് ജില്ലാ, മണ്ഡല അടിസ്ഥാനത്തില്‍ അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നത്. മാത്രമല്ല, ക്യാമ്പസുകളില്‍ നിന്നും ക്യാമ്പുകളിലേക്ക് എന്ന പേരില്‍ ക്യാമ്പയിനുകളും വിദ്യാര്‍ത്ഥി സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഉരുള്‍പൊട്ടല്‍ കവര്‍ന്ന വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.